പ്രവാസികള്‍ക്ക് തിരിച്ചടിയായി യുഎഇ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; 2019ല്‍ സ്വദേശിവത്കരണം ഇരട്ടിയാക്കും

നിരവധി മലയാളികളുടെ ഭാവിയെ ആശങ്കയിലാക്കി യുഎഇ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. യുഎഇയില്‍ ഈ വര്‍ഷത്തോടെ സ്വദേശിവത്കരണം ഇരട്ടിയാക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

2018ലെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും ഈ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം പുതിയ വര്‍ഷത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയത്.

തൊഴില്‍ സ്വദേശിവത്കരണം 2018ല്‍ 200 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. 2019ല്‍ സ്വദേശിവത്കരണം പിന്നെയും ഇരട്ടിയാക്കേണ്ടതുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സ്വദേശികള്‍ക്കായി 7000 വീടുകള്‍ നിര്‍മ്മിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ എല്ലാ പൗരന്മാര്‍ക്കും മാന്യമായ താമസ സ്ഥലം ഉറപ്പുവരുത്തും.

സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്കായി ആയിരം കോടി ദിര്‍ഹത്തിന്റെ സാമൂഹിക സഹായ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കി.

ഈവര്‍ഷവും സര്‍ക്കാര്‍ അവര്‍ക്കൊപ്പം തന്നെയായിരിക്കും. ഒരാളെയും മറന്നുപോവുകയില്ല.കുടുംബങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി നയങ്ങള്‍ രൂപീകരിച്ചു.

2019ലും വരും വര്‍ഷങ്ങളിലും ഇത് തന്നെയാവും ഭരണകൂടത്തിന്റെ മുന്‍ഗണനയെന്നും റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here