വിയര്‍പ്പ് നനച്ച് വിളയിച്ചതവരാണ് ഈ മണ്ണ്; തൊ‍ഴിലാളികളുടെ സമരം അതിജീവനത്തിനായുള്ള പോരാട്ടം

വിയര്‍പ്പ്‌ പൊടിച്ചവര്‍ തന്നെയാണ് ഈ നാട് വിളയിച്ചെടുത്തത്. രാജ്യത്താകെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും തൊഴിലെടുക്കുന്നവരുടെ ഐക്യം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയകാലത്താണ് ഇന്ത്യയില്‍ തൊഴിലാളികള്‍ ഐതിഹാസികമായ ദ്വിദിന പണിമുടക്കിനിറങ്ങുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ തുടര്‍ച്ചയായ ജനവിരുദ്ധ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴില്‍ സര്‍വ്വീസ് കാര്‍ഷിക മേഖലയിലെ ഇരുപത് കോടിയിലധികം ജനങ്ങളാണ് സമരൈക്യവുമായി ഇന്ത്യയുടെ തെരുവുകളിലുള്ളത്.

തൊഴിലാളികള്‍ അടിസ്ഥാനപരമായ 12 മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചാണ് ഐതിഹാസികമായ 48 മണിക്കൂര്‍ പണിമുടക്കിനിറങ്ങുന്നത്.

മിനിമം വേതനം 18000 രൂപയാക്കുക, സാര്‍വത്രിക- സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുക, ധനമേഖലയെ സംരക്ഷിക്കുക, പൊതുമേഖല വിറ്റു തുലയ്ക്കുന്നത് അവസാനിപ്പിക, കരാര്‍ വല്‍ക്കരണം അവസാനിപ്പിക്കുക, ഐഎല്‍ഒയുടെ 87,89 കണ്‍വെന്‍ഷന്‍ തീരുമാനം അംഗീകരിക്കുക, മിനിമം പെന്‍ഷന്‍ പ്രതിമാസം 3000 രൂപ ഉറപ്പുവരുത്തുക, തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് തൊഴിലാളികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം

തൊഴില്‍ മേഖലയില്‍ വേതനം കുറയുകയും, തൊഴില്‍ സാഹചര്യങ്ങളും സൗകര്യങ്ങളും കുറയുകയും ചെയ്യുമ്പോള്‍ പണിമുടക്കി സമരത്തിനിറങ്ങുക എന്നത് പുതിയ കാര്യമല്ല.

എന്നാല്‍ തൊഴിലാളികളുടേയും സാധാരണക്കാരുടെയും ജീവിതത്തിന്റെ സകലമേഖലകളിലേക്കും വ്യാപിക്കുന്ന ജനവിദുദ്ധത അധികാരിവര്‍ഗത്തിന്റെ താല്‍പര്യത്തിന്റെയും നയത്തിന്റെയും അടയാളപ്പെടുത്തലാണ്.

മുതലാളിത്തത്തിന് കീഴ്‌പ്പെട്ടുകൊടുക്കുകയും അടിസ്ഥാന വര്‍ഗത്തെ മറന്ന് കുത്തക മുതലാളിമാര്‍ക്ക് സ്തുതിപാഠകരായി രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ അതിജീവനത്തിനായാണ് ഒരു ജനതയുടെ സിംഹഭാഗത്തിനും തെരുവിലിറങ്ങേണ്ടവരുന്നത്.

തൊഴിലിനും ജീവിതത്തിനും നേരെ മൂലധനശക്തികള്‍ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ വികസിത രാജ്യങ്ങളില്‍ പോലും ശക്തമായ സമരങ്ങള്‍ തെരുവില്‍ രൂപപ്പെടുന്നതാണ് പുതിയ കാലഘട്ടം.

ഗ്രീസിനും പ്രാന്‍സിനും പിന്നാലെ അമേരിക്കയിലും ഇംഗ്ലണ്ടിലും തൊഴിലാളികളും മാസശമ്പളക്കാരും ഉള്‍പ്പെടെ പണിമുടക്കി തെരുവിലിറങ്ങുകയാണ്.

