ഭരണഘടന, സമത്വം, മാനവികത എന്നിവ സംരക്ഷിക്കാന്‍ ലോകത്തിന് വഴികാട്ടിയായി കേരളമുണ്ടാകും; ആര്‍എസ്എസ് ബിജെപി അജണ്ട തുറന്നുകാട്ടപ്പെട്ടതിലെ ജാള്യത മറയ്ക്കാനാണ് അക്രമം; ശബരിമല വിഷയത്തില്‍ ഏറ്റവും നഷ്ടം കോണ്‍ഗ്രസിന്

ഭരണഘടന, സമത്വം, മാനവികത എന്നിവ സംരക്ഷിക്കാന്‍ ലോകത്തിന് വഴികാട്ടിയായി കേരളമുണ്ടാകുമെന്ന സന്ദേശമാണ് സ്ത്രീ പ്രവേശനത്തിലൂടെ കേരളം നല്‍കിയതെന്നായിരുന്നു സ്വാമി അഗ്‌നിവേശിന്റെ അഭിപ്രായം.

സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ മികച്ച സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. കോടതിയലക്ഷ്യനടപടിയാണ് തന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടായത്. ആര്‍എസ്എസ് ബിജെപി അജണ്ട തുറന്നുകാട്ടപ്പെട്ടതിലെ ജാള്യത മറയ്ക്കാനായിരുന്നു സ്ത്രീ വിരുദ്ധ ഹര്‍ത്താലിലിലെ അക്രമം എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ നിലപാടിനെ വിമര്‍ശിക്കാനും തയ്യാറായ സ്വാമി അഗ്‌നിവേശ് മുത്തലാഖ് ബില്ലിലും ശബരിമല വിഷയത്തിലും ബിജെപി കാട്ടുന്ന ഇരട്ടത്താപ്പിനെയും വിമര്‍ശിച്ചു.

ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെ സ്വാമി അഗ്‌നിവേശുമായി കൈരളി പീപ്പിള്‍ ടിവി റിപ്പോര്‍ട്ടര്‍ ശരത് കെ ശശി നടത്തിയ അഭിമുഖം.

 ശബരിമലയില്‍ സ്ത്രീപ്രവേശനം നടന്നിരിക്കുന്നു. എങ്ങനെ കാണുന്നു ഈ ചരിത്ര സംഭവം ?

= മഹത്തായ നിമിഷം. ഭരണഘടന,സമത്വം,മാനവികത എന്നിവ സംരക്ഷിക്കാന്‍ കേരളം ലോകത്തിന് വഴികാട്ടിയാകുമെന്ന സന്ദേശമാണ് സ്ത്രീ പ്രവേശനത്തിലൂടെ ഉണ്ടായിരിക്കുന്നത്. കനകദുര്‍ഗയും ബിന്ദുവും രാജ്യത്തിന്റെ നായികമാരായി. എല്ലാ വനിതകള്‍ക്കും ഈ ധൈര്യം ഉണ്ടാകണം. വ്യക്തിപരമായി ഉണ്ടാകണമെന്നല്ല,മറിച്ച് കൂട്ടായി പ്രവര്‍ത്തിക്കാനാണ് ധൈര്യം വേണ്ടത്. ജാതി വ്യവസ്ഥയ്ക്കെതിരെ, പുരുഷാധിപത്യത്തിനെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടാനായി ഈ ധൈര്യം മുതല്‍ക്കൂട്ടാക്കണം.

 സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിലെ സര്‍ക്കാര്‍ നിലപാടിനെ വിലയിരുത്തുമ്പോള്‍ ?

= മികച്ച സമീപനമാണ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാഗത്ത് നിന്നുണ്ടായത്.ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഒരുക്കാന്‍ പൊലീസിന് പൂര്‍ണമായ സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കി. അതിന്റെ ഭാഗമായി രണ്ട് യുവതികള്‍ കയറുകയും ചെയ്തു. മലകയറിയ ശേഷവും ഈ യുവതികള്‍ക്ക് മികച്ച സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചു. സുപ്രീംകോടതി വിധി നടപ്പിലാക്കാനും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനും സര്‍ക്കാരിനായി. അതിനാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

 സ്ത്രീപ്രവേശനത്തിന് പിന്നാലെ ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. അഭിപ്രായം ?

