മന്നത്ത് പത്മനാഭൻ കേരളീയ നവോത്ഥാനത്തിൽ നടത്തിയ ഗുണപരമായ ഇടപെടലുകളെ മുന്നോട്ടുകൊണ്ടുപോകണം; അതാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്; എൻഎസ്എസ്സിനോട് കോടിയേരി

മന്നത്ത് പത്മനാഭൻ കേരളീയ നവോത്ഥാനത്തിൽ നടത്തിയ ഗുണപരമായ ഇടപെടലുകളെ മുന്നോട്ടുകൊണ്ടുപോകണം. അതാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ചെയ്യേണ്ടതെന്നും എൻഎസ്എസ്സിനോട് കോടിയേരി.

മന്നം ജയന്തിയാഘോഷവേളയിലാണ് പരാമർശം. രാഷ്ട്രീയ നിലപാടുകളിൽ പോരായ്മകൾ സംഭവിച്ചെങ്കിലും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു  മന്നത്ത് പത്മനാഭന്റേതെന്നും ദേശാഭിമാനിയിലെ‍ഴുതിയ അനുസ്മരണലേഖനത്തിൽ സിപിഐ (എം) സംസ്ഥാനസെക്രട്ടറി വിലയിരുത്തി.

ലേഖനത്തിന്റെ പൂർണ്ണരൂപം:

കേരളത്തിന്റെ നവോത്ഥാനത്തെ സംബന്ധിച്ച ചർച്ചകൾ ഏറെ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. ഓരോ പ്രസ്ഥാനവും വ്യക്തികളും അതിൽ വഹിച്ച പങ്ക് വിശദമായി വിലയിരുത്തലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആ ഘട്ടത്തിലാണ് മന്നത്ത് പത്മനാഭന്റെ ജന്മദിനം ഇന്ന് ആചരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണ ചരിത്രത്തിൽ സവിശേഷമായ സ്ഥാനം മന്നത്ത് പത്മനാഭനുണ്ട്.

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾ വ്യക്തികളിൽനിന്ന് ആരംഭിക്കുകയും പിന്നീട് അത് മഹാ പ്രസ്ഥാനമായി മാറുകയുമാണ് ചെയ്തത്. മിഷണറിമാരുടെ പ്രവർത്തനങ്ങളും ഇത്തരം മുന്നേറ്റത്തിന് വഴിമരുന്നിട്ടിട്ടുണ്ട്. അയ്യാ വൈകുണ്ഠനെയും ആറാട്ട്പുഴ വേലായുധപ്പണിക്കരെയും പോലെയുള്ളവരെ നവോത്ഥാനത്തിന്റെ ആദ്യ പഥികരെന്ന് പൊതുവിൽ വിശേഷിപ്പിക്കപ്പെടാറുണ്ട്.

നവോത്ഥാന ചിന്തകൾ പിന്നീട് വിപുലപ്പെടുന്നത് ചട്ടമ്പിസ്വാമികളിലാണ്. ജാതീയതയ്ക്കും ബ്രാഹ്മണാധിപത്യത്തിനും എതിരായി നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് ചട്ടമ്പിസ്വാമികൾ കേരളീയ നവോത്ഥാനത്തിന് സവിശേഷമായ സംഭാവന നൽകിയത്.

വേദങ്ങളും ഉപനിഷത്തുക്കളും ബ്രാഹ്മണരുടെ കുത്തകയായിരുന്ന കാലത്ത് അതിന് മാറ്റംവരുത്താനുള്ള പ്രവർത്തനം നടത്തി എന്നതാണ് ചട്ടമ്പിസ്വാമികളുടെ പ്രാധാന്യം. കേരളീയ നവോത്ഥാന മുന്നേറ്റത്തിന് അടിത്തറ ഒരുക്കുന്ന ചിന്താഗതികളായിരുന്നു ഇവയെന്ന് കാണാം.

