സംസ്ഥാനത്ത് ആര്‍എസ്എസ്-ബിജെപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം; തിരുവനന്തപുരത്ത് പൊലീസിന് നേരെ വ്യാപക കല്ലേറ്; ആക്രമണത്തില്‍ പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്ക്; സിപിഐഎമ്മിന്റെ കൊടിമരങ്ങളും ബോര്‍ഡുകളും തകര്‍ത്തു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്താകെ വ്യാപക ആക്രമണം അഴിച്ചു വിട്ട് ബിജെപി-ആര്‍എസ്എസ് ഗുണ്ടകള്‍. തിരുവനന്തപുരം, കൊല്ലം, കൊച്ചി, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണ്.

തിരുവനന്തപുരത്ത് പൊലീസ് നേരെ വ്യാപക കല്ലേറാണ് സംഘപരിവാര്‍ ക്രിമിനലുകള്‍ നടത്തുന്നത്. കല്ലേറില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. സെക്രട്ടേറിയറ്റിന് സമീപത്തെ സംഘര്‍ഷം വ്യാപകമായതോടെ പൊലീസ് ടിയര്‍ ഗ്യാസുകള്‍ പ്രയോഗിച്ചു.

സെക്രട്ടേറിയറ്റിന് മുന്നില്‍ കൈരളി പീപ്പിള്‍ ടിവി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു.സംഘം ചേര്‍ന്നെത്തിയ പ്രവര്‍ത്തകര്‍, ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇത് പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

കൊല്ലം പട്ടാഴി ക്ഷേത്രത്തിലും ആര്‍എസ്എസ് വ്യാപക അക്രമമാണ് നടത്തിയത്. ദേവസ്വം ഓഫീസില്‍ കയറി ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ഫയല്‍ മുഴുവന്‍ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ സമീപത്തെ സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തിലെ അദ്ധ്യാപകനെ ക്രൂരമായി മര്‍ദിച്ചു. ക്ഷേത്രത്തില്‍ നടത്താനിരുന്ന വിവാഹം പോലും നടത്താന്‍ അക്രമികള്‍ സമ്മതിച്ചില്ല. വിവാഹത്തിന് വന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു.

കൊല്ലം നഗരത്തില്‍ പ്രകടത്തിനിടെ ആര്‍എസ്എസുകാര്‍ ബസ് യാത്രക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു.

തൃശൂര്‍ വടക്കാഞ്ചേരിയിലു മാധ്യമങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുന്നതു ദൃശ്യങ്ങള്‍ എടുത്തിരുന്ന പ്രാദേശിക ചാനല്‍ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

കൊച്ചിയില്‍ ഇടപ്പള്ളിയില്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി.

ഗുരുവായൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെയും തടയാന്‍ ശ്രമിച്ചു.

മാവേലിക്കരയില്‍ ബുദ്ധ ജംങ്ഷനിലെ കടകളും ബിജെപി ഗുണ്ടകള്‍ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. ഹരിപ്പാടും കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചു. തൃശൂരില്‍ മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലും ബിജെപിക്കാര്‍ വാഹനങ്ങള്‍ തടയുകയും കടയടപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News