= കോടതിയലക്ഷ്യനടപടിയാണ് തന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടായത്. ശുദ്ധിക്രിയ എന്നപേരില്‍ തൊട്ടുകൂടായ്മ ആചരിക്കുകയാണ് ചെയ്തത്. ഭരണഘടനയുടെ 17ാം അനുച്ഛേദപ്രകാരം ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. 1989ലെ എസ്സി എസ്ടി ആക്ട് പ്രകാരമുള്ള കുറ്റവും ഇവര്‍ക്ക് മേല്‍ ചുമത്തി ജയിലിലടയ്ക്കണം

 ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ശേഷമുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് എങ്ങനെ നോക്കിക്കാണുന്നു ?

= സ്ത്രീ പ്രവേശനത്തിന് പിന്നാലെ ആര്‍എസ്എസും ബിജെപിയും നടത്തിയ അക്രമ സംഭവങ്ങള്‍ അപലപനീയമാണ്. ഇന്ത്യന്‍ ഭരണഘടനയോട് തന്നെയാണ് ഈ അക്രമികള്‍ കുറ്റം ചെയ്യുന്നത്. അക്രമസംഭവങ്ങളില്‍ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസ് എടുക്കാന്‍ സുപ്രീംകോടതി തയ്യാറാകണം. മുഖ്യമന്ത്രി പിണറായി വിജയന്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വിശ്വസിക്കുന്നു

 ആര്‍എസ്എസ് ബിജെപി അജണ്ട തുറന്നുകാട്ടപ്പെട്ടതിലെ ജാള്യത മറയ്ക്കാനായിരുന്നു ആക്രമം എന്ന് കരുതുന്നുണ്ടോ ?

= ശബരിമല ആചാരസംരക്ഷണത്തിന്റെ പേര് പറഞ്ഞ് കേരളത്തില്‍ വേരുറപ്പിക്കാനാകുമെന്നായിരുന്നു ബിജെപിയും ആര്‍എസ്എസും പ്രതീക്ഷിച്ചത്.എന്നാല്‍ ഇവരുടെ ആ തന്ത്രം കേരളത്തിലെ ജനങ്ങള്‍,വിശിഷ്യാ വനിതകള്‍ ഉള്‍പ്പെടെ തള്ളിക്കളഞ്ഞു. ഈ തന്ത്രം പരാജയപ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഇപ്പോള്‍ അഴിച്ചുവിടുന്നത്.

 ശബരിമല വിഷയത്തിന് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരായി ജാതി അധിക്ഷേപം രൂക്ഷമായതിനെക്കുറിച്ച്

= എല്ലാ തരത്തിലുമുള്ള വിധ്വേഷ പ്രസംഗവും ജാതി പരമാര്‍ശങ്ങളും നിയമത്തിന് എതിരാണ്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകണം.

 ശബരിമല സ്ത്രീ പ്രവേശനം മുത്തലാഖ് ബില്‍ എന്നീ രണ്ട് വിഷയങ്ങളിലും സ്ത്രീ തുല്യത, മതാചാരം എന്നീ ഘടകങ്ങള്‍ പൊതുവാണ്. ഈ രണ്ട് വിഷയങ്ങളിലെയും ബിജെപി നിലപാട് വിരുദ്ധമാകുന്നത് എന്ത് കൊണ്ട് ?

