മലബാറില്‍ പണിമുടക്ക് പൂര്‍ണ്ണം; തൊഴില്‍ മേഖല സ്തംഭിച്ചു; അധ്യാപകരും ജീവനക്കാരും പണിമുടക്കി

കോഴിക്കോട്: മലബാറില്‍ പണിമുടക്ക് പൂര്‍ണ്ണം. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നില്ല. സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കോഴിക്കോട്, കണ്ണൂര്‍, പരപ്പനങ്ങാടി, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മിഠായ്‌ത്തെരുവില്‍ കടകള്‍ തുറന്നിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പണിമുടക്കില്‍ പ്രതിഫലിക്കുന്നത്. തൊഴില്‍ മേഖല സ്തംഭിച്ചു. അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നു.

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ചെന്നൈ മെയില്‍ തടഞ്ഞു. പണിമുടക്കിയ തൊഴിലാളികളും അധ്യാപകരും ജീവനക്കാരും വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ലിങ്ക് റോഡില്‍ നടക്കുന്ന ധര്‍ണ്ണ സിഐടിയു ദേശീയ സെക്രട്ടറി ടി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മിഠായ്‌ത്തെരുവില്‍ വളരെ കുറച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

കാസര്‍കോട് ജില്ലയില്‍ പൊതുപണിമുടക്ക് പൂര്‍ണം. കെഎസ്ആര്‍ടിസി ഉള്‍പ്പടെ ബസ്സുകള്‍, ടാക്‌സി വാഹനങ്ങള്‍ ഓടുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വമായി ഓടുന്നു. തൊഴിലാളികള്‍ പ്രകടനം നടത്തി. കാസര്‍കോടും ട്രെയിന്‍ തടഞ്ഞു.

കണ്ണൂരില്‍ പണിമുടക്ക് പൂര്‍ണം. കടകള്‍ തുറന്നില്ല. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, തലശ്ശേരി, കണ്ണപുരം, പയ്യന്നൂര്‍ എന്നീ 4 സ്ഥലങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. 166 സമര കേന്ദ്രങ്ങളില്‍ പണി മുടക്കുന്ന തൊഴിലാളികള്‍ പൊതുയോഗം സംഘടിപ്പിക്കുന്നു.

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ഇതര സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളും ഓടുന്നില്ല. ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. സ്വകാര്യബസുകളും സര്‍വ്വീസ് നടത്തുന്നില്ല.

മലപ്പുറത്ത് കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ല, ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. സ്വകാര്യ ബസ് ഹ്രസ്വദൂര സര്‍വീസുകള്‍ നടത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ സര്‍വീസ് നിലച്ചു. തിരൂരില്‍ പരശുരാമും പരപ്പനങ്ങാടിയില്‍ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസും തടഞ്ഞു.

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള പണിമുടക്കില്‍ പാലക്കാട് ജില്ല നിശ്ചലമായി. ഷൊര്‍ണൂര്‍, പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ ട്രെയിന്‍ തടഞ്ഞു. വ്യാപാരികളുള്‍പ്പെടെ എല്ലാ വിഭാഗം തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായി.

ഓട്ടോ ടാക്‌സി, ഗതാഗത മേഖലകള്‍ സ്തംഭിച്ചു. കഞ്ചിക്കോട് വ്യവസായ മേഖല പണിമുടക്കില്‍ നിശ്ചലമായി. വിവിധ കേന്ദ്രങ്ങളില്‍ തൊഴിലാളികളും ജീവനക്കാരും പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel