ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ദില്ലിയില്‍ ആരംഭിച്ചു

ദില്ലി: ലോക്‌സഭാ തിയതി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ദില്ലിയില്‍ ആരംഭിച്ചു. 2014ന് സമാനമായ രീതിയില്‍ 9 ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമോയെന്ന് കാര്യത്തിലും ചര്‍ച്ച നടക്കും. ഇന്നും നാളെയുമായി രണ്ട് ദിവസമാണ് യോഗം.

അഞ്ച് മാസത്തിനുള്ളില്‍ പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിടുന്ന നിര്‍ണ്ണായക യോഗമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സന്നിഹിതരായ യോഗത്തില്‍ ജനപ്രാതിനിധ്യനിയമത്തിലെ ചട്ടങ്ങളില്‍ മാറ്റം, ലോക്സഭ വോട്ടിങ്ങ് ഘട്ടങ്ങള്‍ എന്നിവയാണ് ചര്‍ച്ചാ വിഷയം.

2014ല്‍ 9 ഘട്ടമായാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. സമാനമായ രീതിയില്‍ ഇത്തവണയും തിരഞ്ഞെടുപ്പ് നടത്തണമോയെന്ന് കാര്യത്തിലും തീരുമാനം എടുക്കും. തിരഞ്ഞെടുപ്പ് ചട്ടത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള 14 അംഗ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

ആദ്യ ഘട്ട വോട്ടെടുപ്പിന് 72 മണിക്കൂറിന് മുമ്പ് രാഷ്ട്രിയ പാര്‍ടികള്‍ പ്രകടന പത്രിക പുറത്തിറക്കണമെന്നതാണ് പ്രധാന നിര്‍ദേശം. 2014ലെ തിരഞ്ഞെടുപ്പ് സമയത്ത് ആദ്യ ഘട്ട വോട്ടിങ്ങ് നടക്കുമ്പോഴാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ഇത് ഏറെ വിവാദമായിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടിയാണന്ന് ചൂണ്ടികാട്ടി മറ്റ് പാര്‍ടികള്‍ കമ്മീഷനെ സമീപിക്കുകയും ചെയ്തു.

നിശബ്ദ പ്രചാരണം നടക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥികള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നത് നിരോധിക്കണം, ഈ സമയത്ത് വോട്ടര്‍മാരെ നേരിട്ട് കാണുന്നത് നിറുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് ദിവസമായി നടക്കുന്ന യോഗത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News