‘അന്ന് സൗഹൃദം ഇന്ന് മതസൗഹാര്‍ദ്ദം’; സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് മമ്മൂട്ടിയുടെ സംഭാഷണ ശകലം

വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:

“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”

“അതെ’ഞാൻ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർഥികളായി. കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി.

ഒറ്റമേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്. എന്നെനോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

“പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?

സാമൂഹ്യമാധ്യമങ്ങളിൽ ഞായറാഴ‌്ച വൈറലായ സന്ദേശമാണ‌് മുകളിൽ എഴുതിയത‌്. മലയാളത്തിന്റെ പ്രിയകവി ബാലചന്ദ്രൻ ചുള്ളിക്കാട‌്, മഹാനടൻ മമ്മൂട്ടിയുമൊത്തുള്ള തന്റെ അനുഭവം മനോഹരമായ ഭാഷയിൽ പകർത്തിയപ്പോൾ, അത‌് വർത്തമാന കേരളത്തെ സംബന്ധിച്ച പൊള്ളുന്ന അനുഭവം കൂടിയായി.

സിനിമാ ചീത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ‌് ചുള്ളിക്കാട‌് സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചത‌്. പിന്നീടിത‌് ഫെയ‌്സ‌്ബുക്കിലും വാട‌്സാപ്പിലും ആയിരങ്ങൾ ഷെയർ ചെയ‌്തു. മറ്റൊരു ചുള്ളിക്കാട‌് കവിതപോലെ മലയാളിയെ പൊള്ളിക്കുകയും ചെയ‌്തു.

സംഘപരിവാർ ശക്തികൾ കേരളത്തിൽ നടത്തുന്ന തേർവാഴ‌്ചയ‌്ക്കെതിരെ എല്ലാ മേഖലകളിൽനിന്നും പ്രതിഷേധം ഉയരുകയാണ‌്.

ഹർത്താലിനെ എതിർത്തു എന്നതിന്റെ പേരിൽ മാത്രം കവി ശ്രീകുമാരൻ തമ്പിക്കെതിരെ സൈബർ ആക്രമണം കൊഴുത്തു.

യുവ എഴുത്തുകാരെല്ലാം സംഘപരിവാർ അജണ്ടയ‌്ക്കെതിരെ പരസ്യമായി രംഗത്തിറങ്ങി. സാംസ‌്കാരിക നായകർ പ്രതിഷേധകുറിപ്പുകളിറക്കി. ഇതിനിടക്കാണ‌്, കവിതപോലെ മനോഹരമായ ഗദ്യം, ചുള്ളിക്കാടിന്റേതായി വൈറലാകുന്നത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here