തീര്‍ഥാടകര്‍ ദുരിതത്തില്‍; ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ ഇന്ന് നടത്തുന്നത് ഏഴാമത്തെ ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതിപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയുടെയും തുടര്‍നടപടികളുടെയും പേരില്‍ സംഘപരിവാര്‍ ഇന്ന് നടത്തുന്നത് ഏഴാമത്തെ ഹര്‍ത്താല്‍.

തുലാമാസ പൂജയും ചിത്തിര ആട്ട ആഘോഷവും മണ്ഡലകാല, മകരവിളക്ക് കാലവുമൊക്കെ വിസ്മരിച്ചാണ് ശബരിമല തീര്‍ഥാടകരെ ഉള്‍പ്പെടെ ദുരിതത്തിലാക്കുന്ന ഹര്‍ത്താലുകള്‍ നിരന്തരം നടത്തുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനര്‍പരിശോധനാ ഹര്‍ജി നല്‍കുന്നില്ലെന്ന പേരിലായിരുന്നു ഒക്ടോബര്‍ ഏഴിന് ആദ്യഹര്‍ത്താല്‍. തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിന്റെ തലേദിവസങ്ങളില്‍ നിലയ്ക്കലില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടശേഷം 18ന് സംസ്ഥാനഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നവംബര്‍ രണ്ടിന് പത്തനംതിട്ട ജില്ലയില്‍ വീണ്ടും ഹര്‍ത്താല്‍.

സദാശിവനെന്ന അറുപതുകാരന്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നു കാരണം. ശബരിമലയില്‍ കലാപത്തിന് ശ്രമിച്ച ശശികലയെ കരുതല്‍ കസ്റ്റഡിയിലെടുത്തതിന്റെ പേരിലായിരുന്നു നവംബര്‍ 17ന്റെ ഹര്‍ത്താല്‍.

യുവമോര്‍ച്ച സമരത്തിനിടെ തിരുവനന്തപുരത്ത് സഹപ്രവര്‍ത്തകരുടെ കല്ലേറില്‍ ഒരു പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു. ഇത് പൊലീസ് മര്‍ദനമായിരുന്നു എന്നാരോപിച്ച് ഡിസംബര്‍ 11 ന് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍.

വ്യക്തിപരമായ കാരണങ്ങളാല്‍ തലസ്ഥാനത്ത് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഡിസംബര്‍ 17നും ബിജെപി സംസ്ഥാന ഹര്‍ത്താല്‍ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News