ഇന്ത്യ കുതിച്ചത് റണ്‍മലയിലേയ്ക്ക്; സെഞ്ച്വറി തിളക്കത്തില്‍ പന്തും

സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും തകര്‍ത്തടിച്ചതോടെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. വന്‍മതിലായി നങ്കൂരമിട്ട ചേതേശ്വര്‍ പൂജാരയ്ക്ക് പിന്നാലെ സെഞ്ച്വറിയുമായി പന്തും അര്‍ധ സെഞ്ച്വറിയുമായി ജഡേജയും ചേര്‍ന്നതോടെ ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ് ഏഴ്‌ വിക്കറ്റ് നഷ്ടത്തില്‍ 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

ഏഴ് റൺസ് അകലെ പൂജാരയ്ക്ക് നഷ്ടമായ ഇരട്ടസെഞ്ചുറി ഇന്ത്യൻ ആരാധകരിൽ തീർത്ത നിരാശയാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ പന്തും ജഡേജയും മാറ്റിയെ‍ഴുതിയത്.

നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യയ്ക്ക് 42 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.

തുടര്‍ന്ന് പൂജാരയ്ക്ക് കൂട്ടായി ഋഷഭ് പന്ത് എത്തിയതോടെയാണ് ഇന്ത്യന്‍ ഇന്നിങ്ങ്സ് കുതിച്ചത്. 373 പന്തുകൾ നേരിട്ട് 22 ബൗണ്ടറി സഹിതം 193 റൺസെടുത്ത പൂജാര നാഥന്‍ ലയണിനു തന്നെ ക്യാച്ച് സമ്മാനിച്ച് പൂജാര മടങ്ങി. സിഡ്നിയിലെ കാണികൾ എഴുന്നേറ്റുനിന്നാണ് പൂജാരയെ യാത്രയയച്ചത്.

പിന്നാലെ ജഡേജയെ കൂട്ടുപിടിച്ച് പന്ത് ഇന്ത്യൻ സ്കോർ 500 കടത്തി. ഇതിനിടെ 137 പന്തിൽ 10 ബൗണ്ടറി സഹിതം പന്ത് കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി പിന്നിട്ടു. അധികം വൈകാതെ 89 പന്തിൽ ഒരു ബൗണ്ടറി യും സിക്സും സഹിതം ജഡേജ അർധസെഞ്ചുറി കടന്നു.

ഇതിനു പിന്നാലെ ടെസ്റ്റിലെ തന്‍റെ ഉയർന്ന സ്കോറായ 114 റൺസ് പിന്നിട്ട പന്ത്, 189 പന്തുകൾ നേരിട്ട് 159 റൺസെടുത്തതു.

ഋഷഭിന്‍റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. 81 റണ്‍സെടുത്ത് ജഡേജ പുറത്തായതിന് പിന്നാലെ കോഹ്ലി ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സ് എന്ന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News