വനിതാ മതിൽ ഭരണഘടനയെ മാനിക്കുന്ന എല്ലാ പൗരന്മാർക്കും വേണ്ടിയാണെന്നു രുക്മിണി സാഗർ; സ്ത്രീ വിവേചനത്തിനെതിരെ പൊതു മണ്ഡലത്തിൽ തിളയ്ക്കുന്ന പ്രതിഷേധത്തിന്റെ പ്രതീകമാണെന്ന് മാനസി

മുംബൈ : കേരളത്തിൽഇന്ന് നടക്കുന്ന വനിതാമതിലിനു ഐകദാർഢ്യ മറിയിച്ചുകൊണ്ട മുംബൈയിൽ സംഘടിപ്പിക്കുന്ന വനിതാ ചങ്ങല ഇന്ന് വൈകുന്നേരം 5 മണിക്ക് ദാദർ ചൈത്യഭൂമിയിൽ നടക്കും.

ഭരണഘടനാ ശില്പിയായ ഡോ. ബാബാസാഹിബ് അംബേദ്കറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ദാദർ വെസ്റ്റിലെ ചൈത്യഭൂമിയിലെ അശോക സ്തംഭത്തിനടുത്തു നിന്ന് എസ്.വി.എസ് റോഡിലേക്കും അവിടെ നിന്ന് ഫൂട്പാത്തിലൂടെ ശിവാജി പാർക്കിന്റെ ദിശയിൽ വനിതാ ചങ്ങല നീളും.

മലയാളികളും ഇതരഭാഷക്കാരും ചേർന്ന് രൂപീകരിച്ച “Women wall Solidarity Froum”ത്തിന്റെ നേതൃത്വത്തിലാണ് വനിതാ ചങ്ങല സംഘടിപ്പിക്കുന്നത്.

പ്രസിദ്ധ മറാത്തി എഴുത്തുകാരി പ്രജ്ഞാ ദയാ പവാർ ചെയർപേഴ്സനായ കമ്മറ്റിയുടെ കൺവീനർ മുംബൈയിലെ മുതിർന്ന മലയാളി സാമൂഹ്യ പ്രവർത്തക രുക്മിണി സാഗറാണ്.

ഐ.ഐ.ടി. മുംബൈ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, മുംബൈ സർവകലാ ശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും വനിതാ ചങ്ങലയിൽ പങ്കാളികളാകും.

കേരളത്തിലെന്ന പോലെ മുംബൈയിലും മലയാളി സമൂഹത്തിനു നഷ്ടമാകുന്ന നവോത്ഥാന മൂല്യങ്ങൾ തിരിച്ചു പിടിക്കാൻ സ്ത്രീകളുടെ ആത്മാഭിമാന പ്രസ്ഥാനത്തിന് തുടക്കം കുറിക്കാൻ വനിതാ ചങ്ങലയിലൂടെ സാധിക്കുമെന്ന്‌ കൺവീനർ രുക്മിണി സാഗർ പറഞ്ഞു.

സ്ത്രീകൾ അശുദ്ധരല്ല, അധമരുമല്ല എന്ന മുദ്രാവാക്യവുമായാണ് മുംബൈയിലെ ഐക്യദാർഢ്യ പരിപാടി നടക്കുക. വനിതാ മതിൽ സംഘടിപ്പിക്കുന്നതിലൂടെ കേരളത്തിലെ സ്ത്രീകൾ മുന്നോട്ട് വെക്കുന്നത് കേവലം കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ഭരണഘടനയെ മാനിക്കുന്ന ഈ രാജ്യത്തെ എല്ലാ പൗരന്മാരുടെയും പ്രശ്നമാണെന്നും ഐക്യദാർഢ്യ പരിപാടിയുടെ സംഘാടകർ പറഞ്ഞു.

ജാതിയുന്മൂലനത്തിനും സ്ത്രീപുരുഷ തുല്യതക്കും വേണ്ടി പോരടിച്ച മഹാത്മാ ജ്യോതിറാവു ഫുലെ, സാവിത്രിബായ് ഫുലെ , താരാ ബായ് ഷിൻഡെ, പണ്ഡിത രമാബായ് , ഡോ.ബാബാ സാഹിബ് അംബേദ്കർ തുടങ്ങിയ നിരവധി വിപ്ലവകാരികളുടെ മണ്ണാണ് മഹാരാഷ്ട്ര.

