അയോധ്യകേസ് പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് യു യു ലളിത് പിന്മാറി; കേസ് 29 ലേക്ക് മാറ്റി

അയോദ്ധ്യ തര്‍ക്കഭൂമി കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്മാറി. അയോധ്യയുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ യു യു ലളിത് ഹാജരായ സാഹചര്യത്തിലാണ് പിന്മാറ്റം. പുതിയ ബഞ്ച് രൂപീകരിച്ച് കൊണ്ട് ജനുവരി 29 ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

അയോദ്ധ്യ ഭൂമി തര്‍ക്കേസില്‍ അന്തിമ വാദം ആരംഭിക്കാനുള്ള സമയവും തീയ്യതിയും ഇന്ന് തീരുമാനിക്കുമെന്ന് കേസ് പരിഗണിച്ച ഉടനെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.

ഈ സമയത്താണ് ജസ്റ്റിസ് യു യു ലളിത് അഭിഭാഷകനായിരിക്കെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് വേണ്ടി ഹാജരായ കാര്യം മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ ഉന്നയിച്ചത്.

ഇതിനെ തുടര്‍ന്ന് ബെഞ്ചില്‍ നിന്ന് പിന്മാറാന്‍ ജസ്റ്റിസ് യു യു ലളിത് തന്നെ സന്നദ്ധത അറിയിക്കുകയായിരുന്നു. അടുത്ത തവണ കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് ഭരണഘടനാ ബെഞ്ച് പുനസ്ഥാപിക്കും.

കേസില്‍ അന്തിമ വാദം തുടങ്ങുന്ന തീയതി തീരുമാനമായിട്ടില്ല. അയോദ്ധ്യ കേസുമായി ബന്ധപ്പെട്ട 15 പെട്ടി രേഖകളാണ് സുപ്രീം കോടതിയിലുള്ളത്.

അതു കൊണ്ട് തന്നെ കേസ് രേഖകള്‍ പരിശോധിച്ചു വിവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പാക്കാന്‍ സുപ്രീംകോടതി രജിസ്ട്രിക്കും ഔദ്യോഗിക വിവര്‍ത്തകനും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.

റഫറന്‍സ് ഓഡര്‍ ഇല്ലാതെ ഭരണഘടന ബെഞ്ച് രൂപീകരിച്ചത് നടപടിക്രമങ്ങളുടെ ലംഘനം അല്ലേ എന്നും രാജീവ് ധവാന്‍ ചോദിച്ചു.

അയോദ്ധ്യ കേസ് ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ഉപയോഗിച്ചുള്ളതാണെന്നും തന്റെ തീരുമാനം മൂന്നംഗ ബെഞ്ചിന് വിരുദ്ധമല്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മറുപടി നല്‍കി.

രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കോടതിയില്‍ നിന്നുണ്ടാകുന്ന ഏതു തീരുമാനവും നിര്‍ണായകമാണ്.

സുപ്രീംകോടതി വിധിക്ക് ശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി കഴിഞ്ഞു.

അതുകൊണ്ടുതന്നെ അന്തിമവാദം തെരഞ്ഞെടുപ്പിന് മുന്നേ ഉണ്ടാവുമോ എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News