മതിലും കെട്ടി, മലയും ചവിട്ടി പുതുയുഗത്തിന്‍റെ തുടക്കം; ചരിത്രമെ‍ഴുതി യുവതികള്‍ ശബരിമലയില്‍

തിരുവനന്തപുരം: ശബരിമലയില്‍ ചരിത്രമെഴുതി രണ്ടു യുവതികള്‍ ദര്‍ശനം നടത്തി.

കോഴിക്കോട് സ്വദേശിനിയായ ബിന്ദുവും മലപ്പുറത്തുനിന്നുള്ള കനക ദുര്‍ഗയുമാണ് ചരിത്രത്തിലേക്ക് നടന്നുകയറിയത്. പുലര്‍ച്ചെ 3.30ഓടെയാണ് ഇവര്‍ അയ്യപ്പദര്‍ശനം നടത്തി മലയിറങ്ങിയത്.

നവോത്ഥാന സന്ദേശം ഉയര്‍ത്തി സ്ത്രീകള്‍ വന്‍മതില്‍ തീര്‍ത്തതിനു പിന്നാലെയാണ് പുതുവര്‍ഷത്തില്‍ രണ്ട് സ്ത്രീകള്‍ ശബരിമല കയറി പുതുചരിത്രം രചിച്ചത്.

കോഴിക്കോട് സ്വദേശിനിയായ ബിന്ദു മലപ്പുറത്തു നിന്നുള്ള കനക ദുര്‍ഗയും പുലര്‍ച്ചെ ഒന്നരയോടെയാണ് പമ്പയില്‍ എത്തിയത്. അവിടെ നിന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ അവര്‍ മലകയറി. മഫ്തിയില്‍ പൊലീസ് അനുഗമിച്ചു.

സന്നിധാനത്തെത്തിയ ഉവര്‍ ഇരുമുടികെട്ട് നിറയ്ക്കാത്തതിനാല്‍ പതിനെട്ടാം പടി ഒഴിവാക്കി വടക്കേനട വഴിയാണ് സോപാനത്തെത്തിയത്. കറുപ്പ് വസ്ത്രമണിഞ്ഞെത്തിയ ഇവര്‍ 3.30 ഓടെ ദര്‍ശനം നടത്തി ശബരിമലയുടെ പുതിയ കാലത്തിന് തുടക്കം കുറിച്ചു.

തുടര്‍ന്ന് ഇരുവരും പൊലീസ് സംരക്ഷണയിലാണ് മലയിറങ്ങിയത്. സുപ്രീംകോടതി വിധിയാണ് ഇതോടെ നടപ്പായത്. ഭക്തര്‍ ഇവരെ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധമുണ്ടാക്കിയില്ലെന്ന് കനകദുര്‍ഗയും ബിന്ദുവും പിന്നീട് അറിയിച്ചു.

മണ്ഡല മഹോല്‍സവകാലത്ത് 41 ദിവസം പലപ്പോഴും ഒറ്റയ്ക്കും കൂട്ടമായും സ്ത്രീകള്‍ മലചവിട്ടാനെത്തിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ ഗുണ്ടകള്‍ നടത്തിയ അക്രമസമരത്തില്‍ ഇവര്‍ക്ക് പിന്മാറേണ്ടിവന്നു.

കഴിഞ്ഞ 24ന് ബിന്ദുവും കനകദുര്‍ഗയും മലകയറാനെത്തിയപ്പോളും പ്രതിഷേധം മൂലം തിരിച്ചിറങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ദര്‍ശനം നടത്തണമെന്ന് ഉറച്ച ആഗ്രഹമാണ് ശബരിമലയില്‍ നിലനിന്ന വലിയ ഒരു അനാചാരത്തെ തുടച്ച് കളയുന്നതിന് വഴിവച്ചത്.
ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. നേരത്തെ തടസ്സങ്ങളുള്ളതുകൊണ്ടാണ് യുവതികള്‍ കയറാതിരുന്നത്. എന്നാല്‍ ഇന്നലെ തടസങ്ങള്‍ ഉണ്ടായിരുന്നില്ല. അതു കൊണ്ട് യുവതികള്‍ കയറിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here