
ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ച് കേരളത്തില്‍ രാഷ്ട്രീയ താത്പര്യം മാത്രം വച്ച് നടത്തിയ ഇടപെടലുകളും നിലപാടുകളിലെ പൊള്ളത്തരങ്ങളും കേരല സമൂഹത്തില്‍ വലിയ നിലയില്‍ തുറന്ന് കാട്ടപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് പാത്രമാവുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് രസകരമായ രീതിയില്‍ വാട്സ്ആപ്പ് സന്ദേശങ്ങളുടെ രൂപത്തില്‍ ബിജെപിയുടെ ശബരിമല വിഷയത്തില്‍ ഇന്ന്വരെ സ്വീകരിച്ച നിലപാടുകളെ ഒന്നാകെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ കുറിപ്പ് വ്യാപകമാവുന്നത്.
മിനേഷ് രാമനുണ്ണി എഴുതിയ കുറിപ്പ്
സുമേഷ് കാവിപ്പടയുടെ വാട്സപ്പ് ജീവിതം.
(മൈ ഫാമിലി ഗ്രൂപ്പ്)
സുമേഷ് കാവിപ്പട: നമസ്തേ ബന്ധു ജനങ്ങളേ.
വല്യമ്മ: ശുഭ ദിനം സുമേഷ് മോനേ.
സുമേഷ് കാവിപ്പട: : നമസ്തേ വല്യമ്മ .
വല്യമ്മ: ഈ ദിനം ശുഭ ചിന്തയോടെ തുടങ്ങാം. പ്രഷർ കുക്കറിൽ നാലു വിസിൽ ആവുമ്പോൾ ഉരുളക്കിഴങ്ങ് വേവും : ആൽബർട്ട് ഐൻസ്റ്റീൻ
സുമേഷ് കാവിപ്പട: പെൻസിൽ വാലിയയിലും നമോ തരംഗം. പെൻസിൽവാലിയ വെള്ളപ്പൊക്കത്തിൽ നമോ രൂപം തെളിഞ്ഞു വരുന്നു. വീഡിയോ കാണാം
കേശവൻ മാമൻ : പെപ്സിയിൽ എയിഡ്സ് രോഗിയുടെ രക്തം കലർന്നു. ഇനി പെപ്സി കുടിക്കരുത്. മാക്സിമം ഷെയർ
സുമേഷ് കാവിപ്പട: ബ്രേക്കിംഗ് ന്യൂസ്, ശബരിമലയിൽ യുവതികൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി
ഗായത്രി അമ്മായി: അങ്ങനെയാണെങ്കിൽ ഇനി നമുക്കെല്ലാം ഒരുമിച്ച് പോകാല്ലോ.
പ്രസാദേട്ടൻ നമോ : സുപ്രീം കോടതി വിധി മാനിക്കുന്നു. ശ്രീധരൻ പിള്ളാജി
സുമേഷ് കാവിപ്പട :??
പ്രസാദേട്ടൻ നമോ: വിധിയെ മാനിക്കുന്നു. സംഘം
സുമേഷ് കാവിപ്പട :??
സുമേഷ് കാവിപ്പട : വിധി നടപ്പിലാക്കും എന്ന് പിണറായി.
അച്ഛൻ : അതു കൊള്ളാല്ലോ. അപ്പോൾ നമ്മളെല്ലാം ഇക്കുറി ഒരു മിനി ബസ് ബുക്ക് ചെയ്ത് മലക്ക് പോകാം
മാമൻ യു എസ് എ : അതെങ്ങനെ ശരിയാവും? പഴയ ആചാരങ്ങൾ മാറ്റാൻ പറ്റുമോ?
അച്ഛൻ : പഴയ ആചാരങ്ങൾ മാറ്റിയതു കൊണ്ടല്ലെ നിനക്കും ഗായത്രിക്കുമൊക്കെ കടൽ കടന്ന് അമേരിക്കക്ക് പോകാൻ പറ്റിയത് സതേീഷേ .
ചെറിയച്ചൻ: കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്കാർക്കും ശബരിമലയിൽ പോകാൻ തോന്നില്ല.
പ്രിയച്ചേചി: സത്യം പറയാല്ലോ, എനിക്ക് പോകണം എന്നുണ്ട്.
വല്യമ്മ : വല്യ പരിഷ്ക്കാരികൾ, അതൊന്നും പറ്റില്ല. അശുദ്ധിയാവും.
സുമേഷ് കാവിപ്പട : ശബരിമലയിലെ യുവതി പ്രവേശനം എതിർക്കും : ശ്രീധരൻ പിള്ള
പ്രിയച്ചേചി : ഇദ്ദേഹമല്ലേ കോടതി വിധി മാനിക്കും എന്നു അൽപം മുൻപ് പറഞ്ഞത് ?
പ്രസാദേട്ടൻ നമോ : പിള്ളാജി ഹിന്ദു താൽപര്യം മുൻ നിർത്തി നിലപാട് മാറ്റിയതാണു.
സുമേഷ് കാവിപ്പട: നമ്മൾ ഹിന്ദുക്കൾ ഒരു അപകടത്തിൽ നിൽക്കുന്ന ഈ അവസരത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണം എന്നു അഭ്യർത്ഥിക്കുന്നു.
