രണ്ട് സ്ത്രീകളെപ്പോലെ മലകയറി രണ്ട് കവിതകളും; കവിതകള്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍

ശബരി മല കയറി ചരിത്രം കുറിച്ച രണ്ട് ദളിത് സ്ത്രീകളെപ്പോലെ മലയാള കവിതയും മലകയറുകയാണ്. യുവതികളുടെ മലകയറ്റത്തിന് മുമ്പേ എഴുതപ്പെട്ടതാണെങ്കിലും യുവതീപ്രവേശത്തോടെ കവിതകളിലെ വരികള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

കവിയും പയ്യന്നൂര്‍ കോളേജ് അധ്യാപകനുമായ എസി ശ്രീഹരിയുടെ എന്റെ കവിത’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) യും കവിയും ഡോക്യുമെന്ററി സംവിധായകനുമായ എംഎസ് ബനേഷിന്റെ ഗര്‍ത്തം’ എന്ന കവിതയുമാണ് സമൂഹ മാധ്യമങ്ങളില്‍ പടരുന്നത്.

ആര്‍ത്തവത്തിന്റെയും അശുദ്ധിയുടെയും പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന സത്രീത്വം വിലക്കുകള്‍ പൊട്ടിച്ചെറിഞ്ഞ് കുതിക്കുന്നതാണ് രണ്ട് കവിതകളും. സമൂഹത്തില്‍ പല പോരാട്ടങ്ങള്‍ തുറക്കുന്ന കാലത്തിനൊപ്പം കരുത്തോടെ നിലയുറപ്പിക്കുന്ന മലയാള കവിതയുടെയും മാറിയ സമരമുഖമാണ് ഈ കവിതകള്‍.

കവിയായ അച്ഛന്റെ ആണധികാരത്തിന് അടിമപ്പെട്ട് നില്‍ക്കാതെ അണപൊട്ടിയൊഴുകുന്ന സ്ത്രീ ശക്തിയാണ് എ സി ശ്രീഹരിയുടെ എന്റെ കവിത.

അവളാണിന്നെന്‍ പമ്പാതടങ്ങള്‍ പൊളിച്ചവള്‍
അവളാണുരുള്‍പൊട്ടിത്തെറിച്ചുകുതിച്ചവള്‍
അവള്‍ പോകുന്നൂ വൃത്തംഭഞ്ജിച്ച് മലകേറി
മറ്റൊരു താളക്രമം തീര്‍ക്കുവാന്‍ തിമിര്‍ക്കുവാന്‍!”-എന്ന വരികളിലാണ് കവിത അവസാനിക്കുന്നത്.

എംഎസ് ബനേഷിന്റെ ‘ഗര്‍ത്തം’ എന്ന കവിതയും സമാന ഭാവം പകരുന്നതാണ്.ആര്‍ത്തവരക്തത്തിലാറാടിയ കവിതയെ ക്ഷേത്രനടകളിലേയ്ക്കുകൂടി ആനയിക്കുന്നതാണ് ഗര്‍ത്തം’.

കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്-
‘അതും നക്കിക്കുടിച്ചുഞാന്‍
കയറട്ടേ ക്ഷേത്രനടകളില്‍
അഭയാര്‍ത്ഥികളുടെ രക്തം കൊ-
ണ്ടഴുകിപ്പോയ ഭൂമിയെ
ഉണക്കിത്തരികെന്നുണര്‍ത്തിക്കാന്‍
കറുത്ത രക്തത്തിന്‍ ദൈവമേ”

രണ്ട് കവിതകളും പൂര്‍ണ്ണരൂപത്തില്‍ ചുവടെ വായിക്കാം:
***. ***. ***. ***
എന്റെ കവിത
എ.സി. ശ്രീഹരി

കവിതയൊരുവിധമെഴുതിക്കഴിഞ്ഞപ്പോള്‍-
ക്കരുതിയിനിയിവളെന്റെ ചൊല്പടിനില്ക്കും.
എന്റെ വാക്കുകള്‍, വൃത്തമാശയം, താളം, പ്രാസ-
മെന്റെയാണെല്ലാമെല്ലാമിവനേയെഴുത്തച്ഛന്‍.
അവളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ മറ്റാര് ഞാനല്ലാതെ-
യവളെയരങ്ങിലേക്കാനയിപ്പതും ഞാനേ!

രാവിലെയടുക്കളപ്പണികള്‍ പഠിപ്പവള്‍
രാവുകള്‍ കിടക്കകള്‍ പകുത്തുവായിപ്പവള്‍
അണകള്‍കെട്ടി ജ്ഞാനംനിറഞ്ഞു കിടന്നവ-
ളൊഴുകാനാവാതുടല്‍ സ്തംഭിതോര്‍ജത്താല്‍ ജൃംഭി-
ച്ചവളേ യവളാണിന്നാര്‍ത്തവം വന്നാലിരുള്‍-
ഗുഹയില്‍ രക്തം വാര്‍ന്നു തനിയേ കിടപ്പവള്‍.
അവളാണിന്നെന്‍ പമ്പാതടങ്ങള്‍ പൊളിച്ചവള്‍
അവളാണുരുള്‍പൊട്ടിത്തെറിച്ചുകുതിച്ചവള്‍
അവള്‍ പോകുന്നൂ വൃത്തംഭഞ്ജിച്ച് മലകേറി
മറ്റൊരു താളക്രമം തീര്‍ക്കുവാന്‍ തിമിര്‍ക്കുവാന്‍!

മാതൃഭൂമി ആഴ്ചപ്പതിപ്പ്
(2019 ജനുവരി)

***. ***. ***. ***

ഗര്‍ത്തം
എം.എസ് ബനേഷ്

ആര്‍ത്തവത്താലാറാടും
അഗാധരക്താഞ്ചിത ഗര്‍ത്തമേ,
ചെമ്പരത്തികള്‍ മാത്ര തന്‍
കൂമ്പു പൊട്ടിച്ചു ചാടുന്ന
ഉഷ്ണരക്തവെമ്പാലകളേ,
ഊതും മകുടിയെ ഗൗനിക്കാ-
തിരുകാലും പിണഞ്ഞുംകൊ-
ണ്ടൂഴി കൂര്‍പ്പിച്ചു പാതാളം
ചുഴിയും രക്തസര്‍പ്പങ്ങളേ,
എന്റെ ചഷകം കമിഴ്ത്തി ഞാന്‍
കളയും ശീതവോഡ്കയേ,
പകരം പാനം ചെയ്യട്ടേ
നിന്റെ കര്‍ക്കശവീഞ്ഞിനെ,
അതും നക്കിക്കുടിച്ചുഞാന്‍
കയറട്ടേ ക്ഷേത്രനടകളില്‍
അഭയാര്‍ത്ഥികളുടെ രക്തം കൊ-
ണ്ടഴുകിപ്പോയ ഭൂമിയെ
ഉണക്കിത്തരികെന്നുണര്‍ത്തിക്കാന്‍
കറുത്തരക്തത്തിന്‍ തെയ്യമേ.

(മാധ്യമം ആഴ്ച്ചപ്പതിപ്പ്, 2018 നവംബര്‍ 5)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here