നിക്ഷേപ വളര്‍ച്ച കുത്തനെ താ‍ഴോട്ട്; നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ തൊ‍ഴിലവസരങ്ങള്‍

ന്യൂഡൽഹി: രാജ്യത്തെ നിക്ഷേപവളർച്ച കഴിഞ്ഞ സാമ്പത്തികവർഷം 14 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക‌് കൂപ്പുകുത്തി.

കഴിഞ്ഞവർഷംമാത്രം ഒരു കോടി 10 ലക്ഷം പേർക്ക‌് തൊഴിൽ നഷ്ടമായി. മൊത്തം ജനസംഖ്യയുടെ 66 ശതമാനം അധിവസിക്കുന്ന ഗ്രാമീണമേഖലയിലാണ് തൊഴിൽനഷ്ടത്തിൽ 84 ശതമാനവും.

88 ലക്ഷം സ്ത്രീകള്‍ക്കും 22 ലക്ഷം പുരുഷന്മാര്‍ക്കുമാണ് ജീവിതമാർഗം ഇല്ലാതായതെന്നും സെന്റർ ഫോർ മോണിറ്ററിങ‌് ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) റിപ്പോർട്ട് വെളിപ്പെടുത്തി.

മോഡിസർക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഐതിഹാസിക പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങവെയാണ് ട്രേഡ‌് യൂണിയനുകൾ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ക്ക് ശക്തിപകര്‍ന്ന‌് സിഎംഐഇ റിപ്പോര്‍ട്ട് പുറത്തുവന്നത്.

തൊഴിലില്ലായ്മ പരിഹരിക്കുകയെന്നതടക്കം 12 ഇന ആവശ്യങ്ങളുന്നയിച്ചാണ് ട്രേഡ‌് യൂണിയനുകൾ എട്ടിനും ഒമ്പതിനും ദേശീയ പണിമുടക്ക് നടത്തുന്നത്.

നോട്ടുനിരോധനമാണ‌് തൊഴിൽ നഷ്ടത്തിന്റെ ഏറ്റവും മുഖ്യകാരണ‌മെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. രാജ്യത്ത‌് തൊഴിലുണ്ടായിരുന്നവരുടെ എണ്ണം 2017 ഡിസംബറിൽ 40.80 കോടിയായിരുന്നു.

2018 ഡിസംബറിൽ ഇത‌് 39.70 കോടിയായി കുറഞ്ഞു. ഗ്രാമീണമേഖലയിൽ 91 ലക്ഷം പേർക്കും നഗരങ്ങളിൽ 18 ലക്ഷം പേർക്കും തൊഴിൽ നഷ്ടമായി.

തൊഴിൽ നഷ്ടപ്പെട്ട പുരുഷന്മാർ എല്ലാവരും ഗ്രാമീണരാണ‌്. ചെറുകിട വ്യാപാരികൾ, കൂലിപ്പണിക്കാർ, കർഷകത്തൊഴിലാളികൾ എന്നിവരാണ‌് തൊഴിൽ നഷ്ടപ്പെട്ടവരിൽ ഏറിയപങ്കും. ​ഗ്രാമങ്ങളില്‍ 65 ലക്ഷം സ‌്ത്രീകള്‍ക്കാണ് തൊ‌ഴില്‍ നഷ്ടപ്പെട്ടത്.

മാസശമ്പളക്കാരായ 37 ലക്ഷം പേർക്ക‌് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിൽ നഷ്ടപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും 40 വയസ്സിൽ താഴെയുള്ളവരും 60 വയസ്സിൽ കൂടുതലുള്ളവരുമാണ‌്.

2018 ഡിസംബറിൽ രാജ്യത്തെ തൊഴിലില്ലായ‌്മ 7.4 ശതമാനമായി ഉയർന്നു. ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത‌്.

സ്വകാര്യമേഖലയിൽ നിക്ഷേപപ്രഖ്യാപനങ്ങൾ കഴിഞ്ഞ സെപ‌്തംബർ–-ഡിസംബർ കാലയളവിൽ 62 ശതമാനത്തോളം കുറഞ്ഞു.

പൊതുമേഖലയിൽ 37 ശതമാനവും ഇടിഞ്ഞു. 2004നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത‌്. നിക്ഷേപങ്ങളിലെ ഇടിവ‌് തൊഴിൽവളർച്ചയെ കാര്യമായി ബാധിച്ചു.

വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ഫലപ്രദമാക്കുക, തൊഴിൽനിയമങ്ങൾ കർശനമായി നടപ്പാക്കുക, എല്ലാ തൊഴിലാളികൾക്കും സാമൂഹികസുരക്ഷ പദ്ധതികൾ നടപ്പാക്കുക, മിനിമം കൂലി പ്രതിമാസം 18000 രൂപയായി നിശ‌്ചയിക്കുക, ട്രേഡ‌് യൂണിയൻ രൂപീകരിച്ച‌് അപേക്ഷ നൽകിയാൽ 45 ദിവസത്തിനകം രജിസ‌്ട്രഷൻ നടത്തുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉയർത്തിയാണ‌് പണിമുടക്ക‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News