പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്നതാകും പുതിയ സംസ്ഥാന ബജറ്റ്: തോമസ് ഐസക്

പ്രളയാനന്തര കേരള പുനർനിർമാണത്തിന് ഊന്നലുമായി സംസ്ഥാന ബജറ്റ്. കേര‍ള പുനസൃഷ്ടിക്കായി 15 മുതൽ 20 വരെ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പീപ്പിൾ ടി.വിയോട് പറഞ്ഞു.

പ്രധാന മേഖലകളിൽ നികുതി ഉയർത്താതെയും സാധാരണക്കാരന്‍റെ ആനുകൂല്യങ്ങൾ നിലനിർത്തുന്നതുമാകും ബജറ്റ്. ജി.എസ്.ടി വരുമാനം ഉയരുമെന്നതാണ് പ്രതീക്ഷ. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളും ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

പ്രളയം വിതച്ച ദുരന്തത്തിന്‍റെ അലയോളികൾ മാറും മുൻപും വലിയ സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അഭിമൂഖീകരിക്കുന്ന ഘട്ടത്തിലുമാണ് 2019 – 2020 സാമ്പത്തിക വർഷത്തെയ്ക്കുള്ള ബജറ്റ് എത്തുന്നത്.

അതുകൊണ്ട് തന്നെ കേരള പുനർനിർമാണത്തിനാണ് ഇത്തവണത്തെ ബജറ്റിന്‍റെ ഉൗന്നലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പീപ്പിൾ ടി.വിയോട് പറഞ്ഞു.

തീരദേശ പുനരധിവാസം ഉൾപ്പെടെ മത്സ്യത്തൊ‍ഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളും പദ്ധതികളിൽ ഉൾക്കൊള്ളും.

ആരോഗ്യം – വിദ്യാഭ്യാസം എന്നിവയ്ക്ക് പരിഗണനയുണ്ടാകും. ഭൂമി, പെട്രോൾ, മദ്യം എന്നിവയിൽ നികുതി വർദ്ധനവ് ഉണ്ടാകില്ല. പെൻഷൻ ഉൾപ്പടെ പാവങ്ങൾക്ക് നൽകുന്ന പദ്ധതികളോടും അനുകൂല നിലപാടാകും ബജറ്റിന്.

ഒരു ശതമാനം പ്രളയ സെസ് ജനങ്ങൾക്ക് ഭാരമാകില്ല. എന്നാൽ ചരക്ക് സേവന നികുതിയുടെ നിരക്ക് മാറ്റം കോടികളും നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാക്കുന്നത്.

സംസ്ഥാനത്തിന്‍റെ ചിലവുകൾ 16 ശതമാനം കൂടുമ്പോൾ വരുമാനം 10 ശതമാനം മാത്രം വർദ്ധിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

അതെസമയം ജി.എസ്.ടി വരുമാനം വർദ്ധിക്കുമെന്നതാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷ. സർക്കാരിന്‍റെ ചിലവുകളിലും നിയന്ത്രണം ഏർപ്പെടുത്തും.

ഒപ്പം നികുതി ചോർച്ച തടയാനും നികുതി കുടിശ്ശിക പിരിക്കൽ ഉൗർജ്ജിതമാക്കാനും നടപടികളുണ്ടാകും. സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വ‍ഴിവച്ച നവോത്ഥാന മൂല്യമൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളും ബജറ്റ് വിഭാവനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here