
രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ പഞ്ചാബിന് സമ്പൂര്‍ണ വിജയം. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കേരളത്തെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു.
സ്‌കോര്‍ കേരളം ഒന്നാം ഇന്നിങ്ങ്‌സില്‍ 121, രണ്ടാം ഇന്നിങ്ങ്‌സില്‍ 223 റണ്‍സിന് പുറത്ത്, പഞ്ചാബ് 217, രണ്ടാം ഇന്നിങ്ങ്‌സില്‍ വിക്കറ്റ് നഷ്ടം കൂടാതെ 131 റണ്‍സ്. മത്സരത്തില്‍ നിന്ന് പഞ്ചാബിന് 7 പോയിന്റ് ലഭിച്ചു. കേരളത്തിന് പൊയിന്റൊന്നുമില്ല.
127 റണ്‍സ് വിയജയക്ഷ്യവുമായി രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിങ്ങ് ആരംഭിച്ച പഞ്ചാബ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയം അടിച്ചെടുക്കുകയായിരുന്നു.
ഏകദിന ശൈലിയില്‍ ബാറ്റ് വീശി 73 പന്തില്‍ 69 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് പഞ്ചാബിന്റെ വിജയം വേഗത്തിലാക്കിയത്. സഹഓപ്പണര്‍ ജിവാന്‍ജ്യോത് 48 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയ 97 റണ്‍സിന്റെ ലീഡാണ് പഞ്ചാബിന്റെ ജയം അനായാസമാക്കിയത്. നേരത്തെ 168 പന്തില്‍ നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്സുമടക്കം 112 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തെ രണ്ടാം ഇന്നിങ്ങ്‌സില്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
മൂന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 135-ല്‍ എത്തിയപ്പോള്‍ തന്നെ നായകന്‍ സച്ചിന്‍ ബേബിയെ (16) നഷ്ടമായി. മന്‍പ്രീത് സിങ്ങിന്റെ പന്തില്‍ സച്ചിന്റെ കുറ്റി തെറിക്കുകയായിരുന്നു.
പിന്നാലെ വിഷ്ണു വിനോദിനൊപ്പം (36) ചേര്‍ന്ന് അസ്ഹര്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്‌കോര്‍ 190-ല്‍ എത്തിയപ്പോള്‍ അസ്ഹറിനെയും ബാല്‍തേജ് സിങ് മടക്കി.
പിന്നാലെയെത്തിയ കേരളത്തിന്റെ വിശ്വസ്തനായ ബാറ്റ്സ്മാന്‍ ജലജ് സക്സേനയ്ക്ക് മൂന്നു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സക്‌സേന കൂടി മടങ്ങിയതോടെ ആദ്യ ഇന്നിങ്ങ്‌സിന്റെ തനിയാവര്‍ത്തനമായിരുന്നു കേരളത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സും.
ഈ വിജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തിനും പഞ്ചാബിനും 20 പോയിന്റ് വീതമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here