നവോത്ഥാന ചിന്തകൾ പ്രചരിപ്പിച്ചു
നവോത്ഥാന മുന്നേറ്റങ്ങൾ കേരളത്തെയാകമാനം വ്യാപിക്കുന്ന ഒന്നായി മാറുന്നത് ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശനത്തോടെയാണ്. അരുവിപ്പുറം പ്രതിഷ്ഠയും സർവമത സമ്മേളനവും ശിവഗിരി തീർഥാടനവുമെല്ലാം ഈ ദിശയിലുള്ള ശക്തമായ ചുവടുവയ്പ്പുകളായിരുന്നു. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാനത്തിന്റെ പതാകവാഹകനായി ശ്രീനാരായണ ഗുരുവിനെ നാം കാണുന്നത്. സാധുജന പരിപാലന സംഘം രൂപീകരിച്ച് നവോത്ഥാന ചിന്തകൾക്ക് പുതിയ ദിശാബോധം നൽകുകയായിരുന്നു അയ്യൻകാളി. കർഷക–തൊഴിലാളി സമരത്തെ പോലും നവോത്ഥാനപരമായ മുന്നേറ്റങ്ങൾക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്.

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ അവർണർ എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളിൽനിന്നാണ് നവോത്ഥാന ചിന്തകൾ വളർന്ന് വികസിച്ച് മഹാ പ്രസ്ഥാനങ്ങളായി വളർന്നുവന്നത് എന്ന് കാണാം. ആ മാറ്റങ്ങൾ സവർണർ എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളിലും വലിയ ചലനങ്ങൾക്ക് ഇടയാവുകയും ചെയ്തു.

ന്യൂനപക്ഷ വിഭാഗങ്ങളിലും ഇത് മാറ്റങ്ങൾ വരുത്തി. അങ്ങനെ നവോത്ഥാനമെന്നത് കേരളീയ ജീവിതത്തെ സമഗ്രമായി സ്പർശിച്ച ഒന്ന് എന്ന നിലയിലാണ് നാം കാണേണ്ടത്. ഫലത്തിൽ ഇവയെല്ലാം ജന്മിത്വത്തിന്റെ ഭാഗമായി വികസിച്ചുവന്ന ജാതീയമായ അടിച്ചമർത്തലുകളെയും അത് മുന്നോട്ടുവച്ച ആചാരക്രമങ്ങളെയും ചോദ്യംചെയ്യുന്ന തരത്തിലേക്ക് വികസിക്കുകയാണ് ഉണ്ടായത്. വിദ്യാഭ്യാസത്തിന്റെ വളർച്ചയിലൂടെ മാത്രമേ ആധുനിക ലോകത്ത് മുന്നോട്ടുപോകാനാവൂ എന്ന സന്ദേശവും ഇത് മുന്നോട്ടുവച്ചു.

“കൂട്ടുകുടുംബ വ്യവസ്ഥയിൽ മരുമക്കത്തായം അവസാനിപ്പിക്കുക, മക്കത്തായവും ആളോഹരി ഭാഗവും നടപ്പാക്കുക, താലികെട്ട്, തെരണ്ടുകുളി, പുളികുടി മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തിയിരുന്ന ആർഭാടസമന്വിതങ്ങളും അമിത വ്യയഹേതുക്കളുമായ ആഘോഷങ്ങൾക്ക് വിരാമമിടുക, പടേനി, ഗുരുഡൻതൂക്കം തുടങ്ങിയ ക്ഷേത്രോത്സവ പരിപാടികൾ നിർത്തലാക്കുക എന്നിങ്ങനെ സമുദായ സംരക്ഷണപരങ്ങളും സാമൂഹ്യപരിഷ്കരണ സംബന്ധികളുമായ യത്നങ്ങളിൽ മന്നം സജീവമായി ഏർപ്പെട്ടു.’

