വനിതാ മതില്‍ വന്‍വിജയമാക്കിയ കേരളത്തിലെ സ്ത്രീ സമൂഹത്തെയാകെ അഭിവാദ്യം ചെയ്ത് കോടിയേരി ബാലകൃഷ്ണന്‍

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീകള്‍ക്കെതിരായ കടന്നാക്രമങ്ങളെ ചെറുക്കുന്നതിനും സംഘടിപ്പിച്ച വനിതാമതില്‍ വന്‍വിജയമാക്കിയ കേരളത്തിലെ സ്ത്രീ സമൂഹത്തെയാകെ അഭിവാദ്യം ചെയ്ത് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വനിതാ മതില്‍ എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ മുതല്‍ അതിനെ പൊളിക്കാന്‍ തുടര്‍ച്ചയായി നടത്തിയ എല്ലാ നുണപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞാണ് കേരളത്തിലെ സ്ത്രീകള്‍ മതിലിന്റെ ഭാഗമായത്.

55 ലക്ഷത്തിലേറെ സ്ത്രീകള്‍ മതിലില്‍ പങ്കാളികളായി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും എത്രയോ വലിയ പങ്കാളിത്തമുണ്ടായെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. ഏതാണ്ട് അത്രതന്നെ പുരുഷന്‍മാരും പരിപാടിയുടെ ഭാഗമായി.

സാമൂഹ്യ, സാംസ്‌കാരിക, കലാ, സിനിമാ മേഖലകളിലെ പ്രശസ്തരായവര്‍ തൊട്ട് നവോത്ഥാന സംഘടനകളുടെ പ്രവര്‍ത്തകരും ന്യൂനപക്ഷ ജനസാമാന്യവും വനിതാമതിലിന്റെ ഭാഗമായി.

കേരള ജനതയുടെ പരിഛേദമായി മാറിയ മതില്‍ മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രഖ്യാപനം കൂടിയാവുകയായിരുന്നു.

വനിതാ മതില്‍ വന്‍വിജയമായപ്പോഴാണ് ആര്‍എസ്എസുകാര്‍ പരക്കെ അക്രമം അഴിച്ചുവിട്ടത്. കാസര്‍കോട് ജില്ലയിലെ ചേറ്റുകുണ്ടിലും കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി തലായിലുമാണ് മതിലിന്റെ ഭാഗമായ സ്ത്രീകളെ ആര്‍എസ്എസുകാര്‍ അക്രമിച്ചത്.

ജനാധിപത്യത്തിനും മതേനിരപേക്ഷതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒരു വിലയും കല്‍പിക്കാത്ത സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് ഈ അക്രമത്തിലൂടെയും തുറന്നുകാട്ടപ്പെട്ടത്.

നിരായുധരായ സ്ത്രീകള്‍ക്ക് നേരെ ബോംബും മാരകായുധങ്ങളും ഉപയോഗിച്ച് നടത്തിയ ഈ അക്രമങ്ങളിലൂടെ ഇവരുടെ തനിനിറമാണ് ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെട്ടത്.

എല്ലാ വിധ നുണകളും തകര്‍ന്നടിഞ്ഞപ്പോഴാണ് സംഘപരിവാര്‍ അക്രമത്തിന്റെ പാത സ്വീകരിച്ചത്. ഈ അക്രമങ്ങളെയും നുണപ്രചാരണങ്ങളെയും ചെറുത്ത് തോല്‍പിച്ച് ചരിത്രത്തിന്റെ ഭാഗമായ മുഴുവന്‍ ആളുകളെയും അഭിവാദ്യം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News