ഇന്ത്യയിലാകട്ടെ കുറച്ചുകൂടി ഗൗരവതരമാണ‌് സ്ഥിതിഗതികൾ. 136 കോടി ജനങ്ങളിൽ 99 ശതമാനത്തിനും ലഭിക്കുന്നത‌് സമ്പത്തിന്റെ വളരെ ചെറിയൊരു അംശം മാത്രം.

കാർഷികരാജ്യമായ ഇന്ത്യയിൽ മഹാഭൂരിപക്ഷംവരുന്ന സാധാരണ കർഷകർ അനുദിനം ദാരിദ്ര്യത്തിലേക്ക‌് എടുത്തെറിയപ്പെടുന്നു. അവർ ജീവന്മരണ പോരാട്ടത്തിലാണ‌്.

ജനാധിപത്യഭരണം എഴുപതാണ്ട‌് പിന്നിടുമ്പോൾ വരുമാനത്തിലെ അസമത്വം പതിന്മടങ്ങ‌് വർധിച്ചു. ജനജീവിതത്തിന‌് ആശ്വാസം പകരാനുള്ള നയസമീപനങ്ങൾ രാജ്യംഭരിച്ച കോൺഗ്രസ‌്, ബിജെപി സർക്കാരുകൾക്ക‌് ഉണ്ടായില്ലെന്നുമാത്രമല്ല, സമ്പന്നരുടെ താൽപ്പര്യങ്ങളാണ‌് അവർക്ക‌് മുഖ്യം.

തൊണ്ണൂറുകളിൽ തുടക്കംകുറിച്ച നവഉദാരവൽക്കരണം സമ്പദ‌്ഘടനയുടെ സന്തുലിതാവസ്ഥ അട്ടിമറിച്ചു. കോൺഗ്രസ‌്, യുപിഎ സർക്കാരുകളുടെ കോർപറേറ്റ‌് സേവയും അഴിമതിയും വളർത്തിയ ജനരോഷം മുതലെടുത്ത‌് അധികാരത്തിലെത്തിയ ബിജെപി എരിതീയിൽ എണ്ണയൊഴിക്കുകയായിരുന്നു

തൊണ്ണൂറുകളിൽ തുടക്കംകുറിച്ച നവഉദാരവൽക്കരണം സമ്പദ‌്ഘടനയുടെ സന്തുലിതാവസ്ഥ അട്ടിമറിച്ചു. കോൺഗ്രസ‌്, യുപിഎ സർക്കാരുകളുടെ കോർപറേറ്റ‌് സേവയും അഴിമതിയും വളർത്തിയ ജനരോഷം മുതലെടുത്ത‌് അധികാരത്തിലെത്തിയ ബിജെപി എരിതീയിൽ എണ്ണയൊഴിക്കുകയായിരുന്നു.

കുത്തകകളുടെ ബാങ്ക‌് വെട്ടിപ്പുകൾക്ക‌് അരുനിന്ന മോഡി സർക്കാർ തൊഴിൽമേഖല ഏകപക്ഷീയമായ നടപടികൾക്ക‌് തുറന്നിട്ടുകൊടുത്തു.

തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനുള്ള മാതൃകാനിയമങ്ങൾ മാറ്റിയെഴുതി. കടുത്ത തൊഴിലാളിവിരുദ്ധതയാണ‌് ഈ സർക്കാരിന്റെ മുഖമുദ്ര.

അത്യന്തം അപകടകരമായ ഈ പോക്കിനെ പ്രതിരോധിക്കാനുള്ള ചരിത്രപരമായ കടമയാണ‌് ഇന്ത്യൻ തൊഴിലാളിവർഗം ഏറ്റെടുക്കുന്നത‌്.

നവ ഉദാരവൽക്കരണം ശക്തിപ്പെട്ട തെണ്ണുറുകളിൽത്തന്നെ അതിനെതിരായ ചെറുത്തുനിൽപ്പും ശക്തിപ്പെട്ടിട്ടുണ്ട‌്. രാഷ്ട്രീയാഭിപ്രായങ്ങൾ മാറ്റിവച്ച‌് തൊഴിലാളിവിഷയങ്ങളിൽ ഒന്നിച്ചുനിൽക്കുകയെന്ന നിലപാടിലാണ‌് കേന്ദ്ര ട്രേഡ‌് യൂണിയനുകൾ.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി നടക്കുന്ന ദേശീയ പണിമുടക്കുകളുടെ വൻ വിജയം നൽകുന്ന സന്ദേശം ഇതാണ‌്.

