തുടരുന്നത് സംഘടിതമായ ആര്‍എസ്എസ് കലാപം; ആഹ്വാനം സംസ്ഥാന നേതാക്കള്‍ നേരിട്ടിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത‌് ദിവസങ്ങളായി തുടരുന്ന അക്രമ പരമ്പരയ‌്ക്ക‌് നേതൃത്വം നൽകിയത‌് ആർഎസ‌്എസ‌് സംസ്ഥാന നേതൃത്വമാണെന്ന‌് വെളിപ്പെട്ടു.

കഴിഞ്ഞദിവസം നെടുമങ്ങാട‌് പൊലീസ‌് സ‌്റ്റേഷനിലേക്ക‌് ബോംബെറിഞ്ഞ ആർഎസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണിന്റെ ദൃശ്യങ്ങൾ സ‌്റ്റേഷനു സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.

നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസും തിരിച്ചറിഞ്ഞു. നെടുമങ്ങാട‌് പൊലീസ‌് സ‌്റ്റേഷനിലേക്ക‌് ഹർത്താൽ ദിനത്തിൽ ആറുതവണയാണ‌് ബോംബെറിഞ്ഞത‌്.

ബുധനാഴ‌്ച ശബരിമലയിൽ രണ്ട‌് യുവതികൾ കയറിയതിനെത്തുടർന്ന‌് സംസ്ഥാനത്ത‌് തുടരുന്ന അക്രമങ്ങളുടെ ചുക്കാൻ പിടിക്കുന്നത‌് ആർഎസ‌്എസ‌് നേതൃത്വമാണെന്ന‌് ഇതിലൂടെ വ്യക്തം. ഹർത്താലിനുശേഷവും തുടർച്ചയായി സിപിഐ‌ എം നേതാക്കളുടെ വീടിനുനേരെയുള്ള ആക്രമണം തുടരുകയാണ‌്.

ഹർത്താൽ അക്രമങ്ങളെത്തുടർന്ന‌് സംസ്ഥാനത്ത‌് അറസ‌്റ്റിലായവരുടെ എണ്ണം 3282 ആയി. 1286 കേസുകളിലായി 38000ത്തോളം പേരാണ‌് പ്രതികൾ.

അറസ‌്റ്റിലായവരിൽ 487 പേർ റിമാൻഡിലാണ‌്. 2795 പേർക്ക് ജാമ്യം ലഭിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത് 486 പേർ.

പാലക്കാട് 410 പേരും ആലപ്പുഴയിൽ 328 പേരും കണ്ണൂരിൽ 304 പേരും അറസ്റ്റിലായി. അതേസമയം സംസ്ഥാനത്ത് അക്രമസംഭവങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് അതീവജാഗ്രതാ നിർദേശം നൽകി. തലശ്ശേരി, അടൂർ‍ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

ആർഎസ‌്എസ‌് അക്രമം ശനിയാഴ‌്ചയും തുടർന്നു. തലശ്ശേരിയിൽ ഡിവൈഎഫ‌്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ചിനുനേരെ ആർഎസ‌്എസ‌് പ്രവർത്തകർ കല്ലെറിഞ്ഞു.

മൂന്നുപേർക്ക‌് പരിക്കേറ്റു. കാസർകോട‌് ജില്ലയിൽ വനിതാമതിലിൽ പങ്കെടുത്ത ജില്ലാ ബാങ്ക‌് ജീവനക്കാരിയുടെ വീട‌് അടിച്ചുതകർത്തു.

പെരിയയിൽ രണ്ട‌് സിപിഐ എം പ്രവർത്തകരെ കോൺഗ്രസുകാർ ഇരുമ്പുവടികൊണ്ട‌് തലയ‌്ക്കടിച്ചുവീഴ‌്ത്തി. കോഴിക്കോട‌് ജില്ലയിലെ പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകൻ കുളപ്പുറത്ത‌് രാധാകൃഷ‌്ണന്റെ വീട‌് ആർഎസ‌്എസുകാർ ബോംബെറിഞ്ഞ‌് തകർത്തു.

രാമനാട്ടുകരയിൽ സിപിഐ എം ബ്രാഞ്ച‌് സെക്രട്ടറിയുടെ വീട‌് അടിച്ചു തകർത്തു. കഴിഞ്ഞദിവസം അക്രമം പടർന്ന തലശ്ശേരിയിലും പത്തനംതിട്ട ജില്ലയിലെ അടൂരിലും പൊലീസ‌് റൂട്ട‌് മാർച്ച‌് നടത്തി.

കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ അക്രമം തടയാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക‌്‌നാഥ് ബെഹ‌്റ അറിയിച്ചു. സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. കണ്ണൂർ ജില്ലയിൽ പൊലീസ് പട്രോളിങ്ങും പരിശോധനയും ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here