പറവൂരില്‍ ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ വനിതാ പോലീസുകാരിക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂരില്‍ നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് പിന്തുടര്‍ന്നെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഭര്‍ത്താവിനെ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചശേഷം വനിതാ പോലീസുകാരിയെ കയ്യേറ്റം ചെയ്തത്. ജില്ലയില്‍ മറ്റിടങ്ങളിലും വ്യാപകമായി അക്രമം അഴിച്ചുവിട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വഴിയാത്രക്കാരെയും വെറുതെവിട്ടില്ല.
കൊടുങ്ങല്ലൂരില്‍ നിന്ന് പുറപ്പെട്ട ബസ് വഴിയില്‍വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസ് ഇടപെട്ട് കടത്തിവിട്ട ബസ്സിലെ യാത്രക്കാരില്‍ ചിലര്‍ അക്രമികളെ കൂകി വിളിച്ചതോടെ എട്ടോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ ബസിനെ പിന്തുടര്‍ന്നു. ഇതേസമയം പറവൂരില്‍ അക്രമികള്‍ ബസ്സിന് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട സ്ഥലത്ത് എത്തിയതായിരുന്നു സ്‌പെഷല്‍ ബ്രാഞ്ചിലെ വനിതാ പൊലീസുകാരി ഷീജ.
ബിജെപി പ്രവര്‍ത്തകര്‍ വനിതാ പോലീസുകാരിയുടെ മുഖത്തടിക്കുകയും കൈപിടിച്ച് ഒടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരുടെ കല്ലേറില്‍ പരുക്കേറ്റ ബസ്സിലെ ഡ്രൈവറായ സുഹൃത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയതായിരുന്നു വനിതാ പോലീസുകാരിയുടെ ഭര്‍ത്താവ്.
ഷീജയെ ആക്രമിക്കുന്നത് കണ്ടു തടയാന്‍ ചെന്ന ഇയാളുടെ വസ്ത്രങ്ങള്‍ അക്രമികള്‍ വലിച്ചു കീറാന്‍ ശ്രമിക്കുകയും ഹെല്‍മെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരെയും പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശികളായ സന്തോഷ്, ഉണ്ണികൃഷ്ണന്‍ എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലയിലെ മറ്റു ഭാഗങ്ങളിലും ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ അക്രമമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്. കൊച്ചി വഞ്ചി സ്‌ക്വയറില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കൊണ്ട് ചേര്‍ന്ന യോഗത്തിലും ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. വേദി കയ്യേറാനും റോഡ് ഉപരോധിക്കാനും ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അങ്കമാലി കിടങ്ങൂരില്‍ യുവതികള്‍ താമസിച്ചിരുന്ന വീടും സംഘപരിവാര്‍ ആക്രമിച്ചു. സംഘപരിവാറിന് ഒപ്പം ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് വൈകീട്ട് യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
Get real time update about this post categories directly on your device, subscribe now.