കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്ന് മറിയം റഷീദയ്ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട മാലി സ്വദേശിനി ഫൗസിയ ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ ഇരകളാക്കപ്പെടുകയായിരുന്നു. പൊലീസുദ്യോഗസ്ഥനായിരുന്ന എസ് വിജയനാണ് ചാരക്കേസിന് പിന്നില്‍. നമ്പി നാരായണനെ പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയിലാണ് ആദ്യം കാണുന്നത്. നമ്പി നാരായണന്‍ എന്ന പേര് പറയാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതില്‍ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ട്.

ഞാനും മറിയം റഷീദയും ആയുധങ്ങളായി മാറുകയായിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. എനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്കും നഷ്ടപരിഹാരം നല്‍കണം.

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടിയതില്‍ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.