അനാവശ്യ ഹര്‍ത്താല്‍; ബിജെപിയില്‍ നേതാക്കളുടെ തമ്മിലടി

തിരുവനന്തപുരം: ഹര്‍ത്താല്‍ പ്രഖ്യാപനത്തിന്റെ പേരിലും ബിജെപിയില്‍ നേതാക്കളുടെ ചേരിപ്പോര്.

ഇതോടെ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളക്ക് അഞ്ച് മണിക്കൂറില്‍ മാധ്യമപ്രവര്‍ത്തകരെ കാണേണ്ടിവന്നത് മൂന്നുതവണ. രണ്ടുതവണയും മാധ്യമ പ്രവര്‍ത്തകര്‍ ഹര്‍ത്താലിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒന്നും പറയാതിരുന്ന ശ്രീധരന്‍ പിള്ള, മുരളീധരന്‍പക്ഷം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീണ്ടും മാധ്യമപ്രവര്‍ത്തകരെ വീട്ടിലേക്ക് വിളിച്ച് ഹര്‍ത്താലിന് പിന്തുണ അറിയിച്ചു.

ശബരിമല കര്‍മസമിതി നടത്തുന്ന എല്ലാ പ്രതിഷേധസമരങ്ങള്‍ക്കും ബിജെപി പിന്തുണ നല്‍കുമെന്നാണ് ശ്രീധരന്‍പിള്ള ആവര്‍ത്തിച്ചത്. രാവിലെ 11ഓടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

പിന്നീട് 12.45ന് പ്രസ് ക്ലബ്ബില്‍ പെട്ടെന്ന് വാര്‍ത്താ സമ്മേളനം വിളിച്ചു. ഹര്‍ത്താലുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ പലതവണ ചോദിച്ചിട്ടും ഇപ്പോള്‍ ഇല്ല, ഹര്‍ത്താലിന് പിന്തുണയും ഇല്ല എന്നായിരുന്നു മറുപടി.

പിള്ള പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം കെ പി ശശികല കോട്ടയത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജില്ലാ തലങ്ങളില്‍ ബിജെപി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറയുകയും സോഷ്യല്‍ മീഡിയയില്‍ ഇത് പടരുകയും ചെയ്തു.

ഇതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുമെന്ന് കണ്ട ശ്രീധരന്‍ പിള്ള മൂന്നേ മുക്കാലിന് വീണ്ടും മാധ്യമപ്രവര്‍ത്തകരെ വീട്ടിലേക്ക് വിളിച്ച് ഹര്‍ത്താലിന് ബിജെപി പിന്തുണ അറിയിച്ചു.

നട അടയ്ക്കുന്നതിനുമുമ്പ് തന്ത്രി താങ്കളോട് നിയമോപദേശം തേടിയിരുന്നോ എന്ന ചോദ്യത്തിന് ‘ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞാല്‍ നിങ്ങള്‍ വിവാദമാക്കുമെന്നതിനാല്‍ ഞാനൊന്നും പറയുന്നില്ലെന്നായിരുന്നു’ മറുപടി.

സുപ്രീംകോടതി വിധി സ്ത്രീകള്‍ക്കനുകൂലമായി നിലനില്‍ക്കെ തന്ത്രി നടയടച്ചതും ശുദ്ധികലശം നടത്തിയതും ഹൈക്കോടതി അഭിഭാഷകനെന്ന നിലയില്‍ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് അതേപ്പറ്റിയൊന്നും ഇപ്പോള്‍ മറുപടിയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here