അടിസ്ഥാന ജനവിഭാഗങ്ങളെ ബാധിക്കുന്ന പ്രശ‌്നങ്ങൾ മുദ്രാവാക്യമാക്കി നടത്തുന്ന പണിമുടക്കിൽ അണിനിരക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാനുഗതമായ വർധന പ്രക്ഷോഭത്തിന്റെ ശരിയായ ഗതിയെ സൂചിപ്പിക്കുന്നു.

യുപിഎ ഭരണകാലത്ത‌് ദേശീയ പണിമുടക്കുകളിൽ ഐഎൻടിയുസി പങ്കെടുക്കാൻ തയ്യാറായത‌് നല്ലൊരു തുടക്കമായിരുന്നു.

എന്നാൽ, ബിഎംഎസ‌് ദേശീയ പണിമുടക്കിൽനിന്ന‌് മാറിനിന്ന‌് ബിജെപിയോടുള്ള രാഷ്ട്രീയവിധേയത്വം പ്രകടിപ്പിക്കുകയാണ‌്.

മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രചാരണപ്രവർത്തനങ്ങ‌ളുടെ പരിസമാപ‌്തിയാണ‌് പണിമുടക്ക‌്. വളരെ നേരത്തെ പ്രഖ്യാപിച്ച‌്, സംഘടിത – അസംഘടിത മേഖലകളിൽ നിയമാനുസൃതമായ നോട്ടീസ‌് നൽകിയാണ‌് തൊഴിലാളികൾ പണിമുടക്കുന്നത‌്.

ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ സ്വന്തം തൊഴിലിൽനിന്ന‌് വിട്ടുനിന്ന‌് വിലപേശാനുള്ള തൊഴിലാളിയുടെ മൗലികാവകാശമാണിത‌്.

എല്ലാ മേഖലയിലുമുള്ളവർ ഒന്നിച്ച‌് അണിചേരുന്നതിനാൽ തൊഴിൽമേഖലയാകെ സ‌്തംഭിക്കുമെന്ന കാര്യത്തിൽ സംശയം ഇല്ല.

ഈ കൂട്ടായ പോരാട്ടത്തെ കേരളത്തിൽ അടുത്തിടെ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന അനാവശ്യ ഹർത്താലുമായി ചേർത്തുവയ‌്ക്കാൻ ചിലർ നടത്തുന്ന ശ്രമം ബോധപൂർവമാണ‌്.

ദേശീയ പണിമുടക്കുമായി സഹകരിച്ച‌് പരിപാടികളും യാത്രകളും മാറ്റിവയ‌്ക്കാനുള്ള സംയുക്തസമരസമിതിയുടെ അഭ്യർഥന എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ചതാണ‌്.

അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന‌് ഒഴിവാക്കിയിട്ടുണ്ട‌്. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായിവരുന്ന യാത്രകൾക്ക‌് ഒരു തടസ്സവും ഉണ്ടാകില്ലെന്ന‌് സമരസമിതി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട‌്.

നിർബന്ധപൂർവം കടയടപ്പിക്കുകയോ ഗതാഗത തടസ്സം സൃഷ്ടിക്കുകയോ ചെയ്യില്ലെന്ന‌് ബോധ്യമായിട്ടും ബിജെപി ഹർത്താലിലെന്നപോലെ പണിമുടക്കിൽ അക്രമം ഉണ്ടാകുമെന്ന‌് പ്രചരിപ്പിക്കുന്നവർ തൊഴിലാളിവിരുദ്ധരാണ‌്.

തൊഴിലും വരുമാനവും സംക്ഷിക്കാനുള്ള ഈ ധർമസമരത്തിൽ അണിനിരക്കുന്ന ജനകോടികൾ പുതിയൊരു ചരിത്രനിർമിതിക്കാണ‌് കൊടിക്കൂറ ഉയർത്തിയത‌്. അഭിവാദ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here