ശബരിമല യുവതീ പ്രവേശനം: കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാവുന്നു

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ – സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാകുന്നു.

ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

സംസ്ഥാന നേതാക്കള്‍ക്കെതിരെ സോണിയ ഗാന്ധിയ്ക്കും, മുല്ലപ്പള്ളിയ്ക്കും ശേഷം പവന്‍ ഖേര കൂടി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്.

വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള സംസ്ഥാന തലത്തിന്റെ പ്രവര്‍ത്തനം ഹൈക്കമാന്റിന് അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ നിലപാടുകളിലൂടെ വ്യക്തമാക്കുന്നത്.

ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധിയെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് കെ.പി.സി.സിയ്ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി.

കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത് എന്നതിനാല്‍ ഓര്‍ഡിനന്‍സ് ആവശ്യം ഉന്നയിക്കരുതെന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഓര്‍ഡിനന്‍സിനായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷടക്കമുള്ള കേരളത്തിലെ ഏഴ് യുഡിഎഫ് എംപിമാരാണ് സജ്ജീവമായി രംഗത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here