കേരളത്തിൽ വളർന്നുവികസിച്ച നവോത്ഥാന ചിന്തകളെ നായർ വിഭാഗങ്ങൾക്കിടയിൽ സജീവമായി പ്രചരിപ്പിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭൻ രംഗപ്രവേശം ചെയ്യുന്നത്. നായർ സമൂഹത്തിനകത്ത് അന്ന് നിലനിന്ന തെറ്റായ ഏതെല്ലാം സമ്പ്രദായങ്ങളെയും രീതികളെയുമാണ് മന്നത്ത് പത്മനാഭൻ എതിർത്തതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ എൻഎസ്എസ് പ്രസിദ്ധീകരിച്ച “മന്നത്ത് പത്മനാഭൻ കർമയോഗിയായ കുലപതി’ എന്ന പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്.

“കൂട്ടുകുടുംബ വ്യവസ്ഥയിൽ മരുമക്കത്തായം അവസാനിപ്പിക്കുക, മക്കത്തായവും ആളോഹരി ഭാഗവും നടപ്പാക്കുക, താലികെട്ട്, തെരണ്ടുകുളി, പുളികുടി മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തിയിരുന്ന ആർഭാടസമന്വിതങ്ങളും അമിത വ്യയഹേതുക്കളുമായ ആഘോഷങ്ങൾക്ക് വിരാമമിടുക, പടേനി, ഗുരുഡൻതൂക്കം തുടങ്ങിയ ക്ഷേത്രോത്സവ പരിപാടികൾ നിർത്തലാക്കുക എന്നിങ്ങനെ സമുദായ സംരക്ഷണപരങ്ങളും സാമൂഹ്യപരിഷ്കരണ സംബന്ധികളുമായ യത്നങ്ങളിൽ മന്നം സജീവമായി ഏർപ്പെട്ടു.’ (പേജ് ‐86)

ഇത് കാണിക്കുന്നത് നായർ സമുദായത്തിനകത്ത് അക്കാലത്ത് നിലനിന്ന ദായക്രമങ്ങളെയും ആചാര സമ്പ്രദായങ്ങൾക്കെതിരെയും മന്നത്ത് പത്മനാഭൻ പ്രവർത്തിച്ചിരുന്നു എന്നാണ്. അതോടൊപ്പംതന്നെ ആർഭാടരഹിതമായ തരത്തിൽ ആഘോഷങ്ങൾ നടത്തണമെന്നും അദ്ദേഹം നിഷ്കർഷിച്ചു. ക്ഷേത്രങ്ങളിൽ നിലനിൽക്കുന്നതും തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നിയതുമായ ഉത്സവരീതികളെപ്പോലും എതിർത്തുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആചാരങ്ങൾ മാറ്റാൻ പറ്റാത്തതാണെന്ന നിലപാടായിരുന്നില്ല മന്നത്ത് പത്മനാഭന്റേത് എന്നർഥം. മനുഷ്യന്റെ ജീവിതത്തെ ഗുണപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായി നിൽക്കുന്നവയെ മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട് എന്ന് വ്യക്തം. ഈ നിലപാടും അതിനായുള്ള ഇടപെടലുമാണ് സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിൽ മന്നത്ത് പത്മനാഭന് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ സ്ഥാനം നേടാനായത്.

