കേരളം മറ്റൊരു സ്വപ്ന സാക്ഷാത്കാരത്തിലേക്ക്; കേരള ബാങ്ക് ഏപ്രിലില്‍; സഹകരണ നിയമം ഭേദഗതി ചെയ്യും

സംസ്ഥാനത്തിന്റെ സ്വന്തം വാണിജ്യ ബാങ്കെന്ന സ്വപ‌്നം ഏപ്രിലിൽ പൂവണിയും. കേരള സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച‌് കേരള ബാങ്ക‌് രൂപീകരണത്തിന‌്, റിസർവ‌് ബാങ്ക‌് ഓഫ‌് ഇന്ത്യ മുന്നോട്ടുവച്ച 19 വ്യവസ്ഥകൾ പ്രകാരമുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ‌്.

ജില്ലാ സഹകരണ ബാങ്കുകളുടെ ജനറൽ മാനേജർമാർ അംഗങ്ങളായ 15 അംഗ ഉപസമിതിയാണ‌് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത‌്.

പ്രൈമറി സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തിൽനിന്ന‌് ദ്വിതല സമ്പ്രദായത്തിലേക്ക‌് മാറ്റിയാണ‌് കേരള ബാങ്ക‌് യാഥാർഥ്യമാകുക. ഇതിനായി സഹകരണനിയമത്തിലെ ഭേദഗതി അടുത്ത നിയമസഭാസമ്മേളനം പരിഗണിച്ചേക്കാം.

ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ പേരുകൾ പരാമർശിക്കുന്നതും ത്രിതലസമ്പ്രദായവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുമടക്കം മാറ്റം ആവശ്യമാണ‌്. നിയമസഭയിൽ ചർച്ച ചെയ‌്തുതന്നെ നിയമഭേദഗതി വരുത്തുക എന്ന നിലപാടിലാണ‌് സർക്കാർ.

സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടെയും അംഗങ്ങളുടെ പ്രത്യേക പൊതുയോഗം വിളിച്ചുചേർത്ത‌് ലയനത്തിനുള്ള പ്രമേയം പാസാക്കേണ്ടതുണ്ട‌്. ഈ നടപടികളെല്ലാം സമവായത്തോടെ ഈ മാസംതന്നെ പൂർത്തിയാക്കും.

ഒപ്പം മാനേജ‌്മെന്റ‌് ഘടന, മനുഷ്യവിഭവ ശേഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആസ‌്തിബാധ്യതകളുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരും സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്ക‌ുകളും ധാരണപത്രം അംഗീകരിക്കും.

സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളിൽ റബർ മാർക്ക്, മാർക്കറ്റ്ഫെഡ്, റബ്കോ എന്നീ സ്ഥാപനങ്ങൾ വരുത്തിയ വായ്പാകുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കലിലൂടെ അവസാനിപ്പിച്ചു.

ഇതിലൂടെ കേരള ബാങ്കിന്റെ മൂലധന പര്യാപ്തത ഉറപ്പാക്കാനും നിഷ്ക്രിയ ആസ്തി കുറയ‌്ക്കാനും സഞ്ചിത നഷ്ടം ഇല്ലാതാക്കാനും റിസർവ് ബാങ്കിന് നൽകിയ ഉറപ്പ് പാലിക്കാനും സർക്കാരിനായി.

306.75 കോടി രൂപയാണ‌്‌ റബർമാർക്ക്, മാർക്കറ്റ്ഫെഡ്, റബ്കോ എന്നീ സഹകരണ സ്ഥാപനങ്ങളുടെ വായ്‌പ ഒറ്റത്തവണ തീർപ്പാക്കാൻ നൽകിയത‌്.

ലയിപ്പിച്ചശേഷം രൂപീകരിക്കുന്ന ബാങ്കിന്റെ ബാലൻസ‌്ഷീറ്റ‌് എല്ലാവിധ നിയമപരമായ ആവശ്യങ്ങളും നിർവഹിക്കുന്നതിന‌് ശേഷിയുള്ളതാക്കാൻ നടപടിയായി.

