“ഫ്രാങ്കോയ്ക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതും കവിതകള്‍ പ്രസിദ്ധീകരിച്ചതും ഡ്രൈവിങ്ങ് ലൈസന്‍സ് എടുത്തതും വാഹനം വാങ്ങിയതും മേലധികാരികളുടെ അനുമതിയില്ലാതെ”; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാസഭ മുഖപത്രം

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ കത്തോലിക്കാ സഭയുടെ രൂക്ഷ വിമര്‍ശനം.സഭയുടെ ഉടമസ്ഥതയിലുള്ള പത്രത്തിലെ മുഖപ്രസംഗത്തിലാണ് സിസ്റ്റര്‍ ലൂസിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

പൊതു സമൂഹത്തിനു മുന്നില്‍ സിസ്റ്റര്‍ സഭയെയും സഭാനേതൃത്വത്തെയും അവഹേളിച്ചുവെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.സഭയ്ക്കെതിരെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ സിസ്റ്റര്‍ ലൂസി പ്രചരിപ്പിക്കുന്നുവെന്നും പേരെടുത്ത് പറയാതെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

മാനന്തവാടി രൂപത പി ആര്‍ ഒ, നോബിള്‍ പാറയ്ക്കലാണ് സഭാ ഉടമസ്ഥതയിലുള്ള പത്രമായ ദീപികയില്‍ സിസ്റ്റര്‍ ലൂസിയെ വിമര്‍ശിച്ച് മുഖപ്രസംഗമെ‍ഴുതിയിരിക്കുന്നത്.

പൊതു സമൂഹത്തിനു മുന്നില്‍ കന്യാസ്ത്രീ സന്യാസത്തെ അപഹാസ്യമാക്കുമ്പോള്‍ യഥാര്‍ത്ഥ സത്യം പുറത്തറിയണം എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം തുടങ്ങുന്നത്.സഭാധികാരികളുടെ സമ്മതമില്ലാതെയാണ് ബിഷപ്പ് ഫ്രാങ്കൊയ്ക്കെതിരായ സമരത്തില്‍ കന്യാസ്ത്രീ പങ്കെടുക്കുകയും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്.

സന്യാസ വസ്ത്രം മാറ്റി ചുരിദാര്‍ ധരിച്ച് വികലമായ ആക്ഷേപം ഉന്നയിച്ച് സ്വന്തം ഫോട്ടൊ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.അനുവാദമില്ലാതെ കവിതകള്‍ പ്രസിദ്ധീകരിച്ചു.ഡ്രൈവിങ്ങ് ലൈസന്‍സ് എടുത്തതും വാഹനം വാങ്ങിയതും മേലധികാരികളുടെ അനുമതിയില്ലാതെയാണ്.

2017 മുതല്‍ ശമ്പളം സന്യാസ സഭയെ ഏല്‍പ്പിച്ചില്ല.ഇത്തരത്തില്‍ നിരന്തരം അച്ചടക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് കന്യാസ്ത്രീയോട് വിശദീകരണം ചോദിച്ചതെന്നും സത്യം മനസ്സിലാക്കാതെയാണ് മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സിസ്റ്റര്‍ ലൂസിയോട് സന്യാസ സഭ ആവശ്യപ്പെട്ടെങ്കിലും സിസ്റ്റര്‍ ലൂസി അതിന് തയ്യാറായിട്ടില്ല.താന്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും പല പുരോഹിതരുടെയും തെറ്റ് മറയ്ക്കാനാണ് തന്നെ വിമര്‍ശിക്കുന്നതെന്നുമാണ് സിസ്റ്റര്‍ ലൂസിയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here