മുന്നോക്ക ജാതികളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സായി.

3നെതിരെ 323 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രം ബില്‍ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ശിവസേനയും ആരോപിച്ചു. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.

5 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ 3 നെതിരെ 323 വോട്ടുകള്‍ക്കാണ് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കാനുള്ള 124ആം ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായത്.

തൃണമൂല്‍,ടിആര്‍എസ്, എല്‍ജെപി, ബിജെഡി, എന്‍സിപി, ആര്‍ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിന്റെ ഉള്ളടക്കത്തെ അനുകൂലിക്കുന്നുവെങ്കിലും ബില്‍ സമഗ്രമാക്കാന്‍ ജെപിസിക്ക് വിടണമെന്ന് കോണ്‍ഗ്രസും,സിപിഐഎമ്മും ആവശ്യപ്പെട്ടു.

ബില്ലിന്‍മേല്‍ ഉണ്ടാകാനിടയുള്ള നിയമപ്രശ്‌നം, സംവരണ മാനദണ്ഡങ്ങളിലെ പോരായ്മകള്‍ തുടങ്ങിയവ ചൂണ്ടികാട്ടിയായിരുന്നു ജെപിസി ആവശ്യം പാര്‍ട്ടികള്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ തിടുക്കത്തിലാണ് ബില്‍ കൊണ്ടുവന്നതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ ശിവസേനയും ശരിവച്ചു.

നാളിതുവരെ തൊഴില്‍ സൃഷ്ടിക്കാതെ ഇനി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞു കൊണ്ടുവരുന്ന ബില്ലിന്റെ ഉദ്ദേശവും സഭയില്‍ വിമര്‍ശിക്കപ്പെട്ടു. സംവരണത്തിലൂടെ എല്ലാവര്‍ക്കും തുല്യ അവസരം നല്കാന്‍ ഉള്ള ശ്രമമാണ് ബില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ബില്‍ നാളെ രാജ്യസഭ പരിഗണിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചാല്‍ രാജ്യസഭയിലും ബില്‍ പാസാകും.