”കാലം മുന്നോട്ടാണ് പോകേണ്ടതെന്നുറപ്പുള്ള ഒരു ഭരണാധികാരിയുണ്ട്, ഇവിടെ; ഭരണഘടനയുടെ പിന്‍ബലമുണ്ട്, പിന്നില്‍ ജനങ്ങളുണ്ട്, ഇന്നാട്ടിലെ പെണ്ണുങ്ങളുണ്ട്”

ശബരിമല വിഷയത്തെ സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കൈകാര്യം ചെയ്ത രീതിയെ കുറിച്ച് അസീബ് പുത്തലത്ത് എഴുതിയ കുറിപ്പ്:

ചതുപ്പുനിലങ്ങളില്‍ കെട്ടിടം പണിയുമ്പോ ആഴത്തില്‍ അടിത്തറ കെട്ടാതെ മുകളില്‍ കല്ല് വച്ചാല്‍ രണ്ടാം നാള്‍ പണിഞ്ഞതൊക്കെ മണ്ണില്‍ പുതഞ്ഞ് പോകും. അടിത്തറയൊരുക്കാന്‍ ചതുപ്പ് മണ്ണടിച്ച് നികത്തിയാല്‍ അവിടുത്തെ സന്തുലിതാവാസവ്യവസ്ഥ തകരും.

അവിടെ ഭൂമിയുടെ നിലയും മണ്ണിന്റെ ബലവും ചെളിയുടെ ആഴവും നോക്കി, ഏറ്റവും പ്രായോഗികമായ ഏറ്റവും കുറഞ്ഞ പാരിസ്ഥിതിക ആഘാതം മാത്രമുണ്ടാക്കി തറ കെട്ടിയിട്ട് വേണം കെട്ടിടം പണിയാന്‍.

പണിയാന്‍ പോകുന്ന കെട്ടിടത്തിനു തറയൊരുക്കാന്‍ ആദ്യം ചെളികോരി മണ്ണ് നീക്കണം. അത് നീക്കുമ്പോ ചുറ്റുമുള്ള വെള്ളവും ചെളിയും ഇടിയാതിരിക്കാന്‍ ഐ ചാനല്‍ അടിച്ച് കയറ്റി സ്ലാബോ വീതിയുള്ള മരത്തടികള്‍ കൊണ്ടോ തട കെട്ടണം. തടകെട്ടി, മണ്ണിന്റെ നില കാണും വരെ ചെളിയും വെള്ളവും കോരി നീക്കണം.

അതൊരു പരുവയമായാല്‍ പിന്നെ ഫൗണ്ടേഷനു വേണ്ടി കുറച്ചൂടെ ആഴത്തില്‍ പൈലിംഗ് നടത്തണം. ഡ്രില്ലഡ് പൈലിംഗ് വേണ്ടിടത്ത് അങ്ങനാവം, ഹാമ്മര്‍ പൈലിംഗ് വേണ്ടിടത്ത് അതാവാം. ഇടക്കിടെ തട പൊട്ടി വരുന്ന ചെളിയും വെള്ളവും പമ്പ് ചെയ്ത് കളയണം.

പിന്നെ കമ്പികെട്ടല്‍, അതിനു തട്ടടി, ശേഷം വേണ്ട അനുപാതത്തില്‍ മിക്സ് ചെയ്ത കോണ്‍ക്രീറ്റ് ഇട്ട് ഫൗണ്ടേഷന്‍ പണിയും. ഉറപ്പുള്ള ഫൗണ്ടേഷനായാല്‍ അവിടെ കെട്ടിടം പണിയാം. അതിനു ബലമുണ്ടാകും. ചെളിയില്‍ പുതയില്ല, പരിസ്ഥിതി തകരില്ല. അതാണതിന്റെ സിവില്‍ എഞ്ചിനീയറിംഗ്.

സെപ്തംബര്‍ 28 ന് ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് 4/5 വോട്ടോടെ അനുകൂലിച്ച് വിധിയെഴുതി. നാഗ്പൂരില്‍ നിന്ന് ആര്‍ എസ് എസിന്റെ ബൗദ്ധികപ്രമുഖരും ഡെല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് എ ഐ സി സിയും വിധിയെ സ്വാഗതം ചെയ്തു. സംഘ്പരിവാര്‍ മുഖപത്രങ്ങള്‍ ചരിത്രവിധിയെന്ന് എഡിറ്റോറിയലെഴുതി. ബി ജെ പിയുടെ ആദ്യത്തെയും മിക്കവാറും അവസാനത്തെയും എം എല്‍ എ രാജഗോപാല്‍, മൂന്നാലുവട്ടം തോറ്റ എം എല്‍ എ കെ സുരേന്ദ്രന്‍ എന്നിവര്‍ മുന്‍പ് ആഗ്രഹിച്ചനുകൂലിച്ച വിധി വന്നതില്‍ പുളകം കൊണ്ടു.