പ്രസാദേട്ടൻ നമോ : വൈകുന്നേരത്തെ നാമ ജപത്തിൽ പങ്കെടുക്കുമല്ലോ, സുമേഷ് കുട്ടൻ പറഞ്ഞതു പോലെ ഇനിയുള്ള കാലം നമ്മൾ ഒന്നിച്ച് നിൽക്കണം.
പ്രിയച്ചേചി: ഞാനില്ല. പ്രസാദേട്ടൻ തനിച്ച് പോയാൽ മതി
സുമേഷ് കാവിപ്പട : സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അപകടം. അമേരിക്കയിലെ ഡോക്റ്ററുടെ വീഡിയോ കാണാം
പ്രിയച്ചേചി: ഇതൊക്കെ ഉള്ളതാണോ? എനിക്ക് അവർ പറയുന്നത് ശരിയാണു എന്നു തോന്നുന്നില്ല.
വല്യമ്മ : ഇത്രയും പഠിച്ച ഡോക്റ്റർ പറയുന്നത് വിശ്വസിച്ചൂടേ?
സന്ദീപ് കമ്മി : അവരു പറയുന്നത് പൊട്ടത്തരമാണു എന്നു ഫെയിസ്ബുക്കിൽ ഡോ. നെൽസൻ ജോസഫ് എഴുതിയിട്ടുണ്ട്.
സുമേഷ് കാവിപ്പട: ഓ, കമ്മികൾ ഓരൊന്നും പിടിച്ച് ഇറങ്ങിത്തുടങ്ങി. കമ്മി, സുഡാപ്പി, പാതിരിമാർക്ക് ഹിന്ദുക്കളുടെ ആചാരം നശിച്ച് പോകുന്നത് പ്രശ്നമല്ലല്ലോ.
അച്ഛൻ : ഇതിൽ രാഷ്ട്രീയമൊന്നുമില്ല. പണ്ടും അവിടെ സ്ത്രീകൾ പോയിരുന്നതാണല്ലോ.
സുമേഷ് കാവിപ്പട: എന്നിട്ടെന്തായി അച്ഛാ? പ്രളയം വന്നില്ലേ? സുനാമി വന്നില്ലേ?
അച്ഛൻ : എണീറ്റ് പോടാ..
കേശവൻ മാമൻ : അഞ്ച് തലയുള്ള രാജവെമ്പാലയുടെ അപൂർവ്വ ചിത്രം കാണുക
സന്ദീപ് കമ്മി : അത് ഫോട്ടോ ഷോപ്പാ, കേശവൻ മാമാ..
പ്രിയച്ചേചി : ???
പ്രസാദേട്ടൻ നമോ : ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ സംഘം എത്തുന്നു.
സുമേഷ് കാവിപ്പട: സംഘം ഡാ…??
സന്ദീപ് കമ്മി: ശബരിമലയിലെ യുവതീ പ്രവേശനം പ്രശ്നമല്ലെന്ന് ശ്രീധരൻ പിള്ള. വീഡിയോ കാണാം.
പ്രസാദേട്ടൻ നമോ : പിള്ളാജിക്ക് പിന്നേം തെറ്റു പറ്റിക്കാണും.
സുമേഷ് കാവിപ്പട : പിള്ളാജി ഇപ്പോൾ വീണ്ടും അത് തിരുത്തിയല്ലോ
അച്ഛൻ : ഓരോ ദിവസവും ഓരോ അഭിപ്രായമാണോ?
സുമേഷ് കാവിപ്പട : അച്ഛൻ കമ്മികളെ പോലെ സംസാരിക്കരുത്. പിണറായി സർക്കാരിന്റെ അന്ത്യം അടുത്തു.
അച്ഛൻ : കേന്ദ്ര സർക്കാറിനു ഓർഡിനൻസ് ഇറക്കിക്കൂടെ?
സുമേഷ് കാവിപ്പട: ശോഭാജി പറഞ്ഞതു കേട്ടില്ലേ, ശബരിമല കറന്റ് ലിസ്റ്റിലാണു പിണറായി സർക്കാരല്ലേ കറന്റ് നൽകുന്നത്. പിണറായി പറയാതെ മോഡിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.
പ്രിയച്ചേചി : കറന്റ് ലിസ്റ്റല്ല, കൺകറന്റ് ലിസ്റ്റ്. വെറുതെ മണ്ടത്തരം പറയരുത്.
സുമേഷ് കാവിപ്പട: ചേച്ചി ഈയിടെയായി ഫെമിനിച്ചിയാവാൻ നടക്കുകയാണോ?
കേശവൻ മാമൻ : നാളെ രാത്രി കോസ്മിക് രശ്മികൾ ഭൂമിയിലെത്തുന്നു. സംശയമുള്ളവർ ബി ബി സി വെച്ചു നോക്കു. ഇത് നാസയിൽ നിന്നുള്ള അറിയിപ്പ്.
