പുകസാ നവകേരള സാംസ്‌കാരിക യാത്രകള്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കും

കേരളത്തിലെ മുഴുവൻ മതേതര സാംസ്കാരിക പ്രവർത്തകരേയും പ്രതിഭകളേയും അണിനിരത്തി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി “നവകേരള സാംസ്കാരിക യാത്ര” എന്ന പേരിൽ രണ്ടു ജാഥകൾ സംസ്ഥാനത്ത് പര്യടനം നടത്താൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.

ഒരു ജാഥ കാസർക്കോട്ട് വെച്ച് 2019 ഫെബ്രുവരി 2ന് വൈകീട്ട് കാസർക്കോട് വെച്ച് ഉൽഘാടനം ചെയ്യുന്നു. മറ്റൊരു ജാഥ ഫെബ്രുവരി 1ന് തിരുവനന്തപുരത്തു നിന്നാണ് പുറപ്പെടുന്നത്. രണ്ടു ജാഥകളും ഫെബ്രൂവരി 9ന് തൃശൂരിൽ സംഗമിച്ച് സമാപിക്കും.

കേരളം ഒരിക്കൽ അഭിമാനപൂർവ്വം മറികടന്ന ജാതി ജന്മി പൗരോഹിത്യം തിരിച്ചു വരാൻ ശ്രമിക്കുന്ന കാഴ്ചയാണ് സമീപകാലത്ത് കാണാൻ കഴിഞ്ഞത്.

ശവക്കുഴിയിൽ നിന്നെഴുന്നേറ്റു വരാൻ ഫ്യൂഡൽ പൗരോഹിത്യത്തിന് പിന്തുണയാകുന്നത് കേന്ദ്രത്തിൽ നിലനിൽക്കുന്ന മനുവാദികളുടെ ഭരണമാണ്. മുഖ്യമന്ത്രിയേപ്പോലും ജനിച്ചുവീണ ജാതിയും കർമ്മവും ഓർമ്മിപ്പിക്കാൻ ആർ.എസ്.എസ്. തയ്യാറാവുന്നു.

തങ്ങളുടെ വരുതിയിൽ ദൈവമുണ്ടെന്നും ആ ദൈവത്തെ ഇഷ്ടംപോലെ പൂട്ടിയിടാനും എതിർക്കുന്നവർക്കു നേരെ അഴിച്ചുവിടാനും അവകാശമുണ്ടെന്ന പഴയ ഭീഷണി പൗരോഹിത്യം വീണ്ടും ഉയർത്തിയിരിക്കുന്നു.

ഇതേ ഭീഷണി ഉപയോഗിച്ചാണ് പണിയെടുക്കുന്ന ജനതയെ നൂറ്റാണ്ടുകളോളം അവർ ചവുട്ടിയരച്ചത്. ഇതിനെതിരായിട്ടാണ് മഹത്തായ കേരള നവോത്ഥാനം നടന്നത്.

വർണ്ണവ്യവസ്ഥയുടെ സംരക്ഷകരായ സംഘപരിവാറിന്റെ ഭരണത്തിനു കീഴിൽ രാജ്യത്തെ സ്ത്രീകളും ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളും ഭീകരമായി ആക്രമിക്കപ്പെടുന്നു. ശബരിമല വിധിയെ തുടർന്ന് കേരളത്തിൽ സ്ത്രീത്വത്തിനു നേരെ വ്യാപകമായ കടന്നാക്രമണം ഉണ്ടായി.

സ്ത്രീ അശുദ്ധയും അടിമയും അസ്വതന്ത്രയുമാണെന്ന് വിളിച്ചു പറയുന്നവരുടെ തെരുവു തെമ്മാടിത്തത്തിന് സമീപ ദിവസങ്ങളിൽ കേരളം സാക്ഷിയായി.

അഭിമാനകരമായ സംഗതി ജാതി മേധാവിത്തത്തിന്റെ ഈ പ്രേതബാധയെ കേരളം ഒന്നിച്ചു നിന്ന് എതിർത്തു തോൽപ്പിച്ചു എന്നതാണ്. പ്രളയകാലത്തെന്ന പോലെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ വെല്ലുവിളികളെ നേരിടൻ ജനങ്ങളുടെ മുന്നിൽ നിന്നു.

പുതുവർഷദിനത്തിൽ ലോകത്തെ അഭിമാനം കൊള്ളിച്ചുകൊണ്ട് കേരളത്തിൽ ഉയർന്ന വനിതാമതിൽ നവോത്ഥാന മൂല്യങ്ങൾ തന്നെയാണ് കേരളത്തിന്റെ അടിവേരുകൾ എന്നു തെളിയിച്ചു.

ശമ്പരിമലയിൽ ഭക്തവേഷം കെട്ടി ആർ.എസ്.എസ് നടത്തിയ ഗുണ്ടായിസത്തിനെതിരെ സമാനതകളില്ലാത്ത വിധമുള്ള വിപുലമായ സാംസ്കാരിക ഐക്യമാണ് കേരളത്തിൽ ഉണ്ടായത്.

പ്രളയം കേരളത്തെ തകർത്തുവെങ്കിലും അതിനെ പ്രതിരോധിക്കുന്നതിൻ കേരളം പ്രകടിച്ചിച്ച മതേതര ജനകീയ ഐക്യം അവിസ്മരണീയമാണ്.

രണ്ടു ഘട്ടങ്ങളിലും ഉണ്ടായ ഈ ഐക്യത്തെ സർഗ്ഗാത്മകമാക്കി കേരളീയന്റെ സംസ്കാരവും ജീവിതരീതിയുമാക്കി മാറ്റേണ്ടത് പ്രതിബദ്ധരായ സാംസ്കാരിക പ്രവർത്തകരുടെ കടമയാണ്. ആ ഐക്യത്തെ രാജ്യം നേരിടുന്ന വർഗ്ഗീയ വിഭജന ഭീഷണിക്കെതിരെ നമുക്ക് ഉപയോഗിക്കാനാവണം.

പു ക സ ഒറ്റക്ക് ഈ വെല്ലുവിളി ഏറ്റെടുക്കണം എന്നല്ല തീരുമാനിച്ചിട്ടുള്ളത്. വ്യത്യസ്ത ആശയങ്ങളും വീക്ഷണങ്ങളും പുലർത്തുമ്പോൾത്തന്നെ മതേതര ജനാധിപത്യ പക്ഷത്ത് അടിയുറച്ചു നിൽക്കുന്ന എല്ലാ എഴുത്തുകാരെയും കലാകാരന്മാരെയും വ്യത്യസ്ത സാംസ്കാരിക സംഘടനകളേയും സ്വതന്ത്ര വ്യക്തികളേയും ഐക്യപ്പെടുത്തുക എന്നത് ജാഥയുടെ മുഖ്യ ഉദ്ദേശമാണ്.

ജാഥകൾക്ക് ഉടനീളം പ്രത്യേകിച്ച് നായകന്മാർ ഉണ്ടാവില്ല. ഓരോ സ്ഥലങ്ങളിലും പ്രഗൽഭരായ പ്രതിഭകൾ ജാഥക്ക് നേതൃത്തം നൽകുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്യും. കലാപ്രകടനങ്ങളും ഡിജിറ്റൽ ദൃശ്യക്കാഴ്ചകളും ജാഥയോടൊപ്പം ഉണ്ടാവണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News