ഇന്നാട്ടിലെ പെണ്ണുങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ വന്ന, അവരുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായ, സ്ത്രീസമത്വം ക്രൈമല്ല, മറിച്ച് ഭരണഘടനാബാധ്യതയെന്നറിയുന്ന ഇടത് സര്‍ക്കാര്‍, അതിനെ നയിക്കുന്ന പിണറായി വിജയന്‍ മേല്‍പ്പറഞ്ഞവരുടേ അതേ നിലപാടെടുത്തു, ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറിക്കോട്ടെയെന്ന്.

രണ്ട് ദിവസം കൊണ്ട് വോട്ടെണ്ണവും സീറ്റും അധികാരവും മുന്നില്‍ കണ്ട് സംഘപരിവാരവും കോണ്‍ഗ്രസും നിലപാട് മാറ്റി. പെട്ടെന്നൊരു ദിവസം സുപ്രീം കോടതിവിധി ഇടതുപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്തവും ബാധ്യതയുമായി മാറി.

സ്ത്രീവിരുദ്ധത, ലിംഗ അസമത്വം, വര്‍ഗ്ഗീയത, ജാതീയത മുതലായവ അടിഞ്ഞ് കൂടിയ മലയാളിബോധ്യങ്ങളുടെ ചെളിക്കുണ്ടില്‍ നവോത്ഥാനത്തിന്റെ, സ്ത്രീസമത്വത്തിന്റെ പുതിയപടി കെട്ടാനിറങ്ങുമ്പോള്‍, വളരെ സെന്‍സിറ്റീവായ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുമ്പോള്‍ സി പി ഐ എമും ഇടതുസര്‍ക്കാരും ചതുപ്പിലാഴ്ന്ന് പോകുമെന്നുറപ്പിച്ച് വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ബണ്ട് അവര്‍ പൊട്ടിച്ചുവിട്ടു.

മറുവശത്ത് ഉത്തമരും അതിവിപ്ലവകാരികളും യുക്തിയില്ലായുക്തിവാദികളും വിധി വന്നതിന്റെ പിറ്റേന്ന് മുതല്‍ പെണ്ണ് മല കയറാന്‍ സര്‍ക്കാര്‍ പടി പണിയുന്നത് കാണാന്‍ ചെളിപറ്റാതെ ഗാലറിയില്‍ വി ഐ പി ടിക്കറ്റെടുത്തിരുന്നാര്‍പ്പ് വിളിച്ചു.

സുവര്‍ണാവസരപ്പാര്‍ട്ടിക്കാരും അതിവിപ്ലവകാരികളും ആശിച്ചപോലെ പിറ്റേന്ന് ഒരു ലോറിയില്‍ റെഡിമെയ്ഡ് പടിക്കെട്ടുമായി പിണറായിയോ സര്‍ക്കാരോ പോലീസോ ചതുപ്പിലേക്കിറങ്ങിയില്ല, ടിപ്പറില്‍ മണ്ണടിച്ചില്ല. പകരം, സംസ്ഥാനകമ്മറ്റി മുതല്‍ താഴെ തട്ട് വരെയുള്ള പാര്‍ട്ടിക്കാര്‍ ഗ്രൗണ്ടിലിറങ്ങി. ഒരു സ്റ്റേജ് കെട്ടി, മൈക്ക് പിടിച്ച് ജനങ്ങളോട് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിച്ചു. സോ കോള്‍ഡ് സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഒരേസമയം സംഘികളോടും കുടുംബക്കാരോടും അതിവിപ്ലവകാരികളോടും യുക്തിവാദികളോടും അതിന്റെ രാഷ്ട്രീയം പറഞ്ഞു. ഓരോ അന്തം കമ്മികളും തടകെട്ടി, ചെളിവാരി.