അച്ചൻ : സുമേഷേ, ഞാൻ അമ്മയേയും പ്രിയയേയും കൊണ്ട് വനിതാ മതിലിനു പോകുന്നു. വീടിന്റെ ചാവി ഷൂ റാക്കിന്റെ അടിയിലുണ്ട്
സന്ദീപ് കമ്മി : ??
ഗായത്രി അമ്മായി: ??സെൽഫി ഇടണേ.
പ്രസാദേട്ടൻ നമോ : ഇതൊന്നും അത്ര നല്ലതിനല്ല. മതിൽ പൊളിയും.
സുമേഷ് കാവിപ്പട : അച്ഛനിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല.
അച്ഛൻ : ഒന്നു പോട അവിടുന്ന്. കുത്തിത്തിരുപ്പുണ്ടാക്കി നാടു കത്തിക്കാൻ ഞങ്ങളില്ല.
ചെറിയച്ചൻ : ബിന്ദുവും പോയിട്ടുണ്ട്. കലികാലം അത്ര തന്നെ.
കേശവൻ മാമൻ : ഭീമസേനന്റെ കൂറ്റൻ ഗദ കണ്ടെടുത്തു. ചിത്രം കാണാം.
പ്രിയച്ചേചി : ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശനം നടത്തിയെന്ന് ഏഷ്യാനെറ്റ്.
സുമേഷ് കാവിപ്പട : ഞാൻ വിശ്വസിക്കില്ല. സംഘത്തിന്റെ കാവലിൽ പിണറായിക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ജനം ടി വിയിൽ വരട്ടേ.
പ്രസാദേട്ടൻ നമോ : കുട്ടാ… ആചാര ലംഘനം നടന്നു എന്നാണു ജനം ടി വിയും പറയുന്നത്.
സുമേഷ് കാവിപ്പട : അപ്പോൾ സംഘം?
പ്രസാദേട്ടൻ നമോ : സംഘം മതിലിന്റെ പടം എടുക്കാൻ പോയിട്ടുണ്ടാവും.
സുമേഷ് കാവിപ്പട : നാളെ ഹർത്താൽ. ഞാനും ഇറങ്ങുന്നു പ്രതിഷേധിക്കാൻ. ഇനി മിണ്ടാതിരുന്നിട്ട് കാര്യമില്ല. പ്രസാദേട്ടൻ വരൂ..
അച്ഛൻ : അടിപിടി ഉണ്ടാക്കി സ്റ്റേഷനിൽ കയറിയാൽ ഇറക്കാൻ ഞാൻ വരില്ല, പറഞ്ഞേക്കാം
സുമേഷ് കാവിപ്പട : മറാത്ത വീര സിംഹം ശിവജിയുടെ പിൻ മുറക്കാരായ ഹിന്ദുക്കളാണു നമ്മൾ. അച്ഛൻ നിരീശ്വരവാദികളായ കമ്മികളുടെ കൂടെ നടക്ക്.
കേശവൻ മാമൻ : കാൻസറിനെ പ്രതിരോധിക്കാൻ ചക്ക. മരുന്നു ലോബിക്കു വേണ്ടി ഈ വാർത്ത നമ്മുടെ മാധ്യമങ്ങൾ മറച്ചു പിടിക്കുന്നു.
അച്ഛൻ :പ്രസാദേ, സുമേഷ് വിളിച്ചിരുന്നോ? രാവിലെ ഹർത്താൽ വിജയിപ്പിക്കാൻ പോയിട്ട് ഇതു വരെ വന്നില്ല.
പ്രസാദേട്ടൻ നമോ: എന്റെ ബൈക്കും എടുത്താ പോയത്. ഞാൻ വിളിച്ചിട്ട് കിട്ടിയില്ല.
സുമേഷ് കാവിപ്പട : പ്രസാദേട്ടാ, ബൈക്ക് സ്റ്റേഷനിലാണു. ഹർത്താലിനു പോയവരെ നാട്ടാരു വളഞ്ഞ് തല്ലി.ചേട്ടൻ പോയി ബൈക്ക് ഒന്നു എടുക്കുമോ? ഞാൻ കൂട്ടുകാരന്റെ വീട്ടിലുണ്ട്. പുറത്തിറങ്ങാൻ പറ്റില്ല.
പ്രസാദേട്ടൻ നമോ: പോടാ.. എന്നിട്ട് വേണം എന്നെ പിടിച്ച് അകത്തിടാൻ. ബൈക്കും കൊണ്ട് ഇങ്ങട് വന്നാൽ മതി.
സുമേഷ് കാവിപ്പട : അങ്ങനെ പറയല്ലേ പ്രസാദേട്ടാ..
അച്ഛൻ : പ്രസാദിന്റെ ബൈക്ക് കൊടുത്തിട്ട് വീട്ടിൽ കയറിയാൽ മതി. അവന്റെ ഒരു കാവിപ്പട..
കേശവൻ മാമൻ : വാട്ട്സ് അപ്പിന്റെ എറ്റവും പുതിയ ഫീച്ചർ. ഇനി നിങ്ങൾ Exit Group അടിച്ചാലും ഗൂപ്പിൽ നിന്ന് പോകില്ല.
സുമേഷ് കാവിപ്പട left the group

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here