ഉയര്‍ത്തെഴുന്നേല്പിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി മാറിയ സൈമണ്‍ ബ്രിട്ടോയ്ക്ക് തൃശൂരിന്റെ ഹൃദയാഞ്ജലി

ജീവിക്കുകയും ജീവിതകാലം മുഴുവന്‍ അസാധാരണമായ യുവത്വം സൂക്ഷിക്കുകയും ചെയ്ത സൈമണ്‍ ബ്രിട്ടോയുടെ ദീപ്തമായ ഓര്‍മയില്‍ ഒത്തുകൂടിയവര്‍ വാക്കുകള്‍ കിട്ടാതെ വിതുമ്പി.

മരണമില്ലാത്ത ഓര്‍മകള്‍ സമ്മാനിച്ചു കടന്നുപോയ ആ വിപ്ലവകാരിയുടെ സമാനതകളില്ലാത്ത ജീവിതത്തെ വ്യത്യസ്ത കാലങ്ങളില്‍ ബ്രിട്ടോയോടൊപ്പം പ്രവര്‍ത്തിക്കുകയും സഞ്ചരിക്കുകയും പല വഴികളിലേക്ക് ചിതറിപ്പോവുകയും ചെയ്ത സുഹൃത്തുക്കള്‍ ഓര്‍ത്തെടുത്തു. അനുസ്മരണയോഗം സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. ജീവിക്കുന്ന രക്തസാക്ഷി എന്ന വിശേഷണം ആദ്യമായി നല്കിയത് ബ്രിട്ടോയ്ക്കാണെന്ന് അദ്ദേഹം പറഞ്ഞു.എപ്പോഴും പ്രകാശം പ്രസരിപ്പിച്ച അസ്തമിക്കാത്ത സൂര്യനായിരുന്നു ബ്രിട്ടോ. അതുകൊണ്ടാണ് മകള്‍ക്ക് നിലാവ് എന്ന് വെളിച്ചം വിതറുന്ന പേരിട്ടത്. ബ്രിട്ടോ ജീവിതത്തിലും എഴുത്തിലും പോരാളിയുടെ കരുത്തും ഭാഷയും കാത്തു സൂക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.


ബ്രിട്ടോയുടെ ആത്മമിത്രങ്ങളും പ്രിയജനങ്ങളും സഹപ്രവര്‍ത്തകരും പങ്കെടുത്ത അനുസ്മരണയോഗത്തില്‍ രാവുണ്ണി അധ്യക്ഷനായി. പി എസ് ഇക്ബാല്‍, പ്രൊഫ. ടി എ ഉഷാകുമാരി, കാവുമ്പായി ബാലകൃഷ്ണന്‍, യു പി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ടി ആര്‍ ശിവശങ്കരന്‍ , പ്രൊഫ. ആര്‍ ബിന്ദു, പി ജെ ആന്റണി, പി സി ഉണ്ണിച്ചെക്കന്‍, ടി നരേന്ദ്രന്‍, കെ വി ഗണേഷ്, സി ആര്‍ ദാസ്, എന്‍ രാജന്‍, എം എന്‍ വിനയകുമാര്‍, ചെറിയാന്‍ ഇ ജോര്‍ജ്, വി ജി ഗോപാലകൃഷ്ണന്‍, എന്‍ മൂസക്കുട്ടി, വി ഡി പ്രേംപ്രസാദ്, ടി ജി അജിത, പി വി സജീവ്, ഷീബ അമീര്‍, പി കെ ഷാജന്‍, വി വി പരമേശ്വരന്‍, ഇ ഡി ഡേവിസ്, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News