= ശബരിമല സ്ത്രീ പ്രവേശനം മുത്തലാഖ് ബില്‍ ഈ രണ്ട് വിഷയങ്ങളിലെയും ബിജെപി നിലപാട് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. സുപ്രീം കോടതി വിധിയുടെ പേര് പറഞ്ഞുകൊണ്ട് മുത്തലാഖ് വിഷയത്തില്‍ മുസ്ലീം വ്യക്തി നിയമത്തില്‍ അവര്‍ കൈ കടത്തുന്നു.എന്നാല്‍ മറുവശത്ത് ഇതേ ബിജെപി ശബരിമല വിഷയത്തില്‍ നേരെ വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നത്. ശബരിമലയില്‍ ഇവര്‍ പറയുന്നു ഇത് ഞങ്ങളുടെ സംസ്‌കാരം, പാരമ്പര്യം എന്നൊക്കെ. ലിംഗ നീതി, തുല്യത,സ്ത്രീ അവകാശം എന്നിവ ഇയര്‍ത്തിപ്പിടിക്കാനാണ് മുത്തലാഖ് ബില്‍ എന്നാണ് ബിജെപി പറയുന്നത്.എന്നാല്‍ എന്ത്കൊണ്ടാണ് ഇതേ ഉള്ളടക്കത്തോടെയുള്ള ശബരിമല വിധിയെ ഇവര്‍ക്ക് അംഗീകരിക്കാന്‍ ആകാത്തത്. ഇതെന്തൊരു വിഡ്ഢിത്തമാണ്. ജനങ്ങള്‍ ഇത് കാണുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കാണം.

 ശബരിമല വിഷയത്തില്‍ കൊടി പിടിക്കാതെ സമരത്തിന് ഇറങ്ങാന്‍ കോണ്‍ഗ്രസ് അണികള്‍ക്ക് അനുമതി നല്കിയതിനെപ്പറ്റി ?

= കോണ്‍ഗ്രസ് ഒളിച്ചു കളിനടത്തുകയാണ്. ദേശീയ നേതാക്കളുടെ നിലപാടിനൊപ്പം നീങ്ങാന്‍ കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറാകണം. രമേശ് ചെന്നിത്തലയോടുള്ള എന്റെ ഉപദേശമാണിത്. കോണ്‍ഗ്രസിന്റെ സമരങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണ ഇല്ല. രാഹുലിന്റെ ഈ സമീപനത്തില്‍ നിന്നും രമേശ് ചെന്നിത്തലയ്ക്കും കേരളത്തിലെ കോണ്‍ഗ്രസിനും കോണ്‍ഗ്രസ് പാര്‍ട്ടി നിലകൊള്ളുന്നത് എന്തിനാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. നിലപാടുകള്‍ ഇല്ലാതെ,കാര്യങ്ങള്‍ തിരിച്ചറിയാതെ ആര്‍ എസ് എസ് നിലപാടിലേക്ക് കോണ്‍ഗ്രസ് വഴുതിവീഴുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിക്കാണ് ദോഷമുണ്ടാക്കുന്നത് എന്ന് രമേശ് ചെന്നിത്തല മനസ്സിലാക്കണം. പാര്‍ട്ടിയുടെ ഭാവിയെയാണ് ഈ നിലപാട് കൊണ്ട് നിങ്ങള്‍ അപകടത്തില്‍ ആക്കുന്നത് എന്നും ചെന്നിത്തല ഓര്‍ക്കണം. ഈ സമീപനം തിരുത്തിയില്ലെങ്കില്‍ ബിജെപിയുടെ കാര്‍ബണ്‍ കോപ്പി ആയി കോണ്‍ഗ്രസ് മാറും.ബാക്കിയുള്ള വിശ്വാസ്യത കൂടി കോണ്‍ഗ്രസിന് നഷ്ടമാകുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. ഇതേ സ്ഥിതി തുടരുകയാണ് ഏറ്റവും വലിയ നഷ്ടം അത് കോണ്‍ഗ്രസിന് ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്

 വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് പങ്കെടുത്തുവല്ലോ, എന്തായിരുന്നു അനുഭവം ?

= വനിതാമതില്‍ ഏറെ ആവേശകരമായിരുന്നു. 620 കിലോമീറ്റര്‍ യാതൊരു സംഘര്‍ഷവും സൃഷ്ടിക്കാതെ ഇങ്ങനെ ഒരു മതില്‍ കെട്ടി എന്നത് അത്ഭുതമാണ്.സങ്കുചിതമായ കാഴ്ചപ്പാടുകള്‍ക്കെതിരെ അണിനിരക്കാന്‍ ലക്ഷക്കണക്കിന് വനിതകള്‍ തയ്യാറായി എന്നത് അവിശ്വസനീയമാണ്. ചരിത്രത്തിലെ മഹാ സംഭവമായി വനിതാമതില്‍ മാറിയെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel