യുപിയില്‍ മഹാസഖ്യത്തിന് ബിഎസ്പി-എസ്പി ധാരണ; പ്രഖ്യാപനം നാളെ; കോണ്‍ഗ്രസിനെ ഒഴിവാക്കി; ഇനി ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല

ദില്ലി: കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് ബിഎസ്പി-എസ്പി ധാരണ.

കോണ്‍ഗ്രസിനെ ഒഴിവാക്കി ഉത്തര്‍പ്രദേശില്‍ പൊതുതെരഞ്ഞെടുപ്പ് നേരിടാനാണ് എസ് പി – ബി എസ് പി അന്തിമ ധാരണ. മായാവതിയും അഖിലേഷ് യാദവും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് മഹാസഖ്യ രൂപീകരണത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമായത്.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇരുവരും നാളെ ലക്നൗവില്‍ നടത്തും. 80 സീറ്റുകളുള്ള യുപിയില്‍ എസ്പിയും ബിഎസ്പിയും 37 വീതം സീറ്റുകളില്‍ മത്സരിക്കും. അജിത് സിംഗിന്റെ ആര്‍എല്‍ഡിക്ക് കൈരാന ഉള്‍പ്പെടെ 2 സീറ്റ് നല്‍കും.

കോണ്‍ഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കില്ലെങ്കിലും സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുലിന്റെ മണ്ഡലമായ അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. എന്‍ഡിഎയുമായി ഇടഞ്ഞുനില്‍ക്കുന്ന ഘടകകക്ഷികള്‍ക്കായി മഹാസഖ്യം വാതില്‍ തുറന്നേക്കും.

ഓം പ്രകാശ് രാജ്ബറിന്റെ സുഹല്‍ദേവ് പാര്‍ട്ടിക്ക് ഒരുസീറ്റ് നല്‍കുകയും അപ്നാ ദളിന്റെ ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാനും സഖ്യം തയ്യാറാകും. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാസഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

സഖ്യത്തില്‍ ഉള്‍പ്പെടുത്താത സാഹചര്യത്തില്‍ സ്വന്തം നിലയില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന. കോണ്‍ഗ്രസിനെ എഴുതിതള്ളേണ്ടതില്ലെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുള്ള നിലപാടിലാണ് പാര്‍ട്ടി.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 71 സീറ്റുകള്‍ ലഭിച്ച ഉത്തര്‍പ്രദേശില്‍ മഹാസഖ്യം വരുന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here