എഎന്‍ ഷംസീറിന്റെയും പി ശശിയുടെയും വീടിന് നേരെ ബോംബേറ്; ഇരിട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം

കണ്ണൂര്‍: കണ്ണൂരില്‍ സംഘപരിവാര്‍ കലാപ നീക്കം. എഎന്‍ ഷംസീര്‍ എംഎല്‍എയുടെയും സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശിയുടെയും വീടിന് നേരെ ബോംബെറിഞ്ഞു.

ഇരിട്ടി പെരുമ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തലശ്ശേരി മേഖലയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണവുമുണ്ടായി.

തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ വീടിന് നേരെ രാത്രി 10.15നാണ് ബോംബ് എറിഞ്ഞത്. തലശ്ശേരിയില്‍ കണ്ണൂര്‍ എസ്പി വിളിച്ചു ചേര്‍ത്ത സമാധാന യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു ആര്‍എസ്എസ് ബോംബാക്രമണം. ഷംസീര്‍ എംഎല്‍എ സമാധാന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.

ആക്രമണം നടക്കുമ്പോള്‍ എംഎല്‍എയുടെ കുടുംബാഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. വീടിന്റെ മുറ്റത്താണ് ബോംബ് പതിച്ചത്. സ്ഫോടനത്തില്‍ വാട്ടര്‍ ടാങ്കും ചെടിച്ചട്ടികളും തകര്‍ന്നു. ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്ന് എഎന്‍ ഷംസീര്‍ പറഞ്ഞു.

സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ വീടിന് നേരെയും ബോംബ് ആക്രമണം ഉണ്ടായി. ബോംബേറില്‍ ജനല്‍ ചില്ലുകളും വാതിലും തകര്‍ന്നു.

ഇരിട്ടി മേഖലയിലും ആര്‍എസ്എസ് അക്രമം അഴിച്ചു വിട്ടു. പെരുമ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകന്‍ വിശാഖിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പരുക്കേറ്റ വിശാഖിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വാഴയില്‍ ശശിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. വീട്ടിലെ മുഴുവന്‍ ഗൃഹോപകരണങ്ങളും അടിച്ചു തകര്‍ത്തു. തലശ്ശേരി, ഇരിട്ടി മേഖലകളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യാസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here