മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; പാര്‍ലമെന്റിലേക്ക് നടന്ന മാര്‍ച്ചില്‍ അണിനിരന്നത് ആയിരങ്ങള്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് രാജ്യത്ത് പുരോഗമിക്കുന്നു.

സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് നടന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. പശ്ചിമബംഗാളില്‍ നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും പല സംസ്ഥാനങ്ങളിലും പൊതു പണിമുടക്ക് പൂര്‍ണ്ണമാണ്.

1991ന് ശേഷമുള്ള രണ്ടാമത്തെ ദ്വിദിന പണിമുടക്കിന്റെ ആദ്യ ദിവസം 20 കോടിയിലേറെ തൊഴിലാളികളാണ് അണിനിരന്നതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ രണ്ടാം ദിനമായ ഇന്ന് 20 കോടിയിലേറെ ജനങ്ങള്‍ അണിനിരന്നുവെന്ന് സംഘാടകര്‍ ചൂണ്ടികാണിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കി റാലികള്‍ സംഘടിപ്പിച്ചു. ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണമാണ് പണിമുടക്കിനുണ്ടായതെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതു പണിമുടക്ക് പൂര്‍ണ്ണമാണ്.

കേരളം, ബംഗാള്‍,കര്‍ണാടക,ത്രിപുര, മഹാരാഷ്ട്ര, തമിഴ്‌നാട്,ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പണിമുടക്കിന് വന്‍ തൊഴിലാളി പങ്കാളിത്തമാണുണ്ടായത്. പാര്‍ലമെന്റിലേക്ക് സംയുക്ത ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരകണക്കിനാളുകള്‍ അണിനിരന്നു. വ്യവസായ – പൊതുമേഖല സ്ഥാപനങ്ങളിലെ 70% ജീവനക്കാരും പണിമുടക്കി കൊണ്ട് രംഗത്തു വന്നു.

കല്‍ക്കരി മേഖല പണിമുടക്കിനെ തുടര്‍ന്ന് നിശ്ചലമായി. ബാങ്കിങ്, അധ്യാപക, സംഘടനകള്‍ തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഗ്രാമീണ ഭാരതബന്ദിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകള്‍ നിശ്ചലമാണ്. മുഴുവന്‍ എല്‍ഐസി ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശിലും ചില ഗ്രാമീണ മേഖലകളില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. ഉത്തരേന്ത്യയിലെ പണിമുടക്ക് ഭാഗികമാണെങ്കിലും മുന്‍വര്‍ഷത്തേക്കാള്‍ തൊഴിലാളി പങ്കാളിത്തമുണ്ടായിട്ടുണ്ട് എന്നത് മോദി സര്‍ക്കാരിന് തലവേദനയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News