ചലച്ചിത്രമേള നഷ്ടപ്പെടുത്തിയ ഗംഭീര ചിത്രം; ഷെറിയുടെ ക ഘ ഗ ഖ ങ കാത്ത് ചലച്ചിത്ര പ്രേമികള്‍

ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ ഷെറിയുടെ ഏറ്റവും പുതിയ ചിത്രമാണ് ക ഘ ഗ ഖ ങ. കോടികളുടെ കിലുക്കമോ താരത്തിളക്കമോ ഇല്ലാതെ സ്വന്തം നാടും പരിസരങ്ങളുമായി ഏറ്റവും ചുരുങ്ങിയ ചെലവിലാണ് ഷെറി സിനിമയൊരുക്കിയത്. സംവിധായകന്‍ മനോജ് കാനയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടെ ഗ്രാമീണ നാടക നടൻ കോക്കോട് നാരായണനും പ്രധാന കഥാപാത്രമായി എത്തുന്നു. ജലീൽ ബാദുഷയാണ് ഛായാഗ്രഹണം.

തളിപ്പറമ്പ് ഫിലിം സൊസൈറ്റിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങിയത്. ഷെറിയുടെ ആദിമധ്യാന്തം എന്ന ആദ്യ സിനിമയ‌്ക്ക് ദേശീയ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചിരുന്നു. രണ്ടാമത് ചിത്രം ‘ഗോഡ്സെ’ ക‍ഴിഞ്ഞ വര്‍ഷം ഐഎഫ്എഫ്കെയില്‍ മികച്ച പ്രതികരണം നേടിയിരുന്നതുമാണ്.

എന്നാല്‍ ഇത്തവണ ഷെറിയുടെ പുതിയ ചിത്രം ക ഘ ഗ ഖ ങയെ ഐഎഫ്എഫ്കെ തിരസ്കരിക്കുകയായിരുന്നു. എന്നാല്‍ ഐഎഫ്എഫ്കെയുടെ വലിയ നഷ്ടമാണ് ഷെറിയുടെ ക ഘ ഗ ഖ ങ എന്നാണ് പ്രമുഖ സംവിധായകന്‍ ഡോ. ബിജു ഫേസ് ബുക്കിലെ‍ഴുതിയിരിക്കുന്നത്.

തീർത്തും പുതുമയുള്ള ദൃശ്യഭാഷയില്‍ ഗംഭീരമായ ഒരു ചിത്രമെന്നും മലയാള സിനിമകളുടെ കഥാ പരിസരങ്ങളെ മറി കടക്കുന്ന വ്യത്യസ്തമായ ഒരു ചിത്രമെന്നുമാണ് അദ്ദേഹം ക ഘ ഗ ഖ ങയെക്കുറിച്ച് എ‍ഴുതിയിരിക്കുന്നത്.

ഡോ. ബിജുവിന്‍റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോ
ടെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.

സിനിമയെക്കുറിച്ചുള്ള ഡോ. ബിജുവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം.

“ഇത്തവണത്തെ ഐ എഫ് എഫ് കെ യ്ക്ക് ഒട്ടേറെ നേട്ടങ്ങൾ ചൂണ്ടികാണിക്കാനുണ്ട്..പക്ഷെ അതോടൊപ്പം ഒരു നഷ്ടവും ഉണ്ടായിട്ടുണ്ട്..അത് മലയാളത്തിലുണ്ടായ മികച്ച ഒരു സിനിമയ്ക്ക് ഇടം കൊടുത്തില്ല എന്നതാണ്. ഷെറിയുടെ ക ഘ ഗ ഖ ങ്ങ എന്ന സിനിമ അവിചാരിതമായാണ് കാണാൻ ഇടയായത്.

