ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് തായ്‌ലന്റിനെ ഇന്ത്യ തോല്‍പ്പിച്ചത്. നായകന്‍ സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടി.

ഏഷ്യന്‍ കപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിനാണ് ഇന്ന് കാണികള്‍ സാക്ഷിയായത്. 27-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് നായകന്‍ സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു.

തൊട്ടുപിന്നാലെ 33-ാം മിനിറ്റില്‍ തായ്ലന്‍ഡ് നായകന്റെ വക സമനില ഗോള്‍. ആദ്യപകുതിയില്‍ തായ്‌ലന്റിന്റെ കയ്യില്‍ നിന്ന കളി രണ്ടാം പകുതിയില്‍ ഇന്ത്യ തിരിച്ചു പിടിച്ചപ്പോള്‍ പിന്നീട് കണ്ടത് ഗോള്‍ മഴ.

46-ാം മിനിറ്റില്‍ സുനില്‍ചേത്രിയുടെ വക ഇന്ത്യക്ക് രണ്ടാം ഗോള്‍. ഇതോടെ സുനില്‍ ഛേത്രി നടന്നുകയറിയത് പുതിയ ചരിത്രത്തിലേക്ക്. രാജ്യാന്തര ഗോള്‍ വേട്ടയില്‍ ഫുട്ബോള്‍ മിശിഹ മെസ്സിയെ മറികടന്ന് ഛേത്രി 67 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു.

69-ാം മിനിറ്റില്‍ അനിരുദ്ധ് ധപ്പയും, 80ആം മിനിറ്റില്‍ ജെജെയും ഇന്ത്യയുടെ ഗോള്‍ വേട്ട പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യ കുറിച്ചത് 1964ന് ശേഷം ഏഷ്യന്‍ കപ്പില്‍ ഒരുജയം പോലും അവകാശപ്പെടാന്‍ ഇല്ലെന്ന ചരിത്രം കൂടിയാണ്.