ഹര്‍ത്താലിന്റെ മറവില്‍ ആര്‍എസ്എസും ബിജെപിയും കേരളത്തില്‍ നടത്തിയ അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇടത് എംപിമാര്‍

സ്ത്രീവിരുദ്ധ ഹര്‍ത്താലിന്റെ മറവില്‍ ആര്‍എസ്എസും ബിജെപിയും കേരളത്തില്‍ നടത്തിയ അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇടത് എംപിമാര്‍.

ബിജെപി ആര്‍എസ്എസ് അക്രമത്തിനെതിരെ പാര്‍ലിമെന്റിനുമുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചു. സുപ്രീംകോടതി വിധി ഉണ്ടെന്നിരിക്കെ നിയമനിര്‍മ്മാണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ലോക്സഭയില്‍ ഇടതുപക്ഷം വ്യക്തമാക്കി.

അതേസമയം ആര്‍എസ്എസ് ബിജെപി അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇടത് എംപിമാര്‍ രാജ്യസഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി.

കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ലക്ഷ്യമാക്കിയുള്ള ആര്‍എസ്എസ് ബിജെപി അക്രമങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഇടത് എംപിമാര്‍ ഉയര്‍ത്തിക്കൊണ്ട് വന്നത്.

ലോക്സഭ ശൂന്യവേളയില്‍ ശബരിമല വിഷയം ചര്‍ച്ചയായി. സഭയില്‍ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച എംപിമാര്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് എംപിമാര്‍ മറുപടി നല്‍കി.

കേരളത്തില്‍ വനിതാമതില്‍ വിജയിച്ചതില്‍ വിറളിപൂണ്ട് കൂടിയാണ് ബിജെപി നേതൃത്വത്തില്‍ അക്രമമെന്നും ശൂന്യവേളയില്‍ പി കരുണാകരന്‍ എംപി വ്യക്തമാക്കി.

കേരളത്തിലെ ആര്‍എസ്എസ് ബിജെപി അക്രമ സംഭവങ്ങള്‍ രാജ്യസഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എളമരം കരീം, കെ കെ രാഗേഷ് എന്നിവര്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയിരുന്നു.

എന്നാല്‍ നോട്ടീസിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് എംപിമാര്‍ രാജ്യസഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി. ബിജെപി നേതൃത്വത്തില്‍ സാധാരണക്കാര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും നടത്തിയ അക്രമങ്ങള്‍ക്കെതിരെ രാവിലെ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിയമ വാഴ്ചയ്ക്ക് എതിരെ അതിക്രമം നടക്കുകയാണെന്നും വിശ്വാസത്തിന്റെ പേര് പറഞ്ഞ് കേരളത്തില്‍ അഴിഞ്ഞാടുകയാണ് ബിജെപി ചെയ്യുന്നതെന്നും എംപിമാര്‍ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here