പൈലിംഗ് നടത്തിയത് പിണറായിയായിരുന്നു. പുത്തരിക്കണ്ടത്ത്, കലൂര്‍ നെഹ്രു സ്റ്റേഡിയത്തിന്റെ പുറത്ത്, നാഗമ്പടത്ത്, മുതലക്കുളത്ത്, പ്രസ്സ് മീറ്റുകളില്. അതിശക്തമായ, ആഴത്തിലുള്ള പൈലിംഗ്.

അന്ന് വരെ ഇന്നാട്ടിലൊരു ഭരണാധികാരിയും പറയാത്ത ആര്‍ത്തവം പെണ്ണിനശുദ്ധിയല്ലെന്നയാള്‍ ആവര്‍ത്തിച്ച് പറഞ്ഞു.

തങ്ങളുടെ അന്തസിനെ പറ്റി മുഖ്യമന്ത്രി പറഞ്ഞത്, ആര്‍ത്തവം ജൈവികപ്രക്രിയയെന്ന് ആവര്‍ത്തിച്ചത് ഡ്രില്ലഡ് പൈലിംഗായിരുന്നു. തുളഞ്ഞ് കയറിയത് ഇന്നാട്ടിലെ പെണ്ണുങ്ങളുടെ മാനസിലേക്കായിരുന്നു.

നവോത്ഥാനചരിത്രത്തെപ്പറ്റി ക്ലാസെടുത്ത് അയാള്‍ നടത്തിയ ഹാമ്മര്‍ പൈലിംഗ് ഹിറ്റ് ചെയ്തത് ബി ജെ പി നേതൃത്വത്തിന്റെ, തന്ത്രിക്കുടുംബത്തിന്റെ, പന്തളത്തെ ശശികുമാറിന്റെ കുടുംബത്തിന്റെ, കോണ്‍ഗ്രസിന്റെ, പരിവാരത്തിന്റെ സവര്‍ണ്ണബോധങ്ങള്‍ വിഷം ചീറ്റുന്ന തലക്കായിരുന്നു.

നാളുകള്‍ നീണ്ട പൈലിംഗ് കണ്ട് പുത്തരിക്കണ്ടം പിണറായിയെന്ന് അതിവിപ്ലവകാരികള്‍ കൂക്കിവിളിച്ചു. സവര്‍ണപാഴുകള്‍ക്ക് തെങ്ങുചെത്തുകാരനായി, ചോവനായി.
സംഘികള്‍ ധൈര്യമുണെങ്കില്‍ മലയില്‍ പെണ്ണുങ്ങളെ കയറ്റെന്നായി.

കോണ്‍ഗ്രസിന്റെ നേതാക്കള്‍, മുഖപ്പത്രം, അണികള്‍ ബി ജെ പിയേക്കാള്‍ നന്നായി വര്‍ഗീയത പറഞ്ഞു. പോലീസ് സംയമനം പാലിച്ച ദിവസം മാധ്യമങ്ങള്‍ സംഘിനെ ഭയമാണോ എന്നും ആക്ഷനെടുത്ത ദിവസം ഭക്തരെ തല്ലുന്നുവോ എന്നുമെഴുതി. ഹൈക്കോടതിയിലെ ശുംഭന്മാര്‍ ജനം ടിവി കണ്ട് പരാമര്‍ശങ്ങള്‍ നടത്തി.

ഓരോ വട്ടവും ശബരിമലയില്‍ അക്രമം കാണിച്ചവരെ, തടപൊട്ടിച്ച് വിദ്വേഷമൊഴിക്കിയവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ട് പുറത്തേക്ക് പമ്പ് ചെയ്തു. രണ്ടായിരത്തോളം അറസ്റ്റുകളുണ്ടായി. അങ്ങനെ കെ സുരേന്ദ്രനും രാഹുല്‍ ഈശ്വരിനുമടക്കമുള്ളവര്‍ ക്ലീന്‍ഷേവിനേക്കാള്‍ ചേരുക താടിയാണെന്ന് മനസിലായി. അവരെന്താണെന്ന്, സംഘിന്റെ അജണ്ടയെന്തെന്ന് നാട്ടുകാര്‍ക്കും.

പിന്നെ മനുഷ്യര്‍ക്ക് പങ്കാളിത്തമുള്ള എല്ലാ കൂട്ടയ്മകളേയും മുഖ്യമന്ത്രി വിളിച്ചുവരുത്തി ഫൗണ്ടേഷനു കമ്പികെട്ടി, പാര്‍ട്ടിസംവിധാനം കൊണ്ട് തട്ടടിച്ചു. ആത്മാഭിമാനമുള്ള, ചിന്താശേഷിയുള്ള, ഉറച്ചമനസുള്ള പെണ്ണുങ്ങള്‍ അവിടെ കോണ്‍ക്രീറ്റായി.

