കോഴിക്കോട് മിഠായിത്തെരുവ് ആക്രമണം; 13 പേര്‍ പോലീസ് പിടിയില്‍

കോഴിക്കോട് മിഠായിത്തെരുവ് ആക്രമണത്തില്‍ 13 പേര്‍ പോലീസ് പിടിയില്‍. 16 കടകള്‍ സംഘപരിവാര്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. കടകളുടെ അറ്റക്കുറ്റപ്പണിക്കായുള്ള തുക വ്യാപാരി വ്യവസായി സമിതി വഹിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോമ്പൗണ്ടിലെ വി എച്ച് പി ഓഫീസില്‍ നിന്ന് പിടിയിലായ 4 പേരടക്കം 13 അക്രമികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

ഇവരെല്ലാം മിഠായിത്തെരുവില്‍ കടകള്‍ തകര്‍ത്ത സംഘത്തിലുള്ളവരാണ്. 16 കടകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി വ്യാപാരികള്‍ പറയുന്നു.

ഹര്‍ത്താലിനെ തള്ളി വ്യാപാരികള്‍ കടകള്‍ തുറന്നത് ക്ഷീണമാകുമെന്ന തിരിച്ചറിവാണ് സംഘപരിവാറിനെ വ്യാപക അക്രമത്തിലേക്ക് നയിച്ചത്. കടകള്‍ തിരഞ്ഞ് പിടിച്ച് തകര്‍ത്തതിലൂടെ കലാപമാണ് സംഘപരിവാര്‍ ലക്ഷ്യമിട്ടതും.

ഇതിനായി വലിയ തോതില്‍ ആയുധങ്ങളും ഇവര്‍ സംഭരിച്ചു. ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോമ്പൗണ്ടിലെ വി എച്ച് പി ഓഫീസില്‍ നിന്ന് ഇരുമ്പ് ദണ്ഡുകള്‍, കൊടുവാള്‍, ദണ്ഡ എന്നിവയാണ് പോലീസ് കണ്ടെടുത്തത്.

ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. തകര്‍ത്ത കടകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചു. ഇതിനാവശ്യമായ പണം വ്യാപാരി വ്യവസായി സമിതി നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here