മുംബൈ നഗരത്തെ വലച്ച ബെസ്റ്റ് സമരം ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി

ബെസ്റ്റ് ബസ് തൊഴിലാളി അനിശ്ചിതകാല പണിമുടക്കിന് തുടക്കമിട്ടതോടെ നഗരത്തിലെ ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ദിവസം തോറും 25 ലക്ഷത്തിലധികം പേരാണ് ബെസ്റ്റ് ബസുകളെ ആശ്രയിക്കുന്നത്.

ബസ് ഡ്രൈവർമാരും കണ്ടക്ടർമാരുമടക്കം 32,000 തൊഴിലാളികളാണ് സമരവുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചത്.

അതേസമയം ബസ് സർവീസിനെ അവശ്യ സർവീസ് നിയമത്തിൽ (മെസ്മ) ഉൾപ്പെടുത്തി സമരത്തെ വെല്ലുവിളിക്കാൻ തീരുമാനിച്ചിരിക്കയാണ് മഹാരാഷ്ട്ര സർക്കാർ.

നഗരത്തിൽ ബെസ്റ്റ് ബസ് സമരം പൂർണമായതോടെ യാത്രക്കാർ ട്രെയിൻ, ഓട്ടോ, ടാക്സി സേവനങ്ങളെ ആശ്രയിച്ചാണ് യാത്ര ചെയ്തത്.

അവസരം മുതലാക്കി പലയിടങ്ങളിലും ടാക്സികൾ കൂടുതൽ തുക ഈടാക്കിയെന്ന പരാതിയും പരക്കെയുണ്ട്. ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിനുകളിൽ തിരക്ക് കുറവായിരുന്നെങ്കിലും ബെസ്റ്റ് സമരം തുടർന്നാൽ ഏറെ വലയുന്നത് സബർബൻ ട്രെയിൻ യാത്രക്കാരായിരിക്കും.

മുനിസിപ്പൽ കമ്മിഷണറും ബെസ്റ്റ് ജീവനക്കാരുടെ യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ച വീണ്ടും അലസിപ്പിരിഞ്ഞു. ഈ സാഹചര്യത്തിൽ സമരം തുടർന്ന് കൊണ്ട് പോകാനാണ് യൂണിയന്റെ തീരുമാനം.

എന്നാൽ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ മെസ്മ പ്രകാരം നടപടി കൈക്കൊള്ളുമെന്ന സർക്കാർ മുന്നറിയിപ്പ് ജീവനക്കാരിൽ ആശങ്ക പടർത്തിയിട്ടുണ്ട്.

ശമ്പള വർധന, ബെസ്റ്റ് ബസ് ബജറ്റ് മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോർപ്പറേഷൻ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ മുന്നോട്ട് വച്ചിരിക്കുന്നത്.

അഖിലേന്ത്യാ പണിമുടക്കായിരുന്നതിനാൽ ചൊവ്വാഴ്ച ലോക്കൽ ട്രെയിനിൽ യാത്രക്കാർ താരതമ്യേന കുറവായിരുന്നു.

പല സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ബുധനാഴ്ചയും പണിമുടക്കായതിനാൽ ഓഫീസ് ജീവനക്കാരുടെ എണ്ണം കുറവായിരിക്കുമെന്നാണ് നിഗമനം.

ബെസ്റ്റ് സമരവും പണിമുടക്കും. സമരം മൂലം പരീക്ഷകളിൽ വൈകിയെത്തുന്ന കുട്ടികൾക്ക് കൂടുതൽ സമയം അനുവദിക്കാൻ മുംബൈ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here