ജനുവരി ഒന്നിന്, കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, തോട്ടം തൊഴിലാളികള്‍ മുതല്‍ സ്‌കൂള്‍ കുട്ടികള്‍ വരെ, വിദേശവനിതകള്‍ മുതല്‍ ആദിവാസി സ്ത്രീകള്‍ വരെ സ്ത്രീസമത്വത്തിന്, പുത്തന്‍ നവോത്ഥാനത്തിന് മലയാളി ബോധങ്ങളുടെ ചതുപ്പുനിലത്തില്‍ ഉറച്ച അടിത്തറ പണിതു.

പിറ്റേന്ന് ശബരിമലയില്‍ പെണ്ണ് കയറി, ബിന്ദുവും കനകദുര്‍ഗയും മലചവിട്ടി. സാധാരണ ഭക്തര്‍ക്കിടയിലൂടെ. സംഘപരിവാരമറിഞ്ഞില്ല, അക്രമിക്കപ്പെട്ടില്ല. പക്ഷേ, അയ്യപ്പനറിഞ്ഞു, അനുഗ്രഹിച്ചു.

സന്നിധാനത്ത് വെടിപൊട്ടിയില്ല, ചോരപൊടിഞ്ഞില്ല, ഉന്തലും തള്ളലുമുണ്ടായില്ല, ആക്രോശങ്ങളില്ല. യഥാര്‍ത്ഥഭക്തര്‍ക്കരികിലൂടെ ശബരിമലയില്‍ ഒരിടവേളക്ക് ശേഷം പെണ്ണ് കയറിയെന്ന് സ്ഥിരീകരണം വന്നു. പിണറായിയോ പോലീസോ അവകാശവാദങ്ങള്‍ക്ക് നിന്നില്ല, ‘ആ പെണ്ണുങ്ങള്‍ വന്നു, സംരക്ഷണം കൊടുത്തു, കയറി, പോയി’ എന്ന് സിമ്പിളായി പറഞ്ഞു. സംഘികളല്ലാതെയാരും തെരുവിലിറങ്ങിയില്ല, വിധിവന്ന ദിവസം പന്തളത്ത് തെരുവിലിറങ്ങിയവരുടെ പകുതി പോലും ഇത്തവണയിറങ്ങിയില്ല.

ഇനി ശബരിമലയില്‍ പെണ്ണുങ്ങള്‍ എതിര്‍പ്പില്ലാതെ കയറുമെന്നല്ല. പക്ഷേ, കയറുന്നതൊരു അസാധാരണസംഭവമെന്ന് തോന്നാത്തവിധം ആളുകളെ കഴിഞ്ഞ 95 ദിവസം കൊണ്ട് അയാളും അയാളുടെ പാര്‍ട്ടിയും പരുവപ്പെടുത്തി, രാഷ്ട്രീയമായി പാകപ്പെടുത്തി. ആ മൂന്ന് മാസം കൊണ്ട് ചെളിവാരി, കുഴികുത്തി, ആണ്‍ബോധങ്ങളുടെ, ആണധികാരങ്ങളുടെ, കേരളത്തിലെ പിന്തിരിപ്പന്‍ മനോഭാവത്തിന്റെ ചെളിക്കുണ്ടില്‍ പുതഞ്ഞുപോകാതെ പെണ്ണിന് ചവിട്ടാന്‍ തറ കെട്ടി, ഉറപ്പുള്ള പടികെട്ടി.

സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന് പറയും. പുസ്തകം നോക്കി പഠിച്ചവനോ ടാലന്റ് ഹണ്ടിലൂടെ നേതാവായവനോ ഫേസ്ബുക്കില്‍ മാത്രം രാഷ്ട്രീയം പറയുന്നവനോ മനസിലാവില്ല. സെമിനാര്‍ ഹാളില്‍ മാത്രം ഫാസിസത്തെ തടയുന്നവര്‍ക്കും, ഫ്രീതിങ്കന്മാര്‍ക്കും തിരിയില്ല.
പക്ഷേ, നെയ്ത്തുശാലയില്‍ പണിക്ക് പോയ, കണ്ണൂരിന്റെ മണ്ണില്‍ സംഘിനെ കണ്ടും അറിഞ്ഞും രാഷ്ട്രീയം പഠിച്ച, അടിയന്തിരാവസ്ഥയുടെ ഇരയായ അങ്ങേര്‍ക്കതറിയാം. അങ്ങേരുടെ പാര്‍ട്ടിക്കും.