കൺകറന്റ‌് ഓഡിറ്റിനുശേഷം ചാർട്ടേഡ‌് അക്കൗണ്ടന്റ‌് ഓഡിറ്റും പൂർത്തീകരിക്കുന്നതിലൂടെ ഇത‌് സാധ്യമാകും. ജില്ലാ ബാങ്ക‌് ഇടപാടുകാർക്ക‌് ലഭിച്ചതിനേക്കാൾ മികച്ച ബാങ്കിങ‌് സേവനം കേരള ബാങ്കിൽനിന്ന‌് ഉറപ്പാക്കും.

റിസർവ‌് ബാങ്കും നാഷണൽ പേമെന്റ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയും അംഗീകരിച്ച മികച്ച സോഫ‌്റ്റ‌്‌വെയറും നെറ്റ‌് ബാങ്കിങ‌് സംവിധാനവും സംസ്ഥാന സഹകരണ ബാങ്കിന‌് ലഭ്യമാക്കി.

ആധുനിക ബാങ്കിങ‌് സംവിധാനത്തിലെ എല്ലാ സേവനങ്ങളും കേരള ബാങ്കിലും ഉറപ്പാകും. ബാങ്ക‌് ചീഫ‌് എക‌്സിക്യൂട്ടിവ‌് ഓഫീസറെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

റിസർവ‌് ബാങ്ക‌് മുന്നോട്ടുവച്ച എല്ലാ വ്യവസ്ഥകളും പൂർത്തീകരിച്ച‌് മാർച്ചിനകം ബാങ്കിന‌് അന്തിമ അനുമതി ലഭ്യമാക്കാനുള്ള നടപടികളാണ‌് പുരോഗമിക്കുന്നത‌്.

സഹകരണനിയമം ഭേദഗതി ചെയ്യും കേരള ബാങ്ക‌് രൂപീകരണത്തിന്റെ മുന്നോടിയായി സഹകരണ നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേരള സഹകരണ നിയമവും ചട്ടവും അനുസരിച്ചുള്ള നിയമപരമായ സംയോജനത്തിനാണ‌് ഭേദഗതിയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള ബാങ്കിന‌് റിസർവ‌് ബാങ്ക‌് തത്വത്തിൽ അംഗീകാരം നൽകിയപ്പോൾ നിർദ്ദേശിച്ച വ്യവസ്ഥകളിൽ രണ്ടെണ്ണമൊഴിച്ച‌് ഇതിനകം നടപ്പാക്കി.

അവശേഷിക്കുന്ന രണ്ടും നടപ്പാക്കാനാണ‌് നിയമ ഭേദഗതി കൊണ്ടുവരുന്നത‌്. കേരള ബാങ്ക‌് രൂപീകരിക്കുന്നത‌് കേരള സർക്കാർ അംഗീകരിച്ച സഹകരണ ചട്ടം അനുസരിച്ചാവണമെന്നാണ‌് ഒരു നിർദ്ദേശം.

ലയിപ്പിക്കുന്ന ബാങ്കുകളുടെ ജനറൽ ബോഡിയിൽ മൂന്നിൽ രണ്ട‌് ഭൂരിപക്ഷത്തോടെ ലയനം അംഗീകരിക്കണം. ഇതിൽ മൂന്നിൽ രണ്ട‌് ഭൂരിപക്ഷം എന്നത‌് കേവല ഭൂരിപക്ഷം എന്നാക്കി മാറ്റുന്നതിന‌് വകുപ്പ‌് 14 നോടൊപ്പം 14 എ ഉപവകുപ്പ‌് ചേർത്തു.

ഇതോടെ റിസർവ‌് ബാങ്ക‌് നിർദ്ദേശിച്ച എല്ലാ കാര്യങ്ങളും നടപ്പാവുകയാണെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here