നമ്പൂതിരിമാർ നായർ സ്ത്രീകളെ വിവാഹം ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്ന സംബന്ധം സമ്പ്രദായത്തിനെതിരെയും ശക്തമായ നിലപാട് അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. എൻഎസ്എസ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇത് സംബന്ധിച്ച് ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. “നമ്പൂതിരിമാരുമായി വിവാഹ ബന്ധമുണ്ടായപ്പോൾ അത് കുടുംബ ശൈഥില്യത്തെ ത്വരിതപ്പെടുത്തി. ഭർത്താവിന് ഭാര്യയെയോ സന്താനങ്ങളെയോ സംരക്ഷിക്കാൻ യാതൊരു ബാധ്യതയും ഇല്ലാത്ത തരത്തിലുള്ള വിചിത്രമായ ബന്ധമായിരുന്നു അത്. നമ്പൂതിരിയുടെ ആചാരത്വം, പൗരോഹിത്യം എന്നിവയാൽ ദാനധർമാദികൾക്കും മറ്റുമുള്ള നായന്മാരുടെ സാമ്പത്തിക ബാധ്യത വളരെ വർധിക്കുകയും ചെയ്തു. കുടുംബത്തിൽ വർധിച്ചുവരുന്ന അംഗങ്ങളെ തീറ്റിപ്പോറ്റാനും മറ്റുമായി തറവാട്ടുമുതൽ വിൽക്കുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല.’ (മന്നത്ത് പത്മനാഭൻ കർമയോഗിയായ കുലപതി, പേജ് ‐ 87)

ഇത്തരത്തിൽ ബ്രാഹ്മണ മേധാവിത്വത്തിന്റെ ഭാഗമായി നായർസമൂഹം അനുഭവിച്ച പ്രശ്നങ്ങൾ അക്കാലത്ത് ഏറെ ഗുരുതരമായ ഒന്നായിരുന്നു. അവയ്ക്കെതിരായുള്ള വലിയ സമരമായിരുന്നു മന്നത്ത് പത്മനാഭന്റെ ജീവിതം. അതുകൊണ്ടുതന്നെയാണ് നമ്പൂതിരി യോഗക്ഷേമ സഭയുടെ യോഗത്തിൽ മന്നത്ത് പത്മനാഭൻ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “”സകല കാര്യങ്ങൾക്കും പ്രതിബദ്ധമായി നിൽക്കുന്നത് യഥാസ്ഥിതികൻമാരാണ്. യാഥാസ്ഥിതികത എന്ന പദത്തിന് നിഘണ്ടുവിൽ എന്തർഥമായിരുന്നാലും ജീവനില്ലായ്മ എന്നാണ് ഞാൻ അർഥം കൽപ്പിക്കുന്നത്” അങ്ങനെ യാഥാസ്ഥിതികത്വത്തെ ജീവനില്ലായ്മയായി പ്രഖ്യാപിക്കുകയും അതിനെതിരായി ശക്തമായ സമരം മുന്നോട്ടുവയ്ക്കുകയും ചെയ്തതാണ് മന്നത്ത് പത്മനാഭന്റെ ജീവിതം എന്ന് കാണാം.

സാമൂഹ്യ പരിഷ്കരണം
സാമൂദായിക പരിഷ്കരണത്തിന്റെ ഭാഗമായി സംഘടനയ്ക്ക് രൂപംനൽകാനും അദ്ദേഹം തയ്യാറായി. അതിന്റെ അടിസ്ഥാനത്തിലാണ് 1914ൽ രൂപംകൊണ്ട നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം കണ്ടത്. ബ്രാഹ്മണമേധാവിത്വത്തിന്റെ രീതികളെ അദ്ദേഹം ശക്തമായി എതിർത്തു. അക്കാലത്തെ സ്ഥിതിയെപ്പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. “അക്ഷരാഭ്യാസം സിദ്ധിക്കാത്ത നിർധനനായ ഒരു ഉണ്ണി നമ്പൂതിരി സർ. സി ശങ്കരൻനായരെ കണ്ടാലും എഴുന്നേൽക്കണമെന്ന് ശങ്കിക്കുന്നില്ല. വെറും ഒരു നമ്പൂതിരിയെ കണ്ടാൽ ശങ്കരൻ നായർക്കായാലും ഇരിപ്പുറയ്ക്കുമെന്ന് തോന്നുന്നില്ല.’ ഇങ്ങനെ ജാതി വ്യവസ്ഥയുടെ ഭാഗമായി നിലനിന്ന അടിമ മനോഭാവത്തിനെതിരെയുള്ള സമരമായിരുന്നു അദ്ദേഹത്തിന്റേത്.

