മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ലെന്ന് ശിവസേന

പത്ത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്ത ഒരു നേതാവ് ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയാകില്ലെന്ന് ശിവസേന. ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെതിരേ നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മന്‍മോഹന്‍ സിംഗിന് പിന്തുണയുമായി ശിവസേന കൂടി രംഗത്തു വന്നിരിക്കുകയാണ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവചരിത്രം പറയുന്ന ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മന്‍മോഹന്‍ സിങ്ങിന് പിന്തുണയുമായി ശിവസേന രംഗത്തെത്തിയത് ബി ജെ പി യ്ക്ക് തലവേദനയായിരിക്കുകയാണ്. മന്‍മോഹന്‍ സിങ് ആകസ്മികമായി പ്രധാനമന്ത്രിയായതല്ലെന്നും മറിച്ച് വിജയം വരിച്ച പ്രധാനമന്ത്രിയാണെന്നുമായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.

എന്‍ ഡി എ ഘടകകക്ഷിയായി ഇപ്പോഴും തുടരുന്ന ശിവസേന 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വിടുമെന്നത് ഈ പ്രസ്താവനയിലൂടെ ഏറെ കുറെ ഉറപ്പായി. രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാവാതെ ഒരു തരത്തിലും ബിജെപിയുമായി സഖ്യമില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പത്ത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു നേതാവ് എങ്ങനെ ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയാകും. നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ് എന്നായിരുന്നു സഞ്ജയ് റൗത്തിന്റെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പരാജയമാണ് എന്നത് പറയാതെ പറഞ്ഞിരിക്കുകയാണ് ശിവസേന. ഇന്ത്യ കണ്ട പ്രധാനമന്ത്രിമാരില്‍ നരസിംഹ റാവുവിന് ശേഷം ഏറ്റവും നല്ല പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണെന് പറഞ്ഞത് മോദിയുടെ പരാജയം എടുത്തു കാണിക്കുന്നു. ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെതിരേ നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

അനുപം ഖേര്‍ നായകനാകുന്ന ചിത്രം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി ട്വിറ്ററില്‍ ഈ സിനിമയുടെ ട്രയിലര്‍ ഷെയര്‍ ചെയ്തത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നു. എന്‍ ഡി എ ഘടകകക്ഷിയായ ശിവസേനയുടെ നിലപാട് കോണ്‍ഗ്രസിന് ആത്മധൈര്യം നല്‍കുന്നതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here