ലോക്സഭാ തിരഞ്ഞെടുപ്പ്; പുനഃസംഘടന ചര്‍ച്ചകള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്; കീറാമുട്ടിയായി ഗ്രൂപ്പുകള്‍

ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് പുനസംഘടന ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

മുന്‍ വര്‍ഷത്തേക്കാള്‍ ഭാരവാഹികളുടെ എണ്ണത്തില്‍ കുറവ് വരുത്താനാണ് സാധ്യത.
ഭാരവാഹികളെ പരമാവധി കുറയ്ക്കാനാണ് ഹൈക്കമനാന്റിന്റെ നിര്‍ദേശം.

എന്നാല്‍ ഭാരവാഹികളെ കുറയ്ക്കുമെന്നുള്ള കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാകിയിട്ടുണ്ട്.

ഭാരവാഹികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയാല്‍ ലോകസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സംഘടനയെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അത്യാവശ്യം.

എന്നാല്‍ മതസാമുദായിക സാധ്യതകളും ഗ്രൂപ്പ് സമവാക്യവുമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോവാന്‍ സാധിക്കില്ല. നേതാക്കളെ പരിഗണിക്കാന്‍ വേണ്ടി ഗ്രൂപ്പ് തലത്തില്‍ ചരടു വലികള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്.

ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കെ സുരേന്ദ്രന്‍, മുഹമ്മദ് കുഞ്ഞി, റോയ് കെ പൗലോസ് എന്നിവരുടെ പേരുകള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

ഡീന്‍ കുര്യാക്കോസ്, സി.ആര്‍ മഹേഷ് തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വരാന്‍ സാധ്യതയുണ്ട്.

പരിചയസമ്പത്തും യുവത്വവും ഒന്നിച്ചു കൊണ്ടുപോകനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് കേന്ദ്ര നേതൃത്വത്തിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപനവുമുണ്ടാവും. എകെ ആന്റണി ഉമ്മന്‍ചാണ്ടി കെസി വേണുഗോപാല്‍ എന്നിവരുമായി കെപിസിസി അദ്ധ്യക്ഷന്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here