ബിജെപി ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങള്‍ ഗൗരവമേറിയ വിഷയമെന്ന് ഹൈക്കോടതി; പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത്; നാളത്തെ പണിമുടക്കില്‍ കടകള്‍ തുറക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍

കൊച്ചി: ബിജെപി ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങള്‍ ഗൗരവമേറിയ വിഷയമെന്ന് ഹൈക്കോടതി. സംഘപരിവാറിന്റെ ഹര്‍ത്താല്‍ ദിന അക്രമങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുയെന്നും കോടതി ചോദിച്ചു.

എന്തെങ്കിലും സംഭവങ്ങളുടെ പേരില്‍ നോട്ടീസു പോലുമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഒരു വര്‍ഷം 97 ഹര്‍ത്താല്‍ കേരളത്തില്‍ പലയിടങ്ങളിലായി നടന്നു എന്ന് വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയുടെയും സുപ്രീംകോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്. പക്ഷേ അവയൊന്നും കാര്യമായ പരിഹാരമുണ്ടാക്കിയില്ല. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നിലപാടെടുത്തു എന്ന് വിശദീകരിക്കണം.

വ്യാപാരികള്‍ അടക്കം ഉന്നയിച്ച പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ്. അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ നടപടികൊണ്ട് പരിഹാരമാകുമോ. സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന വിഷയം കൂടിയാണിത്. ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേ എന്നും കോടതി ചോദിച്ചു.

ഹര്‍ത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ. ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറിക്കഴിഞ്ഞു. എന്ത് നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നതെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 1.45ന് മുമ്പ് നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കടകള്‍ക്ക് സംരക്ഷണം നല്‍കുന്നത് അടക്കമുള്ള സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

വ്യവസായികള്‍ക്കായി ബിജു രമേശും മലയാള വേദിയുടെ പേരില്‍ ജോര്‍ജ് വട്ടുകളവും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

എട്ട്, ഒമ്പത് തീയ്യതികളില്‍ നടക്കുന്ന ദേശീയപണിമുടക്കില്‍ വാഹന ഗതാഗതവും വ്യാപാരവും പരീക്ഷകളും തടസപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here