തീർത്തും പുതുമയുള്ള ദൃശ്യഭാഷയിൽ ഗംഭീരമായ ഒരു ചിത്രം. മലയാള സിനിമകളുടെ കഥാ പരിസരങ്ങളെ മറി കടക്കുന്ന വ്യത്യസ്തമായ ഒരു ചിത്രം. ദുർമരണങ്ങൾ നടക്കുമ്പോൾ കരിങ്കാലനെ ഊട്ടുക എന്ന ആചാരം അനുഷ്ഠിക്കുന്ന കരിങ്കാലൻ എന്ന അച്ഛനും വർഷങ്ങൾക്ക് മുൻപ് നാടുവിട്ടു പോയി പിന്നീട് ഭാര്യയും പെൺകുട്ടികളും ആത്മഹത്യ ചെയ്ത ശേഷം പോലീസ് കസ്റ്റഡിയിലും മാനസിക രോഗാസ്പത്രിയിലും കഴിയുകയും പിന്നെ ഒരു സുപ്രഭാതത്തിൽ മാജിക്ക്കാരന്റെ പെട്ടിയും തൊപ്പിയും മുയലുകളുമായി തിരികെ എത്തുന്ന മകന്റെയും കഥയാണ് ക ഘ ഗ ഖ ങ്ങ.

സംവിധായകൻ മനോജ് കാനയും നാടക നടൻ കോക്കാടൻ നാരായണനും മുഘ്യ വേഷത്തിൽ അഭിനയിക്കുന്നു. രണ്ടുപേരും ഗംഭീരമായി അഭിനയിച്ചിരിക്കുന്നു..ജലീൽ ബാദ്ഷായുടെ ക്യാമറയും അതി മനോഹരം.മലയാളത്തിൽ അപൂർവമായി ഉണ്ടാകുന്ന” സിനിമകളിൽ ” ഒന്നാണിത്..നമ്മൾ കണ്ടു പരിചയിച്ച കഥകളിൽ നിന്നും ദൃശ്യഭാഷയിൽ നിന്നും മാറി നിൽക്കുന്ന നല്ല ഒരു സിനിമ. ഈ സിനിമ ഐ എഫ് എഫ് കെ യുടെ വലിയ ഒരു നഷ്ടം തന്നെയാണ്. ഇത്തരത്തിൽ മലയാളത്തിൽ ഉണ്ടാകുന്ന നവീന പരീക്ഷണങ്ങൾക്ക് ഇടം നൽകുക എന്നതാണ് കേരള ചലച്ചിത്ര മേളയുടെ ലക്ഷ്യം. നിർഭാഗ്യവശാൽ ഐ എഫ് എഫ് കെ യിലെ പല പ്രീ സെലക്ഷൻ കമ്മിറ്റിയ്ക്കും ഇതേവരെ ഈ ചലച്ചിത്ര മേളയുടെ ആത്യന്തിക ലക്ഷ്യം മനസ്സിലായിട്ടില്ല എന്ന് കാണുമ്പോൾ ദുഃഖം ഉണ്ട്. തിയറ്ററിൽ വൻ വിജയം കൈവരിച്ച പറവ പോലെയുള്ള സിനിമകൾ ഇവിടെ ന്യൂ മലയാളം വിഭാഗത്തിൽ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രയോജനം എന്താണ്..മലയാളത്തിൽ ഉണ്ടാകുന്ന പരീക്ഷണ സിനിമകൾക്കും വ്യത്യസ്തമായ ഇൻഡിപെൻഡന്റ് സിനിമകൾക്കും ഏറ്റവും പ്രത്യാശയുള്ള പ്രസക്തിയുള്ള ഒരേ ഒരിടം ആണ് ഐ എഫ് എഫ് കെ. അത്തരം സിനിമകൾക്ക് അവിടേയ്ക്കുള്ള പ്രവേശനം നിഷേധിക്കുന്നത് മലയാളത്തിൽ വ്യത്യസ്തമായ പരീക്ഷണ സിനിമകൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയെ തന്നെ ഇല്ലാതാക്കുക ആണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മുഖ്യധാരാ സിനിമകൾക്ക് കൂടുതൽ ഇടം കൊടുക്കുകയും മികച്ച ഒട്ടേറെ ഇൻഡിപെൻഡന്റ് സിനിമകളെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ പിന്നീട് ഇവിടെ പുറത്താക്കിയ ആ ഇൻഡിപെൻഡന്റ് സിനിമകൾ ആണ് മലയാളത്തിന് അഭിമാനം നൽകുന്ന നേട്ടങ്ങൾ ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ഉണ്ടാക്കിയിട്ടുള്ളത്. ഒറ്റമുറിവെളിച്ചം, ആളൊരുക്കം എന്നിവ ഉദാഹരണം.

