കൊച്ചി: സമുദ്രജലത്തിന് ചൂടേറുന്ന എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ വരുംവര്‍ഷങ്ങളില്‍ കേരളതീരത്ത് മത്തിയുടെ ലഭ്യത കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍, എല്‍നിനോയുടെ പ്രതിഫലനം കൂടുതല്‍ അനുഭവപ്പെടുന്നത് കേരളതീരത്തായതിനാലാണ് മത്തിയുടെ ലഭ്യത കുറയുന്നതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു.

മത്തിസമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുന്നതിന മുമ്പ് തന്നെ അടുത്ത എല്‍നിനോ ശക്തി പ്രാപിച്ചുവരുന്നതാണ് വീണ്ടും കുറയാനിടയാക്കുന്നത്. കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍വരെ തീവ്രമായി ബാധിക്കുന്ന മത്സ്യമാണ് മത്തി.

എല്‍നിനോ ഇനിമുതല്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസഫറിക് അഡ്മിനിസ്ട്രേഷന്‍ കഴിഞ്ഞ മാസം (ഡിസംബര്‍ 2018) മുന്നറിയിപ്പ് നല്‍കിയിരുന്നു.