ഡെറാഡൂണ്‍: മുന്‍ ബിജെപി ജനറല്‍ സെക്രട്ടറിയ്ക്കെതിരെ ലെെംഗിക പീഡനാരോപണവുമായി ബിജെപി പാര്‍ട്ടി പ്രവര്‍ത്തക. പരാതിയെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയ്ക്കെതിരെ പൊലീസ് കേസ് എടുത്തു.

ഉത്തരാഖണ്ഡിലെ മുന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാറിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ഡെറാഡൂണിലെ ബല്‍ബീറിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് ഇയാള്‍ പ്രവര്‍ത്തകയെ ലെെംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ ഇയാള്‍ പാര്‍ട്ടി ഓഫീസിലേക്ക് എത്തിച്ചത്. ആര്‍ എസ് എസിന്‍റെ പ്രവര്‍ത്തകന്‍ കൂടിയാണ് സഞ്ജയ്.

പീഡനത്തെക്കുറിച്ച് നേരത്തെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ പാര്‍ട്ടി തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും യുവതി പറയുന്നു. നേരത്തെയും ഇയാള്‍ അശ്ലീല മെസേജുകള്‍ അയയ്ക്കാറുണ്ടായിരുന്നു.   പരാതി നല്‍കിയതിനാല്‍ തനിക്കെതിരെ ഭീഷണി നില നില്‍ക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കി.