അക്രമം അഴിച്ചുവിട്ട് യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ആര്‍എസ്എസ് ശ്രമം; സിപിഐഎം പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം; ഇവരുടെ പ്രകോപനത്തില്‍ വീഴരുത്: കോടിയേരി

തിരുവനന്തപുരം: സ്‌ത്രീപുരുഷ സമത്വത്തിനുവേണ്ടിയുള്ള നവോത്ഥാന മുന്നേറ്റത്തെ തടയാനാണ്‌ ആർഎസ്‌എസ്‌ അക്രമം അഴിച്ചുവിടുന്നതെന്ന്‌ സിപിഐ എം സംസ്ഥാന കോടിയേരി ബാലകൃഷ്‌ണൻ.

സിപിഐ എം‐ബിജെപി സംഘർഷം എന്ന വാർത്തയിലേക്കെത്തിച്ച്‌ യഥാർഥ പ്രശ്‌നത്തിൽ നിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ ആർഎസ്‌എസ്‌ ഇത്തരം ആക്രമണം നടത്തുന്നത്‌.

സിപിഐ എം പ്രവർത്തകർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ബിജെപി സൃഷ്‌ടിക്കുന്ന പ്രകോപനത്തിൽ പ്രവർത്തകർ പെട്ടുപോകരുത്‐ കോടിയേരി പറഞ്ഞു.

വീടുകൾക്കുനേരെ യാതൊരു അക്രമപ്രവർത്തനവും നടത്താൻ പാടില്ല എന്ന്‌ ഉഭയകക്ഷി ചർച്ചയിൽ രണ്ടു പാർടികളുടെയും നേതാക്കൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം ലംഘിക്കാൻ പാടില്ല.

ഇപ്പോൾ അത്‌ ലംഘിക്കുന്നതിന്‌ ആർഎസ്‌എസ്‌ ആണ്‌ തലശേരിയിൽ തുടക്കം കുറിച്ചത്‌. അതിനെ തുടർന്ന്‌ അവിടെ ചില അക്രമ സംഭവങ്ങളുണ്ടായി.

ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പാർടി പ്രവർത്തകർ ഇടപെടണം എന്നും കോടിയേരി ആവശ്യപ്പെട്ടു.

പ്രശ്‌നങ്ങൾ ഉള്ള സ്ഥലങ്ങളിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ട്‌. എന്നാൽ സമാധാന ചർച്ച നടക്കുന്ന സമയത്ത്‌ അതിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന നേതാക്കളുടെ വീട്‌ ആക്രമിക്കുക എന്ന സമീപനമാണ്‌ ആർഎസ്‌എസ്‌ സ്വീകരിക്കുന്നത്‌.

തലശേരിയിൽ സബ്‌കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കവേയാണ്‌ എ എൻ ഷംസീർ എംഎൽഎയുടെ വീട്‌ ആക്രമിച്ചത്‌.

ഈ സമീപനം ശരിയാണോ എന്ന്‌ ആർഎസ്‌എസ്‌ പരിശോധിക്കണം. എന്നിരുന്നാലും സമാധാനവുമായി മുന്നോട്ടുപോകാനാണ്‌ സിപിഐ എം ഉദ്ദേശിക്കുന്നത്‌.

കേരളത്തിൽ നടക്കുന്ന വലിയ സാമൂഹ്യ നവോത്ഥാന ചർച്ചകളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യമാണ്‌ ആർഎസ്‌എസ്‌ ആക്രമണങ്ങൾക്കു പിന്നിൽ. അതു മനസിലാക്കി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും കോടിയേരി പറഞ്ഞു.

ആർഎസ്‌എസ്‌ രാജ്യത്തുടനീളം ശ്രമിക്കുന്നത്‌ വർഗീയ കലാപത്തിനാണ്‌. എന്നാൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമം ഉത്തരേന്ത്യയിലേതുപോലെ ഇവിടെ നടക്കില്ല.

കേരളം അതിന‌് അനുവദിക്കില്ല. കോഴിക്കോട‌് പ്രകോപനമുണ്ടാക്കി കലാപം അഴിച്ചുവിടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ജനങ്ങൾ ഇക്കാര്യങ്ങൾ മനസിലാക്കുന്നുണ്ട‌്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ‌് പരമാവധി സംയമനം പാലിച്ചു. എന്നാൽ സംയമനം ദൗർബല്യമായി കാണരുത‌്.

അക്രമം അടിച്ചമർത്തണം. ശബരിമല വിഷയത്തിൽ ഹർത്താൽ നടത്തി ആർഎസ‌്എസുകാർ പരിഹാസ്യരാകുന്നതല്ലാതെ സ‌്ത്രീകൾ കയറുന്നത‌് തടയാനാവില്ല.

ഓരോ ദിവസം കഴിയുംതോറും ബിജെപിയുടെ മുഖം വികൃതമാവുകയാണ‌്. സ‌്ത്രീപ്രവേശനം സംബന്ധിച്ച‌് ബിജെപി നേതാക്കൾക്ക‌് പല അഭിപ്രായമാണ‌്.

കഴിഞ്ഞ ദിവസം സ‌്ത്രീകൾ കയറിയതിനെപ്പറ്റി വക്രീകരിച്ചാണ‌് പലരും ചിത്രീകരിച്ചത‌്. തങ്ങൾ എങ്ങനെ കയറി എന്ന‌് കയറിയവർതന്നെ വ്യക്തമാക്കിയിട്ടുണ്ട‌്.

ശുദ്ധിപ്രക്രിയയെപ്പറ്റിയുള്ള തർക്കങ്ങൾ അതുമായി ബന്ധപ്പെട്ട‌് വിവരമുള്ളവർ കൈകാര്യം ചെയ്യട്ടെ. നവോത്ഥാന മൂല്യങ്ങൾ സംബന്ധിച്ച‌ും ഭരണഘടനാവകാശങ്ങൾ സംബന്ധിച്ചും പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട‌്.

അതിനുള്ള പ്രവർത്തനങ്ങൾ നവോത്ഥാന മൂല്യ സംരക്ഷണ സമിതി ആസൂത്രണം ചെയ്യും. അവരുടെ പ്രവർത്തനങ്ങൾക്ക‌് ആവശ്യമായ എല്ലാ പിന്തുണയും സിപിഐ എം നൽകും‐കോടിയേരി വയക്തമാക്കി.

ആർഎസ്‌എസ്‌ മറ്റു പാർടികളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയാണെന്ന്‌ മനസിലാക്കി അവരോട്‌ ഇടപെടാൻ പൊലീസ്‌ തയ്യാറാകണം.

പൊലീസ്‌ ഉദ്യോസ്ഥരെ നിഷ്‌ക്രിയരാക്കാനായി അവരെയും കുടുംബാംഗങ്ങളെയും ഭയപ്പെടുത്താനാണ്‌ ആർഎസ്‌എസ്‌ ശ്രമിക്കുന്നത്‌.

അതൊരു ഫാസിസ്റ്റ്‌ രീതിയാണ്‌. അതിന്‌ വിധേയരായി കൃത്യനിർവഹണം നടത്താൻ പൊലീസ്‌ ഉദ്യോഗസ്ഥർ വിമുഖതകാട്ടരുത്‌.

ആർഎസ്‌എസ്‌ ഭീഷണിക്ക്‌ വിധേയരാകാതെ പ്രവർത്തിക്കുന്ന നല്ലൊരു വിഭാഗം പൊലീസ്‌ ഉദ്യോഗസ്ഥർ കേരളത്തിൽ ഉള്ളതുകൊണ്ടാണ്‌ അവരുടെ ഉദ്ദേശ്യം കേരളത്തിൽ നടപ്പാകാത്തത്.

ഈ ദിവസങ്ങളിൽ പൊലീസ്‌ ആത്മസംയമനം പാലിച്ചതിനെ ഒരു ദൗർബല്യമായി കണ്ട്‌ നിയമം കൈയിലെടുക്കാനാണ്‌ ആർഎസ്‌എസ്‌ തുനിയുന്നതെങ്കിൽ ശക്തമായ നടപടിയിലൂടെ അവരെ അടിച്ചൊതുക്കാൻ പൊലീസ്‌ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News