മഹാരാഷ്ട്രയുടെയും കേരളത്തിന്റെയും ഉജ്ജ്വല പാരമ്പര്യം ഉയർത്തിപ്പിടിക്കാനും ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിനുമേൽ ഒരു കടന്നുകയറ്റവും അനുവദിച്ചു കൊടുക്കില്ലെന്ന ഉറച്ച സന്ദേശം നൽകാനുമാണ് ജനുവരി ഒന്നിലെ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കമ്മറ്റിയുടെ കൺവീനർ രുക്മിണി സാഗർ പറഞ്ഞു.

കാലാകാലങ്ങളായി സ്ത്രീകൾക്ക് നിരന്തരം നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലിംഗനീതിയെ പൊതുബോധത്തിലേക്കു വീണ്ടും വീണ്ടും കൊണ്ടുവരിക എന്നത് നീതിയിൽ വിശ്വസിക്കുന്ന ഓരോരുത്തരുടയും ഉത്തരവാദിത്തവും കടമയുമാണെന്ന് പ്രശസ്ത എഴുത്തുകാരി മാനസി വ്യക്തമാക്കി .

കേരളം കാലങ്ങളായി മുന്നോട്ട് വയ്ക്കുന്ന സമത്വത്തിന്റെ ആശയ മണ്ഡലത്തെ കാക്കുക എന്നത് കേരളിയരുടെ മാത്രമല്ല തുല്യതയുടെ റിപ്പബ്ലിക്കിനെ സ്വപനം കാണുന്ന ഓരോ ഇന്ത്യക്കാരന്റെയും ചുമതലയാണെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഗവേഷകയായ ഭവ്യ അഭിപ്രായപ്പെട്ടു.

നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിക്കുക എന്നതാണ് ലക്‌ഷ്യം വക്കുന്നതെന്നും സമാനതകൾ വാക്കുകളിലൊതുക്കാതെ പ്രവർത്തിപഥത്തിലെത്തിക്കാൻ പണിയുന്ന വനിതാ മതിലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുംബൈയിലെ ലോക കേരള സഭാംഗം ബിന്ദു ജയൻ പറഞ്ഞു.

കേരള നവോത്ഥാനത്തിൽ സമത്വധിഷ്ഠിത ദൈവശാസ്ത്രങ്ങൾ വികിസിപ്പിച്ചവരും നിരീശ്വരവാദപരമായ ലോകവീക്ഷണം സ്വീകരിച്ചവരും എല്ലാം ഉണ്ടായിരുന്നു.

ഈ വിചാരധാരകളെല്ലാം ഒരുപോലെ ജാതിനിർമൂലനത്തിന്റെയും ലിംഗസമത്വത്തിന്റെയും വിഷയങ്ങൾ അതിശക്തമായി മുന്നോട്ട് വെച്ചവയാണെന്നും ആ പാരമ്പര്യത്തെ നിലനിർത്തേണ്ടതുണ്ടെന്നും മുംബൈയിലെ സംഘാടകർ പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നു.

ഡോ. അംബേദ്കറിന്റെ ശവകുടീരത്തിൽ അദ്ദേഹത്തിന്റെ അർധകായ പ്രതിമയിൽ സംഘാടകസമിതി നേതാക്കൾ ഹാരമണിയിച്ച ശേഷമായിരിക്കും വനിതാ ചങ്ങല ആരംഭിക്കുക. വനിതാ ചങ്ങലയുടെ ആദ്യ കണ്ണിയാകും.

സുഷമ പണ്ഡിറ്റ്, മാനസി, വന്ദന ഷിൻഡെ, ഡോ. കുന്ദ പി.എൻ, സോണിയ ഗിൽ, സ്മിത പുനിയാനി, സുഗന്ധി ഫ്രാൻസിസ്, തേജൽ കത്കർ, ആർദ്ര സുരേന്ദ്രൻ, ആർമൈറ്റി ഇറാനി, രേഖ ദേശ്പാണ്ഡെ തുടങ്ങിയ നിരവധി പ്രമുഖ എഴുത്തുകാരും സംഘടനാ നേതാക്കളും, അധ്യാപകരും, കലാകാരികളും വനിതാ ചങ്ങലയിൽ അണിനിരക്കുമെന്നു കൺവീനർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News