ഇത് ഭാവിതലമുറയ്ക്ക് വേണ്ടിയുള്ള മതില്‍; മത വർഗീയരാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി സ്ത്രീകളെ കരുക്കളാക്കുന്ന വിഭാഗീയ സ്ത്രീവിരുദ്ധ ശക്തികളെ തിരിച്ചറിയണമെന്നും ബൃന്ദ കാരാട്ട്

തിരു: കേരളത്തിലെ സ്ത്രീകൾ പ്രതിരോധമതിൽ കെട്ടിപ്പടുത്തത് നവോത്ഥാന മൂല്യങ്ങൾ ഭാവിതലമുറയ്ക്ക് വേണ്ടി മുന്നോട്ടുകൊണ്ടുപോകാനാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

മത വർഗീയരാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി സ്ത്രീകളെ കരുക്കളാക്കുന്ന വിഭാഗീയ, സ്ത്രീവിരുദ്ധ ശക്തികളെ തിരിച്ചറിയണമെന്നും അവർ പറഞ്ഞു. വനിതാമതിലിനോടനുബന്ധിച്ച് വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.

കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസ‌് ഇപ്പോൾ ആർഎസ്എസിന്റെ ശബ്ദമായി മാറി. രാവിലെ ആർഎസ്എസിന്റെ വക്താവാകുന്നവർ വൈകുന്നേരമാകുമ്പോൾ മുസ്ലിംലീഗിന്റെ ശബ്ദമാകുന്നു. വഴിതെറ്റിയുള്ള കോൺഗ്രസിന്റെ നിലപാട‌് അവരെ തന്നെ നശിപ്പിക്കും.

വിശ്വാസത്തിന്റെ പേരിൽ ആർഎസ്എസിന്റെ പിറകേപോകുന്ന സ്ത്രീകൾ പുനർചിന്തനത്തിന‌് തയ്യാറാകണം. നാട്ടിൽനിന്നും അകന്നുപോയ ജാതിവ്യവസ്ഥയും ജീർണതകളും പുനഃസ്ഥാപിക്കാനുള്ള ആസൂത്രിതമായ നീക്കമാണ‌് ആർഎസ‌്എസും ബിജെപിയും നടത്തുന്നത‌്.

മനുവാദം തിരിച്ചുകൊണ്ടുവരാനാണ് അവരുടെ നീക്കം. ശബരിമല വിധിയുടെ പേരിൽ വിശ്വാസിയെന്നും അവിശ്വാസിയെന്നും ജനങ്ങളെ വേർതിരിച്ചു കാണിക്കുന്നത‌് സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ്.

കേരളത്തിൽ ഒരുകാലത്ത് വിശ്വാസത്തിന്റെ പേരിൽ നിലനിന്നിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരികെ കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. സ‌്ത്രീ സമത്വത്തിനായുള്ള എൽഡിഎഫ‌് സർക്കാരിന്റെ നിലപാട‌് രാജ്യത്തിന‌് മാതൃകയാണ‌്.

സംസ്ഥാനസർക്കാർ ഭരണഘടനാപരമായ സ്ത്രീനീതിക്കുവേണ്ടിയാണ് നിലകൊളളുന്നത‌്. സ്ത്രീകളെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് സ്ത്രീശക്തിയുടെയും ഐക്യത്തിന്റെയും മുന്നിൽ മുട്ടുമടക്കേണ്ടിവരുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News