മുത്തലാഖ് ബില്ല് ഇന്ന് വീണ്ടും രാജ്യസഭയില്‍; ലോക്‌സഭയില്‍ റഫേല്‍ ചര്‍ച്ച ചെയ്യും

മുത്തലാഖ് ബില്ല് ഇന്ന് വീണ്ടും രാജ്യസഭ പരിഗണിക്കും. ബില് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടാമതും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ടാമതും നോട്ടീസ് . അണ്ണാ ഡിംഎംകെ സഭയില്‍ ഇന്നും പ്രതിഷേധം തുടര്‍ന്നേക്കും.

സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വോട്ടെടുപ്പിലേക്ക് കടക്കാതെ, മുത്തലാഖ് ബില്ല് രാജ്യസഭയില്‍ നിലനിര്‍ത്തി പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനായിരിക്കും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുക. അതേസമയം ലോക്‌സഭയില്‍ റഫേല്‍ വിഷയം ഭരണ പ്രതിപക്ഷ സമവായത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യും

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുമോ എന്നതാണ് വോട്ടെടുപ്പ് നടക്കുമോ എന്നതിനേക്കാള്‍ അറിയേണ്ടത്. ബില്ല് പരാജയപ്പെടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി അണ്ണാ ഡിഎംകെ പ്രതിഷേധം ഇന്നുമുണ്ടാകും

കഴിഞ്ഞ ദിവസം സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. തൃണമൂല്‍, ബിജെഡി എന്നിവരുടെ പിന്തുണ ഉറപ്പാക്കാന്‍ കേന്ദ്രത്തിന് സാധിച്ചതുമില്ല. രാജ്യസഭ പിരിഞ്ഞ ശേഷവും ഇതേ സാഹചര്യമാണ് തുടരുന്നത്.

ബില്ല് വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം സഭയില്‍ നേടാനായിട്ടില്ലാത്തതിനാല്‍ ശൈത്യകാല സമ്മേളനത്തില്‍ ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്താതെ പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേന്ദ്രത്തിന്റെ ആലോചന.

ഈ സാഹചര്യത്തില്‍ ബില്ല് സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിക്കും. എന്നാല്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്.

മറുവശത്ത് സഭാ സമ്മേളനം അവസാന ഘട്ടത്തിലെത്തുമ്പോഴാണ് റഫേല്‍ വിഷയം ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം കോണ്‍ഗ്രസ് സ്വീകരിക്കുകയായിരുന്നു.

ജെപിസി അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെടുമെങ്കിലും കേന്ദ്രം ഇതിന് വഴങ്ങില്ല.അവധി കഴിഞ്ഞു തുറക്കുന്ന സുപ്രീം കോടതിയില്‍ റഫേല്‍ വിധിയിലെ തിരുത്തല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണം എന്ന ആവശ്യം ഹര്‍ജിക്കാരന്‍ ഉന്നയിച്ചേക്കും

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like