അതുല്‍ ദാസിന് ജാമ്യം; പൊലീസിന്‍റെ രാഷ്ട്രീയക്കളിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കും ഡിവൈഎഫ്ഐ

കോഴിക്കോട് പേരാമ്പ്ര അക്രമണ കേസിൽ അറസ്റ്റിലായ അതുൽദാസിന് ജാമ്യം. സിപിഐ (എം) ബ്രാഞ്ച് സിക്രട്ടറിയായ അതുല്‍ ദാസിന് പേരാമ്പ്ര കോടതിയാണ് ജാമ്യം അനുവദിച്ചത്.

കലാപ ശ്രമം നടത്തിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ അറിയിച്ചു.

ഹർത്താൽ സംഘർഷത്തിനിടെ പേരാമ്പ്ര ജുമാ അത്ത് പള്ളിക്ക് കല്ലെറിഞ്ഞെന്ന കേസിലാണ് സിപിഐ എം മാണിക്കോത്ത് ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസ് അറസ്റ്റിലായത്.

കലാപ ശ്രമമടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തതിനെതിരെ സി പി ഐ എം രംഗത്ത് വന്നിരുന്നു.

തിങ്കളാഴ്ചയാണ് അതുല്‍ ദാസിന് പേരാമ്പ്ര ജുഡീഷ്യല്‌‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. ജയില്‍ മോചിതനായ അതുല്‍ദാസിന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സ്വീകരണം നൽകി.

നിരപരാധിയായ തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് അതുല്‍ദാസ് പറഞ്ഞു. പേരാമ്പ്രയിലെ പോലീസ് ഉദ്യോഗസ്ഥര്‍ യുഡിഎഫുമായി ചേർന്ന് ഗൂഡാലോചന നടത്തിയാണ് ഗുരുതര വകുപ്പുകള്‍ അതുല്‍ദാസിനെതിരെ ചുമത്തിയതെന്ന് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സിക്രട്ടറി പി.നിഖില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here