916 വിപ്ലവകാരികള്‍ ഇന്നലെയൊരു ദിവസം മലകയറിയ പെണ്ണുങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച്, ഗാല്ലറിയിലിരുന്നപ്പോ ചന്തിയിലായ പൊടി തട്ടി എണീറ്റ് പോയിട്ടുണ്ട്. മാധ്യമപുങ്കവന്മാര്‍ ആര്‍ എസ് സ്സ് ഈക്വല്‍സ് സി പി ഐ എം സമീകരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നാളെ മുതല്‍ സംഘക്രമങ്ങളെ പ്രതിരോധിക്കുന്ന സി പി ഐ എമ്മിന് ക്ലാസെടുപ്പുള്ളതാണ്, പച്ചക്കള്ളങ്ങളെഴുതി പിടിപിക്കാനുള്ളതാണ്.

പ്രസ്ഥാനത്തില്‍ ‘തലച്ചോര്‍ പണയം വച്ച’ അന്തം കമ്മികള്‍ വിധിവന്ന ദിവസം മുതല്‍ തെരുവിലുണ്ട്. അവരുടെ ദേഹത്ത് പറ്റുന്നത് സംഘിന്റെ ആലയില്‍ പണിഞ്ഞെടുത്ത കൊലക്കത്തി കയറി മുറിയുമ്പോഴുള്ള ചോരയാണ്. അവര്‍ വെട്ടേറ്റ് വീഴുന്നതും ജീവന്‍ വെടിയുന്നതും പാര്‍ട്ടിക്ക് ഭൂരിപക്ഷം കൂട്ടാനല്ല. നാടിനെ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന്, സംഘപരിവാരത്തിന്റെ പച്ചിരുമ്പിനും വെടിമരുന്നിനും വിട്ടുകൊടുക്കാതിരിക്കനാണ്. ആര്‍ത്തവമുള്ള പെണ്ണശുദ്ധയല്ലെന്ന് ഉറക്കെ പറയാനാണ്.

ഏത് തരത്തിലുള്ള പ്രതിരോധമാണോ ഏറ്റവും അഭികാമ്യമെന്ന് തോന്നുന്നത് അവര്‍ ചെയ്യും. സംഘപരിവാരത്തിനാകെ മനസിലാകുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് മേല്‍ നോവലാണ്. ആ എഞ്ചിനീയറിംഗ് പോലീസും പാര്‍ട്ടിയും ജനകീയപിന്തുണയിലങ്ങ് ചെയ്തോളും. ആശയത്തിനാഴമുള്ളവര്‍ക്ക് മുന്‍പില്‍, മാനവികരാഷ്ട്രീയത്തിന് മുന്നില്‍ സംഘിനായുധം പോരാതെ വരും.

എനിക്കും നിങ്ങള്‍ക്കും ചെയ്യനാവുന്നതൊരു പക്ഷത്തുറച്ച് നില്‍ക്കലാണ്. ഒന്നുകില്‍ നാട് കത്തിക്കുന്ന സംഘിനും അവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രതിപക്ഷത്തിനുമൊപ്പം. അല്ലെങ്കില്‍ അവരെ പ്രതിരോധിക്കുന്ന മാനവികപക്ഷത്തിനൊപ്പം.

ആ പക്ഷത്തിനൊപ്പം എറിഞ്ഞിട്ടാല്‍ വീഴാത്ത മൂല്യങ്ങളുണ്ട്,
ചെളിയില്‍ പുതയാത്ത ബോധ്യങ്ങളുണ്ട്,
കാലം മുന്നോട്ടാണ് പോകേണ്ടതെന്നുറപ്പുള്ള ഒരു ഭരണാധികാരിയുണ്ട്,
ഭരണഘടനയുടെ പിന്‍ബലമുണ്ട്,
പിന്നില്‍ ജനങ്ങളുണ്ട്,
ഇന്നാട്ടിലെ പെണ്ണുങ്ങളുണ്ട്.

ആര്‍ക്കൊപ്പം നില്‍ക്കും നിങ്ങള്‍.??

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News