അതിനോട് ചേർത്ത് വെക്കുന്നു ഷെറിയുടെ പുതിയ സിനിമയും..ഐ എഫ് എഫ് കെ സെലക്ഷൻ ജൂറി ഈ സിനിമയ്ക്ക് ഇടം നൽകാതെ മുഖ്യ ധാരാ തീയറ്റർ സിനിമകൾക്ക് ഈ വർഷം ന്യൂ മലയാളം സിനിമയിൽ ഇടം നൽകിയത് തീർത്തും തെറ്റായ ഒരു തീരുമാനം ആയിരുന്നു എന്ന് കരുതുന്നു.

പക്ഷെ അതിൽ ജൂറിയെ കുറ്റം പറയാൻ ആവില്ല. മുഖ്യധാരാ സിനിമകളിൽ മാത്രം ഇട പഴകി പരിചയമുള്ള സംവിധായകരെ ജൂറി ചെയർമാൻ ആയി നിശ്ചയിക്കുമ്പോൾ അവർക്ക് പരിചയമുള്ള സിനിമകളുടെ സ്വഭാവം അവരുടെ തിരഞ്ഞെടുപ്പിലും ഉണ്ടാവുക സ്വാഭാവികം. പക്ഷെ അതുകൊണ്ടുള്ള നഷ്ടം ഐ എഫ് എഫ് കെ യ്ക്കാണ്. സിനിമ എന്ന മാധ്യമത്തെ പരീക്ഷണാത്മകമായി മുന്നോട്ട് നയിക്കുന്ന ചില വ്യത്യസ്‌തമായ ചലച്ചിത്രങ്ങൾ കാണികൾക്ക് നഷ്ടമാകുന്നു.

അതിലും വലിയ ഒരു അപകടം ചലച്ചിത്രത്തെ കേവലം വിനോദോപാധി എന്ന് മാത്രം കാണാതെ ഗൗരവപൂർണമായി സമീപിക്കുന്ന പുതു സംവിധായകർ അവരുടെ സൃഷ്ടി കാണിക്കുന്നതിന് ഏറ്റവും കൂടുതലായി ഉറ്റു നോക്കിയിരിക്കുന്ന ഒരു മേളയിൽ നിന്നും ഒഴിവാക്കപ്പെടുമ്പോൾ മറ്റ് യാതൊരു വേദികളും ലഭിക്കാതെ അവർ മാനസികമായി തന്നെ തകർന്നു പോകുന്നു.

അതേ സമയം പകരം തിരഞ്ഞെടുക്കപ്പെടുന്ന കേവലം വിനോദം മാത്രം ലക്ഷ്യമിട്ട് തിയറ്റർ വിജയം നോക്കി ചെയ്ത സിനിമകൾ മേളയിൽ തിരഞ്ഞെടുക്കുകയും ആളില്ലാത്ത വേദിയിൽ പ്രദർശിപ്പിക്കുകയും അതിന്റെ സംവിധായകർ പോലും മേളയിലേക്ക് തിരിഞ്ഞു നോക്കാതെ അവഗണിക്കുകയും ചെയ്യുന്നു.

പ്രിയപ്പെട്ട അക്കാദമി വരും വർഷങ്ങളിൽ എങ്കിലും മേളയുടെ പ്രീ സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അൽപ്പം കൂടി ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു..ഈ മേള നഷ്ടപ്പെടുത്തിയ ഷെറിയുടെ ചിത്രം ക ഖ ഗ ഖ ങ്ങ എവിടെയെങ്കിലും കാണാൻ അവസരം കിട്ടിയാൽ നഷ്ടപ്പെടുത്തരുത്.മികച്ച ഒരു സിനിമാ അനുഭവം ആണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News