സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവം നടത്തുക. മാസങ്ങളോളം നീണ്ടു നിന്ന സിബിഐ തര്‍ക്കത്തിനൊടുവില്‍ ഒക്ടോബര്‍ 23ന് രാത്രി അലോക് വര്‍മ്മയെ നിര്‍ബന്ധമായി അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര നീക്കം മോദിയ്ക്ക് തിരിച്ചടിയാവുമോയെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഒറ്റുനോക്കുന്നത്.

ജൂലൈ മാസം മുതല്‍ സിബിഐയിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിട്ടും ഒക്ടോബര്‍ 23 ന് രാത്രി അലോക് വര്‍മയെ തിടുക്കത്തില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗെഗോയി വാദത്തിനിടെ ചോദിച്ചിരുന്നു.

ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയുമായി ആലോചിക്കാതെ എന്തടിസ്ഥാനത്തിലാണ് അലോക് വര്‍മയെ മാറ്റിയത്. കമ്മറ്റിയുമായി കൂടിയാലോചിക്കുന്നതില്‍ എന്തായിരുന്നു ബുദ്ധിമുട്ട് ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് കേന്ദ്രവിജിലന്‍സ് കമ്മീഷനു വേണ്ടി ഹാജരായ തുഷാര്‍ മെഹ്തയോട് വാദത്തിനിടെ ചോദിച്ചത്.

വാദഗതി പ്രകാരം നോക്കുകയാണങ്കില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാവുമെന്നാണ് അഭിഭാഷക വൃത്തങ്ങള്‍ പറയുന്നത്. പൊതുജനത്തിനിടയില്‍ സിബിഐയ്ക്കുമേലുള്ള വിശ്വാസം തകരാതിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിയെടുത്തതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.ഫെബ്രുവരി വാരമാണ് അലോക് വര്‍മ്മയുടെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാവുന്നത്.സുപ്രീംകോടതി വിധി അനുകൂലമാവുകയും അലോക് വര്‍മ്മയ്ക്ക് കാലാവധി നീട്ടി നല്‍കുകയും ചെയ്താല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറാക്കുന്ന സിബിഐ പട്ടിക താത്കാലികമായി നിര്‍ത്തി വെക്കേണ്ടി വരും.

സിബിഐ ഡയറക്ടറുടെ കാലാവധിയും നിയമവും സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നാണ് അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ വാദിച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ മാറ്റിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് കൂടി അംഗമായ ഉന്നതതല സമിതിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുകയാണെന്നായിരുന്നു വാദി ഭാഗത്തിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here