ദേശീയ പണിമുടക്ക്; രാജ്യം നിശ്ചലം, റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു; നിര്‍മാണ വ്യവസായ മേഖലകള്‍ തടസപ്പെട്ടു

ന്യൂഡൽഹി: തൊഴിലും ജീവിതവും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ ദ്വിദിന ദേശീയ പണിമുടക്കിന്റെ ആദ്യദിനത്തിൽതന്നെ രാജ്യം നിശ‌്ചലമായി.

രാജ്യത്തിന്റെ സമസ‌്ത മേഖലകളിലും കേന്ദ്ര ഭരണത്തിന‌് താക്കീതായി വൻ തൊഴിലാളി മുന്നേറ്റം. റോഡ‌്, റെയിൽ ഗതാഗതവും നിർമാണ–-വ്യാവസായിക മേഖലകളും മറ്റിതര തൊഴിൽ മേഖലകളും സ‌്തംഭിച്ചു.

തൊഴിലാളിമുന്നേറ്റത്തിന്റെ കരുത്ത‌്‌ പ്രകടിപ്പിച്ച പ്രക്ഷേ‌‌ാഭത്തിൽ കേരളം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ, കർണാടകത്തിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ എല്ലാമേഖലയും നിശ‌്ചലമായി.

രാജ്യവ്യാപകമായി വ്യവസായമേഖലയിൽ പണിമുടക്ക‌് പ്രതിഫലിച്ചു. ഡൽഹി, -രാജ്യതലസ്ഥാന മേഖല, ബംഗാളിലെ ഹൗറ, ഹൂഗ്ലി, 24 പർഗാനാസ‌് തുടങ്ങിയ ജില്ലകൾ, അസമിലെ എണ്ണശുദ്ധീകരണ ശാലകൾ, മഹാരാഷ്ട്രയിലെ പുണെ, നാസിക‌്, ഔറംഗബാദ‌് വ്യവസായനഗരങ്ങൾ, കർണാടകത്തിലെ ബംഗളൂരു, മൈസൂരു വ്യവസായകേന്ദ്രങ്ങൾ, പഞ്ചാബിലെ ലുധിയാന,

ജാർഖണ്ഡിലെ ബൊക്കാറോ, റാഞ്ചി, ആദിത്യപുർ ഗാംഹാരിയ വ്യവസായ മേഖലകൾ, ഗുജറാത്തിലെ ബറോഡ, സൂറത്ത‌്, ഭാവ‌്നഗർ, രാജ‌്കോട്ട‌്, ജുനാഗട്ട‌്,

അഹമ്മദാബാദ‌് എന്നിവിടങ്ങളിലെ നിർമാണമേഖലകൾ, തെലങ്കാനയിലെ ഹൈദരാബാദ‌്, സമീപ ജില്ലകൾ തുടങ്ങിയയിടങ്ങളിൽ വ്യവസായ–-നിർമാണ മേഖല സ‌്തംഭിച്ചു.

ബംഗാൾ, അസം, ജാർഖണ്ഡ‌്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊലീസ‌് വ്യാപക അക്രമം നടത്തി. ഇടതുപക്ഷ നേതാക്കളെയും സിഐടിയു പ്രവർത്തകരടക്കം ആയിരക്കണക്കിന‌് തൊഴിലാളികളെയും അറസ്റ്റ‌്‌ ചെയ‌്തു.

10 കേന്ദ്ര ട്രേഡ‌് ‌യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്കിന്റെ ആദ്യദിനം രാജ്യവ്യാപകമായി പ്രതിഷേധ മാർച്ചുകൾ നടന്നു.

തൊഴിലാളിവിരുദ്ധ നയങ്ങൾക്കും തൊഴിൽനിയമം അപ്രസക്തമാക്കാനുമുള്ള മോഡി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ 12 ഇന ആവശ്യങ്ങളുമായാണ‌് പണിമുടക്ക‌്.

മഹാരാഷ‌്ട്ര, ബിഹാർ, ഹരിയാന, പഞ്ചാബ‌്, ഉത്തരാഖണ്ഡ‌് തുടങ്ങിയ സംസ്ഥാനങ്ങളിലും മധ്യപ്രദേശിലെ 22 ജില്ലകളിലും റോഡ‌് ഗതാഗതം മുടങ്ങി. ജമ്മു -കശ‌്മീരിൽ അന്തർസംസ്ഥാന ബസുകൾ ഓടിയില്ല.

ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അക്രമങ്ങളെ അവഗണിച്ച‌് തൊഴിലാളികൾ പണിമുടക്കി. റോഡ‌് വഴിയുള്ള പൊതു, ചരക്ക‌് ഗതാഗതത്തെ വലിയതോതിൽ ബാധിച്ചു.

നിർമാണ മേഖലയിൽ പണിമുടക്ക‌് പൂർണമായി. ത്രിപുരയിൽ ബിജെപിയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തൊഴിലാളികൾക്കുനേരെ വ്യാപക ആക്രമണങ്ങൾ നടന്നു.

ബിജെപി അക്രമികൾ ഭീഷണിയിലൂടെ കടകൾ തുറക്കാൻ ശ്രമിച്ചങ്കിലും 70 ശതമാനത്തിലേറെ കടകൾ അടഞ്ഞുകിടന്നു.

30 ശതമാനം ബസുകൾ മാത്രമാണ‌് നിരത്തിലിറങ്ങിയത‌്. ഗോത്രമേഖലയിൽ പണിമുടക്ക‌് പൂർണമായി. അധ്യാപകരെ നിർബന്ധമായി സ‌്കൂളുകളിൽ എത്തിച്ചെങ്കിലും വിദ്യാർഥികൾ പഠിപ്പുമുടക്കി.

പണിമുടക്കിന‌് ഐക്യദാർഢ്യവുമായി ഇടതുപക്ഷ എംപിമാർ പാർലമെന്റിനുമുന്നിൽ ധർണ നടത്തി. പി കരുണാകരൻ, ടി കെ രംഗരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

സമാജ‌്‌‌വാദി നേതാവ‌് മുലായംസിങ‌് യാദവ‌് ഐക്യദാർഢ്യവുമായി ധർണയ‌്ക്ക‌് അഭിവാദ്യം അർപ്പിച്ചു.

കേരളത്തിലും പൂർണം

കേരളത്തിൽ ഒന്നേകാൽ കോടിയോളം പേർ പണിമുടക്കി. സംസ്ഥാനത്താകെ 482 സമരകേന്ദ്രങ്ങളാണുള്ളത‌്. 32 കേന്ദ്രങ്ങളിൽ ട്രെയിൻ തടഞ്ഞു.

ശബരിമല സർവീസ‌് ഒഴികെ കെഎസ‌്ആർടിസി, സ്വകാര്യ ബസുകൾ സർവീസ‌് നടത്തിയില്ല. ഓട്ടോ–-ടാക‌്സി മേഖല പൂർണമായും സ‌്തംഭിച്ചു. കോൺട്രാക്ട‌് വാഹനങ്ങളും സർവീസ‌് നടത്തിയില്ല.

ചുരുക്കം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. പൊതുഗതാഗതമില്ലാത്തതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കരാർ തൊഴിലാളികൾ പണിമുടക്കിയതോടെ വിമാന സർവീസുകൾ മുടങ്ങി.

കരിപ്പൂരിലും കാർഗോ സർവീസ്‌ മുടങ്ങി. സംസ്ഥാനത്ത‌് ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങൾ തുറന്നു. എവിടെയും നിർബന്ധിച്ച‌് കടകൾ അടപ്പിച്ചില്ല. കൊച്ചി, വല്ലാർപ്പാടം തുറമുഖങ്ങളിൽ ചരക്കുനീക്കവും സ്‌തംഭിച്ചു.

പ്രധാനപ്പെട്ട കേന്ദ്ര സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നു. തപാൽ–-ആർഎംഎസ‌് മേഖല പൂർണമായും നിശ‌്ചലമായി. തപാൽ മേഖലയിൽ തിരുവനന്തപുരം ജിപി ഒ, ആർഎംഎസ്, പോസ്റ്റൽ അക്കൗണ്ട്സ്, അടക്കം മുഴുവൻ ഓഫീസുകളും സ്തംഭിച്ചു.

ഇൻകംടാക്സ്, സെൻട്രൽ എക‌്സൈസ് വകുപ്പുകളിൽ മുഴുവൻ ജീവനക്കാരും പണിമുടക്കി. സംസ്ഥാനസർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സെക്രട്ടറിയറ്റിൽ 110 ജീവക്കർ മാത്രമാണ് ജോലിക്കെത്തിയത്.

തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന മിക്ക ഡയറക്ടറേറ്റുകളും തുറന്നില്ല. കേരളത്തിൽ 22000 ബാങ്ക് ജീവനക്കാർ പണിമുടക്കി. നബാർഡ‌് ജീവനക്കാർ എഐഎൻബിഇഎ യൂടെ നേതൃത്വത്തിൽ പണിമുടക്കിൽ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here