ഹര്‍ത്താല്‍ ദിനത്തില്‍ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ പള്ളിക്ക് കല്ലേറുകൊണ്ട സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: സിപിഐഎം

പേരാമ്പ്ര ടൗണില്‍ യു.ഡി.എഫിന്‍റെയും ഡി.വൈ.എഫ്.ഐ യുടെയും പ്രകടനങ്ങള്‍ നടക്കുന്നതിനിടയില്‍ ചെറിയ തോതില്‍ സംഘര്‍ഷവും കല്ലേറുമുണ്ടായത് വസ്തുതയാണ്.

ഇതിനിടയിലുണ്ടായ കല്ലേറില്‍ പള്ളിയുടെ റോഡിനോട് ചേര്‍ന്നു നില്‍ക്കുന്ന കമാനത്തിന്‍റെ ഒരു തൂണിന്‍റെ കോണില്‍ നേരിയ പോറലേറ്റിട്ടുണ്ട്.

മറ്റ് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. രണ്ട് ചേരിയായി ഇരുകൂട്ടര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനും കല്ലേറിനുമിടയില്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായ കല്ലേറിലാണ് തൂണിന് പോറലേറ്റതെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല.

ടൗണിലെ തന്നെ മറ്റ് ചില സ്ഥാപനങ്ങള്‍ക്കും കല്ലേറുണ്ടായതായി കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ലീഗിലെ ഒരു വിഭാഗം പ്രാദേശിക നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സി.പി.ഐ.(എം) ന്‍റെ ബ്രാഞ്ച് സെക്രട്ടറിയും, ഡി.വൈ.എഫ്.ഐ ഭാരവാഹിയുമായ അതുല്‍ദാസിന്‍റെ പേരില്‍ പരാതി നല്‍കിയത്.

അതുല്‍ദാസ് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ തന്നെ യു.ഡി.എഫിലെ ഒരു വിഭാഗത്തിനുള്ള വിരോധമാണ് യഥാര്‍ത്ഥത്തില്‍ പരാതിക്ക് പിന്നിലുള്ളത്.

ഈ സാഹചര്യങ്ങളൊന്നും പരിശോധിക്കാതെയും വസ്തുതകള്‍ സംബന്ധിച്ച് ആവശ്യമായ അന്വേഷണം നടത്താതെയുമാണ് അതുല്‍ദാസിനെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സി.പി.ഐ.(എം) ന്‍റെ ഉത്തരവാദപ്പെട്ട ഒരു പ്രവര്‍ത്തകനെ ഇതുപോലുള്ള ഒരു കേസില്‍ പെടുത്തുന്നതിലൂടെ സി.പി.ഐ.(എം.)ന്‍റെ മതനിരപേക്ഷ പ്രതിച്ഛായ തകര്‍ക്കുവാന്‍ കഴിയുമോ എന്ന ഗൂഢ ശ്രമമാണ് നടക്കുന്നത് എന്ന കാര്യം വ്യക്തമാണ്.

ആരാധനാലയങ്ങളുടെ പവിത്രത എക്കാലത്തും അംഗീകരിച്ചിട്ടുള്ള പാര്‍ടിയാണ് സി.പി.ഐ.(എം). ആരാധനാലയങ്ങള്‍ക്കും മതവിശ്വാസങ്ങള്‍ക്കും എതിരെയുണ്ടാകുന്ന ഏതൊരു നീക്കത്തെയും ശക്തിയുക്തം എതിര്‍ത്ത പാരമ്പര്യമാണ് സി.പി.ഐ.(എം)നുള്ളത്.

അതിന്‍റെ ഭാഗമായാണ് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉത്തരവാദപ്പെട്ട നേതാക്കള്‍ സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നതും പള്ളിക്കമ്മിറ്റി ഭാരവാഹികളോട് പാര്‍ടിയുടെ ഈ പ്രശ്നത്തിലുള്ള നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയതും.

സി.പി.ഐ.(എം) നെ താറടിച്ച് കാണിക്കാന്‍ ഏതു കച്ചിതുരുമ്പും ഉപയോഗിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവും ഒരുവിഭാഗം യു.ഡി.എഫ് നേതാക്കളും ഈ പ്രശ്നത്തെ വഴിതിരിച്ച് വിടാനും സി.പി.ഐ.(എം) നെതിരെ ആയുധമാക്കാനുമാണ് ശ്രമം നടത്തുന്നത്.

സംഘര്‍ഷത്തിനിടയില്‍ അവിചാരിതമായുണ്ടായ ഒരു പ്രശ്നത്തെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുകയാണെന്ന വസ്തുത തിരിച്ചറിയാന്‍ പ്രബുദ്ധരായ ജനങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പുണ്ട്.

സി.പി.ഐ.(എം) നെതിരെ മുന്‍കാലത്തും ഇതുപോലുള്ള ഒട്ടേറെ കള്ള പ്രചരണങ്ങള്‍ എതിരാളികള്‍ ഉയര്‍ത്തികൊണ്ടുവന്നിട്ടുണ്ട്. സി.പി.ഐ.(എം) ന്‍റെ പ്രഖ്യാപിതമായ മതനിരപേക്ഷ നിലപാടിനെ സംബന്ധിച്ച് ബോധ്യമുള്ള ജനങ്ങള്‍ അതെല്ലാം അവജ്ഞയോടെ തള്ളിക്കളഞ്ഞ ചരിത്രമാണുള്ളത്.

ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും ഉറഞ്ഞുതുള്ളി കേരളത്തില്‍ വര്‍ഗ്ഗീയ കലാപവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ നടത്തുന്ന ഹീന ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷാകവചമൊരുക്കി മുന്നോട്ടു പോകുന്നത് സി.പി.ഐ.(എം) ഉം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ട മതന്യൂനപക്ഷങ്ങളും മതനിരപേക്ഷവാദികളും സി.പി.ഐ.(എം) നെ തങ്ങളുടെ രക്ഷാകേന്ദ്രമായി കാണുകയും അതനുസരിച്ച് നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് യു.ഡി.എഫിന് വെപ്രാളമുണ്ടാക്കുമെന്നത് വസ്തുതാണ്.

ഈ വെപ്രാളം കൊണ്ടാണ് സി.പി.ഐ.(എം) നെതിരെ ഹീനമായ പ്രചരണങ്ങളുമായി യു.ഡി.എഫും, ഇടതുപക്ഷ വിരോധികളും മുന്നോട്ടു വരുന്നതെന്ന് വസ്തുതയറിയാവുന്ന ജനങ്ങള്‍ക്കാകെ എളുപ്പത്തില്‍ ബോധ്യമാകും.

ഈ സംഭവം സംബന്ധിച്ച് ഉന്നതതലത്തിലുള്ള സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്നും, സി.പി.ഐ.(എം) നെതിരെ നടക്കുന്ന ഹീനമായ പ്രചരണങ്ങള്‍ക്കെതിരെ മുഴുവന്‍ ബഹുജനങ്ങളും രംഗത്തുവരണമെന്നും സി.പി.ഐ.(എം) ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News