പുതിയ കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി ഉണ്ടാവൂ എന്നതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിന്റെ നാനാഭാഗത്തും കെട്ടിപ്പടുക്കുന്നതിനും ത്യാഗപൂർണമായ ഇടപെടലാണ് അദ്ദേഹം വഹിച്ചത്. ഇങ്ങനെ അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം എന്നത് നവോത്ഥാന ചിന്തകൾക്കും സാമൂഹ്യ പരിഷ്കരണത്തിനുമായി ഒഴിഞ്ഞുവച്ച ഒന്നായിരുന്നു എന്ന് കാണാവുന്നതാണ്.

നവോത്ഥാന നായകർ പൊതുവിൽ ഉയർത്തിപ്പിടിച്ച ഒരു സവിശേഷത അവർ ജനിച്ചുവളർന്ന വിഭാഗത്തിന്റെ മാത്രമല്ല, മറ്റു വിഭാഗങ്ങളുടെ പ്രശ്നങ്ങളെയും സജീവമായി പരിഗണിച്ചു എന്നതാണ്. അയിത്തോച്ഛാടനത്തിനെതിരായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. വൈക്കം സത്യഗ്രഹത്തിന്റെ കാലത്താണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ഒരു സവർണജാഥ വൈക്കത്ത്നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം എല്ലാ പൗരന്മാരുടെയും ജന്മാവകാശമാണെന്ന് എഴുതിയ ബോർഡ് വച്ചുകൊണ്ടായിരുന്നു ആ ജാഥ പോയത്. സ്വീകരണ കേന്ദ്രങ്ങളിൽ മന്നത്ത് പത്മനാഭന്റെ പ്രസംഗവും ഉണ്ടായിരുന്നു. അയിത്തമില്ലാതാക്കാനും സഞ്ചാരസ്വാതന്ത്ര്യമുണ്ടാക്കാനും സവർണ ഹിന്ദുക്കൾക്കുള്ള ഉത്തരവാദിത്തം എന്താണെന്നും അവർണ ഹിന്ദുക്കൾ അനുഭവിക്കുന്ന ക്ലേശങ്ങളെയും കുറിച്ചായിരുന്നു ആ ജാഥ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായി ആ ജാഥ മാറുകയും ചെയ്തു.

ഗുരുവായൂർ സത്യഗ്രഹത്തിലും മന്നത്ത് പത്മനാഭൻ നേതൃത്വനിരയിൽ തന്നെ പ്രവർത്തിക്കുകയും ചെയ്തു. ഇത്തരത്തിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മന്നത്ത് പത്മനാഭന്റേത്.

രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന ഘട്ടത്തിൽ ചില പോരായ്മകളും സംഭവിച്ചു എന്ന് കാണാം. വിമോചന സമരത്തിന്റെ ഘട്ടത്തിൽ അതിന്റെ മുൻപന്തിയിൽ തന്നെ അദ്ദേഹം നിലയുറപ്പിച്ചിരുന്നു.

ഇത്തരം രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുമ്പോഴും കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണരംഗത്ത് മന്നത്ത് പത്മനാഭൻ നൽകിയ സംഭാവന ആർക്കും നിഷേധിക്കാനാവുന്നതല്ല. മന്നത്ത് പത്മനാഭൻ കേരളീയ നവോത്ഥാനത്തിൽ നടത്തിയ ഗുണപരമായ ഇടപെടലുകളെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്. നവോത്ഥാനത്തിന്റെ പുതിയ വഴികളിലേക്ക് കേരളം മുന്നേറിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് അദ്ദേഹത്തിന്റെ സാമൂഹ്യപരിഷ്കരണ ചിന്തയിൽനിന്ന് നമുക്ക് ഏറെ പഠിക്കാനുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News